പുതിയ വാഹന ബ്രാൻഡിന് പേരിട്ട് സോണി-ഹോണ്ട മൊബിലിറ്റി; 'അഫീല' ഇ.വിയിൽ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഡിജിറ്റല്‍ ഷാസിയും
text_fieldsജാപ്പനീസ് മൾട്ടിനാഷനൽ കമ്പനികളായ ഹോണ്ടയും സോണിയും കൈകോർക്കുന്ന വാഹന ബ്രാൻഡിന് പേരിട്ടു. സോണി ഹോണ്ട മൊബിലിറ്റി എന്നറിയപ്പെട്ടിരുന്ന കൂട്ടായ്മയുടെ പുതിയ പേര് 'അഫീല' എന്നാണ്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സി.ഇ.എസ്) അഫീല ബ്രാൻഡിലെ ആദ്യ ഇ.വിയായ വിഷൻ എസ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു.
അഫീല എന്നത് ആളുകളും മൊബിലിറ്റിയും തമ്മിലുള്ളഒരു പുതിയ ബന്ധത്തെ പ്രതിനിധീകരിക്കുന്നതായി സോണി-ഹോണ്ട മൊബിലിറ്റി ചീഫ് എക്‌സിക്യൂട്ടീവ് യാസുഹിദെ മിസുനോ പറഞ്ഞു. അഫീല ഇ.വി പ്രോട്ടോടൈപ്പ് ഏറെ സവിശേഷതകൾ ഉള്ളതാണ്. നാല് ഡോറുകളുള്ള ഫാസ്റ്റ്ബാക്ക് സെഡാനാണ് പുതിയ വാഹനം.
സ്ലീക്ക് റൂഫ്ലൈന്‍, ഡിജിറ്റല്‍ മിററുകള്‍, കറുപ്പ് നിറത്തില്‍ പൂര്‍ത്തിയാക്കിയ എയറോഡൈനാമിക് 21 ഇഞ്ച് വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കാറിന് 4,895 എംഎം നീളവും 1,900 എംഎം വീതിയും 1,460 എംഎം ഉയരവുമുണ്ട്. ഹ്യുണ്ടായി അയോണിക് 6 ഇ.വിക്ക് സമാനമാണ് വലുപ്പം. ഡാഷ്ബോര്‍ഡില്‍ പനോരമിക് ഡിജിറ്റല്‍ സ്‌ക്രീന്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറിനുള്ളില്‍ പ്ലേ സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്. ടെസ്‌ലയെ പോലെ പല ഫീച്ചറുകളും അധികം പണം നല്‍കി ലഭ്യമാവുന്ന രീതിയാണ് കാറിലുണ്ടാവുക.
വലിയ പനോരമിക് സണ്‍റൂഫും ലഭിക്കും. അഞ്ചുപേർക്ക് സഞ്ചരിക്കാവുന്ന വാഹനമാണിത്. ഓരോ സീറ്റിന്റെയും പിന്‍ഭാഗത്ത് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചിരിക്കുന്നു. ടച്ച്പാഡുകളും ബട്ടണുകളും ഉള്‍ക്കൊള്ളുന്ന യോക് സ്റ്റിയറിങ് വീലും അഫീല ഇവി പ്രോട്ടോടൈപ്പില്‍ കാണാം. പ്രോട്ടോടൈപ്പിനായുള്ള പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. എന്നിരുന്നാലും മുന്‍വശത്ത് ഡബിള്‍-വിഷ്‌ബോണ്‍ സസ്‌പെന്‍ഷനും പിന്നില്‍ മള്‍ട്ടി-ലിങ്ക് സസ്‌പെന്‍ഷനും ഓള്‍-വീല്‍ ഡ്രൈവും ഫീച്ചര്‍ ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രൊഡക്ഷന്‍ മോഡലില്‍ ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ ഡിജിറ്റല്‍ ഷാസി സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും സോണി- ഹോണ്ട മൊബിലിറ്റി വ്യക്തമാക്കി. ഇത് ഡ്രൈവര്‍മാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും മെച്ചപ്പെടുത്തിയ പേഴ്‌സണലൈസേഷനും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിക്കാൻ അവസരം നല്‍കുന്നു. കൂടാതെ, വാഹനത്തിന് സെക്കന്‍ഡില്‍ 800 ട്രില്യണ്‍ ഓപ്പറേഷനുകള്‍ വരെ പ്രോസസ്സ് ചെയ്യാന്‍ കഴിയും. ലെവല്‍ 3 ഓട്ടോമേറ്റഡ് ഡ്രൈവിങ് സിസ്റ്റമാണ് വാഹനത്തിൽ. ഇതിനായി 45 കാമറകളും സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്.
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ഓടാനാവുന്ന 100kWh ശേഷിയുള്ള ബാറ്ററിയാവും അഫീലയുടെ ഇലക്ട്രിക് കാറിനുണ്ടാവുക. ഹൈ ടെക് സെന്‍സറുകള്‍, ക്യാമറകള്‍, ലിഡാര്‍ സെന്‍സറുകള്‍, റഡാറുകള്‍ എന്നിവയെല്ലാം കാറിന്റെ പ്രധാന ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സെമി ഓട്ടോണമസ് ഡ്രൈവിങിനും ഭാവിയില്‍ പൂര്‍ണമായും ഡ്രൈവറില്ലാ വാഹനമായി മാറാനും വിഷന്‍ എസിന് സാധിച്ചേക്കും.
2026-ന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര വിപണികളില്‍ ഡെലിവറികള്‍ ആരംഭിച്ചേക്കും. 2026 മുതല്‍ ഈ കാര്‍ വടക്കേ അമേരിക്കന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കാനാണ് സോണി ഹോണ്ട മൊബിലിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇവിയുടെ ഓണ്‍ലൈന്‍ വില്‍പ്പനക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കുക. ഈ കാറുകള്‍ അമേരിക്കയിലേക്കും പിന്നീട് ഹോണ്ടയുടെ സ്വന്തം രാജ്യമായ ജപ്പാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും അവിടെ ഡിമന്‍ഡുണ്ടായാല്‍ വില്‍പ്പന തുടരാനുമാണ് തീരുമാനം. അമേരിക്കയില്‍ ഹോണ്ടയുടെ ഉടമസ്ഥതയിലുള്ള 12 കാര്‍ നിര്‍മാണ ഫാക്ടറികളില്‍ ഏതിലെങ്കിലും ഒന്നിലായിരിക്കും അഫീല കാറുകളുടെ നിര്‍മാണം. ഏകദേശം ഒരു ലക്ഷം ഡോളര്‍(82 ലക്ഷം രൂപ) ആയിരിക്കും അഫീല വിഷന്‍ എസിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.