സ്‌കോഡ മിനി എസ്.യു.വി കുശാക്, ചക്രവർത്തിക്കായി കളമൊരുങ്ങട്ടെ
text_fieldsലോകത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന കാർ എന്ന വിശേഷണവുമായി കുശാക് പ്രോട്ടോടൈപ്പ് ടെസ്റ്റ്ഡ്രൈവിനെത്തിച്ച് സ്‌കോഡ. കുശാക് എന്നാൽ ചക്രവത്തി എന്നാണ് അർഥമെന്നാണ് സ്‌കോഡ പറയുന്നത്. സംസ്കൃതത്തിലാണീ വാക്കിന്‍റെ വേരുകൾ കിടക്കുന്നത്. പേരും വിശേഷണങ്ങളും എന്തായാലും വർധിച്ച ആത്മവിശ്വാസത്തിലാണ് സ്‌കോഡ തങ്ങളുടെ ചെറു എസ്.യു.വി മോഡൽ വിപണിക്കായി ഒരുക്കുന്നത്.
2020 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഏറെപ്പേരെ ആകർഷിച്ച സ്‌കോഡ വിഷൻ ഇൻ കൺസെപ്റ്റ് മോഡലാണ് കുശാക് എന്ന പേരിൽ എത്തുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നീ അതികായന്മാരോടാണ് കുശാക് വിപണിയിൽ മത്സരിക്കുന്നത്. മോഡലിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവച്ച കമ്പനി മാർച്ചിൽ കുശാക് ഇന്ത്യയിൽ അതിന്‍റെ ലോകതലത്തിലെ അരങ്ങേറ്റം കുറിക്കുമെന്നാണ് പറയുന്നത്. നിലവിൽ വാഹനത്തിന്‍റെ പ്രോേട്ടാടൈപ്പ് മാത്രമാണ് തയ്യാറായിരിക്കുന്നത്. എങ്കിലും എഞ്ചിനും ഗിയർബോക്സും വിവിധ ഓപ്ഷനുകളും ഫീച്ചറുകളുമൊക്കെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
എംക്യുബി-ഇൻ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായ സ്‌കോഡ കുശാകിന് 2651 മില്ലിമീറ്റർ വീൽബേസ് ഉണ്ടായിരിക്കും. ഉയർന്ന വകഭേദങ്ങളിൽ ഹെഡ്ലൈറ്റുകളും ഡേടൈം റണ്ണിങ് ലൈറ്റുകളും (ഡിആർഎൽ), ടെയിൽ, ബ്രേക്ക് ലൈറ്റുകളുമെല്ലാം എൽ.ഇ.ഡി ആയിരിക്കും. 12.3 ഇഞ്ച് സെൻട്രൽ ടച്ച് സ്‌ക്രീനോടുകൂടിയ ആധുനിക ഇൻഫോടെയ്ൻമെന്‍റ് സംവിധാനങ്ങളോടൊപ്പം മൈ സ്‌കോഡ കണക്റ്റ് ടെകും ലഭിക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ആംബിയന്‍റ് ലൈറ്റിങ് എന്നിവയാണ് മറ്റ് സവിശേഷതകൾ.
ആറ് എയർബാഗുകൾ (ഓപ്ഷണൽ ഫ്രണ്ട് സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ) പോലുള്ള സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. എല്ലാ ട്രിമ്മുകളിലും ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം (ഇഎസ്‌സി) ലഭ്യമാണ്. ഹിൽ-ഹോൾഡ് കൺട്രോൾ, ക്രൂസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ എന്നിവയും മികച്ച വേരിയന്‍റുകളിൽ ലഭ്യമാണ്. പെട്രോൾ എഞ്ചിൻ മാത്രമാണ് വാഹനത്തിന് ലഭ്യമാവുക.
പോളോയിലും റാപ്പിഡിലും കാണപ്പെടുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടിഎസ്ഐ, കരോക്കിൽ കാണുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിനുകളാണ് കുശാകിന് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, ഏഴ് സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷൻ എന്നിവയുൾപ്പെടെ മൂന്ന് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.