വൈദ്യുത വാഹനങ്ങൾ നിർമിക്കാനൊരുങ്ങി സോണിയും; കൺസപ്ട് മോഡലുകൾ അവതരിപ്പിച്ചു
text_fieldsജാപ്പനീസ് ഇലക്ട്രോണിക് ഭീമൻ, സോണി വാഹന നിർമാണ രംഗത്തേക്ക് കടക്കുന്നു. സോണി മൊബിലിറ്റി എന്ന പേരിൽ ഇതിനായി കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (സി.ഇ.എസ്) വാഹനങ്ങളുടെ കൺസപ്ടുകളും സോണി അവതരിപ്പിച്ചു. വിഷൻ എസ് സലൂൺ, വിഷൻ എസ് 02 എസ്.യു.വി എന്നിവയാണ് കമ്പനി അവതരിപ്പിച്ച മോഡലുകൾ. വരും മാസങ്ങളിൽ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷൻ-എസ് 02 ന് 5 മീറ്ററിൽ താഴെ നീളവും 2 മീറ്റർ വീതിയും ഉണ്ട്. വീഡിയോ ഗെയിമുകൾ കളിക്കാൻ എസ്‌യുവിയുടെ സ്‌ക്രീനുകൾ സോണി പ്ലേസ്റ്റേഷനുമായി ബന്ധിപ്പിക്കാം.
തുടക്കം 2020 മുതൽ
സോണി 2020-ൽതന്നെ വിഷൻ-എസ് ഇലക്ട്രിക് സലൂൺ അവതരിപ്പിച്ചിരുന്നു. ഓട്ടോണമസ് ഡ്രൈവിങ്, വിനോദ സംവിധാനങ്ങൾ എന്നിവയെല്ലാം അന്നും ഉണ്ടായിരുന്നു. പക്ഷേ, ഒരു വർഷത്തിനുശേഷവും, റോഡ്-ലീഗൽ പ്രോട്ടോടൈപ്പ് ഉപയോഗിച്ച് പരീക്ഷണങ്ങൾ ആരംഭിച്ചിട്ടും, വാഹനം പുറത്തിറക്കിയിരുന്നില്ല.
കാത്തിരിപ്പ് അവസാനിപ്പിച്ച് സോണി മൊബിലിറ്റി എന്ന പേരിൽ പുതിയ ഓപ്പറേറ്റിങ് കമ്പനി മാർച്ച്-മെയ് മാസത്തിൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അതിലൂടെ ഇ.വി വിപണിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. സോണി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), റോബോട്ടിക്‌സ് സാങ്കേതികവിദ്യകൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് കമ്പനിയുടെ ബിസിനസ്സ് മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ സോണിയുടെ ഓഹരി വില 4.5 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്.
സോണി വിഷൻ-എസ്
ഗതാഗത മേഖലയിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി, സോണി വിഷൻ-എസ് എന്ന് വിളിക്കുന്ന പദ്ധതി സോണി നേരത്തേ ആരംഭിച്ചിരുന്നു. പുതിയ സെവൻ സീറ്റർ വാഹനം അതിന്റെ സലൂൺ സഹോദരന്റെ അതേ പ്ലാറ്റ്‌ഫോമും കണക്റ്റിവിറ്റി സാങ്കേതികവിദ്യയുമാണ് ഉപയോഗിക്കുന്നത്. ഓരോ ആക്‌സിലിലും 272 എച്ച്‌പി ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തുപകരുന്നത്.
എസ്‌യുവിക്ക് 180 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കുന്നതിനപ്പുറം പ്രകടന കണക്കുകൾ സോണി പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ ബാറ്ററി ശേഷിയും കമ്പനി വിശദമാക്കിയിട്ടില്ല. ഏഴ് സീറ്റുകളുള്ള എസ്‌യുവിക്ക് 4,895 എംഎം നീളവും 1,930 എംഎം വീതിയും 1,651 എംഎം ഉയരവുമുണ്ട്. ഇത് ടെസ്‌ല മോഡൽ വൈ ക്രോസ്ഓവറിന് തുല്യമാണ്.
പുതിയ വാഹനവും പ്രൊഡക്ഷൻ-റെഡി രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.ത്രീഡി ഓഡിയോ അനുഭവം സൃഷ്ടിക്കുന്നതിനായി സീറ്റുകളിൽ സ്പീക്കറുകളും സ്ഥാപിച്ചിട്ടുണ്ട്. പനോരമിക് ഇൻഫോടെയ്ൻമെന്റ് ഇന്റർഫേസും വ്യക്തിഗത റിയർ ഡിസ്‌പ്ലേകളും വീഡിയോ പ്ലേബാക്കിനും സോണി പ്ലേസ്റ്റേഷൻ ഗെയിമിംഗ് കൺസോളിലേക്കുള്ള റിമോട്ട് കണക്ഷൻ വഴി വീഡിയോ ഗെയിമുകൾ കളിക്കുന്നതിനും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.