ഹെവി വാഹനങ്ങളിലെ സീറ്റ് ബെൽറ്റ്: കാമറപ്പിഴയിൽ ഇളവ്
text_fieldsതിരുവനന്തപുരം: ബസുകളടക്കം ഹെവി വാഹനങ്ങളിലെ മുൻസീറ്റ് യാത്രികർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എ.ഐ കാമറ വഴി പിഴ ചുമത്താനുള്ള തീരുമാനത്തിൽ മോട്ടോർ വാഹന വകുപ്പ് ഇളവുവരുത്തി. പകരം മുൻസീറ്റുകളിൽ ബെൽറ്റില്ലാത്ത ഹെവി വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഫിറ്റ്നസ് ലഭിക്കില്ലെന്ന നിലയിൽ ഭേദഗതി വരുത്തി.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. ബുധനാഴ്ച മുതൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഒരു വർഷത്തേക്കാണ് സാധാരണ ഫിറ്റ്നസ് അനുവദിക്കുന്നത്. ഫലത്തിൽ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് പൂർണമായി നടപ്പാകാൻ ഇനിയും ഒരു വർഷമെടുക്കും. മാത്രമല്ല, പിഴ ചുമത്തൽ എന്നുമുതലെന്ന് തീരുമാനിച്ചിട്ടുമില്ല. സ്വകാര്യ ബസുടമകളുടെ എതിർപ്പ് പരിഗണിച്ചാണ് ഇളവ് വരുത്തിയത്. സീറ്റ് ബെൽറ്റ് തീരുമാനം പൂർണമായി പിൻവലിക്കണമെന്നും ഇത് അധിക സാമ്പത്തിക ഭാരമുണ്ടാക്കുമെന്നുമാണ് സ്വകാര്യ ബസുകളുടെ നിലപാട്.
എ.ഐ കാമറ വഴി പിടികൂടുന്ന ഗതാഗത കുറ്റങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും പിഴ ചുമത്തുന്നവയുടെ എണ്ണം കുറവാണ്. ഹെവി വാഹനങ്ങളിലെ സീറ്റ് ബെൽറ്റില്ലാത്തത് കാമറയിൽ വ്യാപകമായി പതിയുന്നതാണ് കുറ്റങ്ങളുടെ എണ്ണം കൂടാൻ കാരണമെന്ന് മോട്ടോർ വാഹനവകുപ്പ് അവകാശപ്പെട്ടിരുന്നു.
ഇവക്ക് പിഴ ഈടാക്കാൻ തീരുമാനിക്കാത്തതിനാൽ കേസെടുക്കുന്നില്ല. അതാണ് പിഴചുമത്തുന്ന കേസുകൾ കുറയാൻ കാരണമെന്നാണ് വകുപ്പ് പറഞ്ഞിരുന്നത്. നവംബർ ഒന്നുമുതൽ ഇത്തരം കുറ്റങ്ങളും കാമറ നിരീക്ഷണത്തിൽ വരുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു ഗതാഗത മന്ത്രി പറഞ്ഞത്. ഈ നിലപാടാണ് ഇപ്പോൾ ലഘൂകരിച്ചത്. സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും കാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ബുധനാഴ്ച മുതൽ നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.