രാജ്യത്ത് അരങ്ങേറി സ്ലാവിയ; 1.0 ടി.എസ്. ഐ വകഭേദത്തിന് വില 10.69 ലക്ഷം മുതൽ
text_fieldsസ്കോഡയുടെ സെഡൻ മോഡലായ സ്ലാവിയ രാജ്യത്ത് അവതരിപ്പിച്ചു. തൽക്കാലം 1.0 ലിറ്റർ ടി.എസ്.ഐ വകഭേദത്തിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10.69 മുതൽ 15.39 ലക്ഷംവരെയാണ് വില (എക്സ് ഷോറൂം) വരുന്നത്. ആക്ടീവ്, ആംപിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് സ്ലാവിയ എത്തുന്നത്. കൂടുതൽ കരുത്തുള്ള 1.5ലിറ്റർ മോഡലിന്റെ വില മാർച്ച് മൂന്നിന് പ്രഖ്യാപിക്കും. നിരവധി സാങ്കേതിക, സുരക്ഷാ സംവിധാനങ്ങളുമായെത്തുന്ന സ്ലാവിയയ്ക്ക് 115 എച്ച് പി കരുത്തും ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിനുമാണുള്ളത്.
സിയാസിനേക്കാൾ വലുപ്പം, സിറ്റിയേക്കാൾ ആഡംബരം
മധ്യവർഗ സെഡാൻ വിഭാഗത്തിലാണ് സ്ലാവിയ ഉൾപ്പെടുന്നത്. റാപ്പിഡ് എന്ന ബ്രാൻഡിനെ മുന്നോട്ടുകൊണ്ടുപോകലല്ല സ്ലാവിയയിലൂടെ സ്‌കോഡ ലക്ഷ്യമിടുന്നത്. പകരം ഇന്ത്യൻ വിപണിയിൽ പുതിയ മിഡ്സൈസ് സെഡാനെ അവതരിപ്പിക്കുകയാണ് കമ്പനി. സിറ്റി, സിയാസ്, വെർന എന്നിവർക്ക് ചേർന്ന എതിരാളിയാകാൻ വലുതും മികച്ചതുമായ സജ്ജീകരണങ്ങളാണ് സ്ലാവിയയിൽ ഉള്ളത്. നീളം, വീതി, ഉയരം, വീൽബേസ് എന്നിവയിലെല്ലാം സ്ലാവിയ നേരിട്ടുള്ള എതിരാളിയായ സിയാസിനേക്കാൾ മുന്നിലാണ്.
521 ലിറ്ററുമായി ബൂട്ട് സ്പെയ്സിലും സ്ലാവിയ മധ്യനിര സെഡാനുകളിൽ ഏറ്റവും മുന്നിലാണ്. പണ്ട് സണ്ണിക്കായി നിസാൻ അവതരിപ്പിച്ച പരസ്യവാചകമായ 'ഇത് വെറും കാറല്ല, ഇതാണ് കാാാർ'എന്നതാണ് സ്ലാവിയക്കും ചേരുക. ഇന്ത്യയ്‌ക്കുവേണ്ടി നിർമ്മിച്ച എം.ക്യൂ.ബി എ 0 ഇൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ നിർമിച്ചിരിക്കുന്നത്. കുഷക്, ടൈഗൂൺ എന്നിവയിലും ഇതോ പ്ലാറ്റ്ഫോം തെന്നയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ലാവിയയ്ക്ക് 1.0-ലിറ്റർ, 1.5-ലിറ്റർ ടി.എസ്.െഎ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.വരാനിരിക്കുന്ന ഫോക്സ്വാഗൻ വിർച്ചസ് സെഡാൻ സ്ലാവിയയുടെ ഇരട്ടസഹോദരൻ ആയിരിക്കും.
അഴകളവുകൾ
മറ്റ് സ്‌കോഡ കാറുകളിൽ കാണുന്നതുപോലെ മെലിഞ്ഞ ഹെഡ്‌ലാമ്പുകളും മൂർച്ചയുള്ള ബോഡി ലൈനുകളുമുള്ള ഫാമിലി ഡിസൈനാണ് വാഹനത്തിന്. അൽപ്പം തടിച്ച് സിയാസിനോട് സാമ്യമുള്ള വാഹനമാണിത്. ഫ്ലോട്ടിങ് സെൻട്രൽ ടച്ച്‌സ്‌ക്രീനും രണ്ട് സ്‌പോക് സ്റ്റിയറിങ് വീലും ഉള്ള പുതിയ കുഷാക്കിന് അനുസൃതമായാണ് ഇൻറീരിയർ ഡിസൈൻ. അളവുകളിലേക്ക് വരുമ്പോൾ, പുതിയ സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവും ഉണ്ടാകും. റാപ്പിഡുമായി താരതമ്യപ്പെടുത്തിയാൽ, പുതിയ സ്ലാവിയയ്ക്ക് 128 എംഎം നീളവും 53 എംഎം വീതിയും 21 എംഎം ഉയരവും കൂടുതലുണ്ട്. വീൽബേസും റാപ്പിഡിനേക്കാൾ 99 എംഎം വർധിച്ചു. 2,651 എംഎം വീൽബേസ് മാരുതി സിയാസിന് സമാനമാണ്.വീൽബേസ് ലെഗ്റൂമായും അധിക വീതി ക്യാബിൻ സ്പേസായും അനുഭവപ്പെടും.
എഞ്ചിൻ
സ്കോഡയിൽ പരിചിതമായ ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് വാഹനം പ്രവർത്തിക്കുന്നത്. കുഷകിലെ എം.ക്യു.ബി എ സിറോ ഇൻപ്ലാറ്റ്‌ഫോമിനുപുറമെ, ടി.എസ്.െഎ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും സ്ലാവിയയിൽ അവതരിപ്പിക്കും. ആദ്യത്തേത് 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ TSI പെട്രോൾ എഞ്ചിനാണ് (EA211 കുടുംബത്തിൽ നിന്നുള്ളത്). ഇൗ എഞ്ചിൻ 115hp കരുത്ത് സൃഷ്ടിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ്. 150 എച്ച്‌പി കരുത്തും ആരോഗ്യകരമായ 250 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ ടിഎസ്‌ഐ മോട്ടോർ ആയിരിക്കും വലിയ എഞ്ചിൻ ഓപ്ഷൻ. ഈ മോഡൽ ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരും.
മികച്ച ഫീച്ചറുകളും സുരക്ഷയും
കുഷകിനെ അപേക്ഷിച്ച് സ്ലാവിയയ്ക്ക് പുതിയ സസ്പെൻഷൻ സജ്ജീകരണം ലഭിക്കും. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കണക്‌റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആറ് സ്പീക്കറുകളുള്ള ഹൈ-സ്പെക്ക് ഓഡിയോ സിസ്റ്റം, സബ്-വൂഫർ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ എന്നിങ്ങനെ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും വാഹനം. ആറ് എയർബാഗുകൾ, മൾട്ടി-കൊളിഷൻ ബ്രേക്ക്, ക്രൂസ് കൺട്രോൾ, റിയർ പാർക്കിങ് ക്യാമറ എന്നിവ സുരക്ഷക്കായി നൽകിയിട്ടുണ്ട്. അപകടമുണ്ടായാൽ കാൽനടയാത്രക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുമെന്നും സൈഡ് പോൾ, പിൻ ആഘാതങ്ങൾ എന്നിവ മികച്ചതായിരിക്കുമെന്നും സ്‌കോഡ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.