എഫ് വൺ ഇതിഹാസ താരം സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു
text_fieldsബർലിൻ: ജർമൻ ഇതിഹാസ താരം സെബാസ്റ്റ്യൻ വെറ്റൽ (35) ഫോർമുല വൺ കാറോട്ട മത്സരത്തിൽ നിന്ന് വിരമിക്കുന്നു. നാല് തവണ ലോക ചാംമ്പ്യൻഷിപ്പ് നേടിയിട്ടുള്ള വെറ്റൽ ഫോർമുല വണ്ണിലെ വെറ്ററൻ താരങ്ങളിൽ ഒരാളാണ്. 2022ൽ ടീം ആസ്റ്റൺ മാർട്ടിനുമായുള്ള കരാർ അവസാനിക്കുന്നതോടെ വിരമിക്കുമെന്ന് വെറ്റൽ പറഞ്ഞു.
2007ൽ ബി.എം.ഡബ്ല്യു സേബറിലായിരുന്നു അരങ്ങേറ്റം. 2010 മുതൽ 2013 വരെയുള്ള നാല് സീസണുകളിൽ തുടർച്ചയായി ചാംപ്യനായതു റെഡ് ബുള്ളിനൊപ്പമാണ്. 15 വർഷവും 53 വിജയങ്ങളും 122 പോഡിയങ്ങളും മാറ്റുകൂട്ടുന്ന മികച്ച കരിയറാണ് വെറ്റലിന്റേത്. കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങളുടെ നിരയിൽ മൂന്നാം സ്ഥാനത്താണ് വെറ്റൽ. ഏഴ് കിരീടങ്ങൾ വീതം നേടിയ മൈക്കൽ ഷൂമാക്കറും ലൂയിസ് ഹാമിൽട്ടനുമാണ് ഒന്നാമത്. അഞ്ചു കിരീടം നേടിയ ജുവാൻ മാനുവൽ ഫാൻജിയോ രണ്ടാമതാണ്. 4 കിരീടം നേടിയ വെറ്റൽ അലൈൻ പ്രോസ്റ്റിനൊപ്പം മൂന്നാം സ്ഥാനത്തും.
ഇൻസ്റ്റാഗ്രാം പേജിൽ വിരമിക്കൽ പ്രഖ്യാപിച്ച വെറ്റൽ, വ്യക്തിജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റേസിങ്ങിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതിന്റെ പ്രധാന കാരണമെന്നും പറഞ്ഞു. കുടുംബത്തോടൊപ്പം ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. മികച്ച പിതാവും ഭർത്താവും ആകാനുള്ള എന്റെ ആഗ്രഹത്തോട് റേസിങ് ജീവിതം ചേർന്ന് പോകുന്നില്ല'-അദ്ദേഹം കുറിച്ചു.
വെറ്റലിന്റെ കരിയർ
2007 ലെ യുനൈറ്റഡ് സ്റ്റേറ്റ്സ് ജിപിയിൽ ബി.എം.ഡബ്ല്യു സോബറിനു വേണ്ടിയുള്ള മികച്ച പ്രകടനത്തിലൂടെയാണ് വെറ്റൽ തന്റെ എഫ് വൺ അരങ്ങേറ്റം നടത്തിയത്. അതേ വർഷം ടോറോ റോസോ അദ്ദേഹത്തെ ഡ്രൈവറായി തിരഞ്ഞെടുത്തു. 2008ലെ ഇറ്റാലിയൻ ജി.പി വിജയം അദ്ദേഹത്തെ ഫോമുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ റേസ് വിജയിയാക്കി. 2010ൽ 23ാം വയസിൽ ഫോർമുല വൺ ചാംപ്യനായ അദ്ദേഹം പ്രായം കുറഞ്ഞ ജേതാവുമായി.
2010-2013 കാലഘട്ടത്തിൽ റെഡ് ബുൾ റേസിങിലൂടെ നാല് ടൈറ്റിലുകൾ അദ്ദേഹം സ്വന്തമാക്കി. 2015 മുതൽ 2020 വരെ ഫെരാരിയിലായിരുന്നു അദ്ദേഹം. 2017ലും 2018ലും കിരീടത്തിനായി മികച്ച പോരാട്ടമാണ് വെറ്റൽ നടത്തിയത്. 2021ൽ ആസ്റ്റൺ മാർട്ടിനിലേക്ക് മാറി.15 വർഷത്തെ കരിയറിൽ 53 വിജയങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ഗ്രാൻഡ്പ്രീ ജേതാക്കളുടെ പട്ടികയിൽ ലൂയിസ് ഹാമിൽട്ടൺ (103), മൈക്കൽ ഷൂമാക്കർ (91) എന്നിവർക്ക് പിന്നിൽ മൂന്നാമതാണ് വെറ്റൽ.
'അടുത്ത വർഷവും സെബാസ്റ്റ്യൻ ഞങ്ങളോടൊപ്പം റേസിങ് തുടരണമെന്ന് ടീം ആഗ്രഹിച്ചിരുന്നുവെങ്കിലും തനിക്കും കുടുംബത്തിനും അനുയോജ്യമെന്ന് തോന്നുന്നത് അദ്ദേഹം ചെയ്തു. തീർച്ചയായും ഞങ്ങൾ അതിനെ മാനിക്കുന്നു'-ആസ്റ്റൺ മാർട്ടിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ലോറൻസ് സ്‌ട്രോൾ പറയുന്നു. 'ഫോർമുല വണ്ണിലെ എക്കാലത്തെയും മികച്ച ഡ്രൈവർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്'-ലോറൻസ് സ്‌ട്രോൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.