രണ്ട് ജാപ്പനീസ് ഭീമന്മാർ ഒന്നിക്കുന്നു; ആദ്യ ഇ.വിയുമായി സോണി-ഹോണ്ട മൊബിലിറ്റി
text_fieldsലോകത്തിന്റെ ടെക്നോളജി നിയന്ത്രിക്കുന്ന കമ്പനികളിലധികവും ജാപ്പനീസ് ആണെന്നത് സുവിദിതമാണല്ലോ. ലോക ജനസംഘ്യയിൽ 30 ശതമാനത്തിന്റേയും മൊബിലിറ്റിയെ സാധ്യമാക്കുന്ന കമ്പനികളും വരുന്നത് ഉദയസൂര്യന്റെ നാട്ടിൽനിന്നുതന്നെ. ലോകത്തിൽ ഏറ്റവും കൂടുതൽ വാഹനം നിർമിക്കുന്ന ടൊയോട്ട, ഇന്ത്യക്കാരുടെ ജീവിതങ്ങളെ ചലിപ്പിക്കുന്ന സുസുകി, ടെക് ഭീമനായ സോണി, ഇരുചക്ര വാഹനങ്ങളുടെ കുത്തകയുള്ള ഹോണ്ട എന്നിവയെല്ലാം ഇത്തരം കമ്പനികളിൽ ചിലതാണ്.
മറ്റ് രാജ്യങ്ങളിലെ കോർപ്പറേറ്റുകളെപ്പോലെ പരസ്പരം പോരടിക്കുന്ന കമ്പനികളല്ല ജപ്പാനിലുള്ളത്. പൊതുനന്മക്കായി അവർ പരസ്പരം സഹകരിക്കാറുമുണ്ട്. സുസുകിയും ടൊയോട്ടയും ഇതിനൊരു ഉദാഹരണമാണ്. അവരുടെ സഹകരണത്തിന്റെ ഫലമായാണ് ഇന്ത്യയിൽ ഉൾപ്പടെ വാഹനങ്ങൾ പരസ്പരം കൈമാറി വിൽക്കുന്നത്. ഇതിന് സമാനമായ മറ്റൊരു സഹകരണമാണ് സോണിയും ഹോണ്ടയും തമ്മിൽ ഇപ്പോൾ നടക്കുന്നത്. ഇരു കമ്പനികളും ചേർന്ന് പുതിയൊരു ഇലക്ട്രിക് കാർ നിർമിച്ചിരിക്കുകയാണ്. പുതിയ ഇ.വിയുടെ ടീസർ സോണി-ഹോണ്ട മൊബിലിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
2023 ജനുവരി നാലിന് അമേരിക്കയിലെ ലാസ്വേഗസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (സി.ഇ.എസ്) സോണി ഹോണ്ട മൊബിലിറ്റിയുടെ ആദ്യ ഇ.വി അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനുമുന്നോടിയായാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്.അമേരിക്കയിൽ ആദ്യം വാഹനം വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജപ്പാനായിരിക്കും രണ്ടാമത്തെ വിപണി. പിന്നീട് യൂറോപ്പിലേക്കും വാഹനം എത്തിക്കും. 2026ൽ വാഹനത്തിന്റെ മാസ് പ്രൊഡക്ഷൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനത്തിന്റെ വിശദാംശങ്ങൾ ഏറെയൊന്നും പുറത്തുവന്നിട്ടില്ല. പക്ഷെ സാങ്കേതിക വിദ്യയിൽ ഏറ്റവും മികച്ച വാഹനമായിരിക്കും ഇതെന്നാണ് സൂചന. ലെവൽ 3 ഓട്ടോണമസ് ഡ്രൈവിങ് ഫീച്ചറുകളുള്ള വാഹനമാണ് അണിയറയിൽ ഒരുങ്ങുന്നത്. കാർ ഇൻഫോടെയ്ൻമെന്റിൽ പ്ലേസ്റ്റേഷൻ 5 ന്റെ പൂർണ്ണ പതിപ്പ് ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രീമിയം ഇ.വി സെഗ്‌മെന്റിലാവും വാഹനം വരിക. ആഡംബര ഇലക്ട്രിക് വാഹനങ്ങളോടാവും ഇവ മത്സരിക്കുക. അതിനനുസരിച്ച് വാഹനത്തിന്റെ വിലയും ഉയരും.
ഇ.വികൾക്കുള്ളിൽ സോഫ്റ്റ്‌വെയർ സംവിധാനം ലഭ്യമാക്കുന്നത് സോണത്‍യാണ്. ക്ലൗഡ് അധിഷ്‌ഠിത സേവനങ്ങളുടെയും ഇൻ-കാബിൻ വിനോദ ഓപ്ഷനുകളുടെയും ഉത്തരവാദിത്തവും സോണിക്കായിരിക്കും. സോണിയുമായുള്ള സംയുക്ത സംരംഭത്തിൽ ഹോണ്ട അവരുടെ വാഹന നിർമ്മാണ വൈദഗ്ധ്യവും എഞ്ചിനീയറിങ് കഴിവുകളും സംഭാവന ചെയ്യും.
വിൽപ്പനാനന്തര സേവനങ്ങളുടെ ഉത്തരവാദിത്തം ഹോണ്ടയോ സോണി ഹോണ്ട മൊബിലിറ്റി (എസ്എച്ച്എം) ഒരുമിച്ചോ ആണോ നിർവ്വഹിക്കുക എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംയുക്ത സംരംഭം നിർമ്മിക്കുന്ന ആദ്യ കാറിന്റെ ബുക്കിങ് 2025 ന്റെ ആദ്യ പകുതിയിൽ ലഭ്യമാകുമെന്ന് സോണി ഹോണ്ട മൊബിലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.