സുസുക്കിയുടെ കൊടുങ്കാറ്റ്, ഹയാബുസ ഇന്ത്യൻ നിരത്തിൽ; വില 16.4 ലക്ഷം
text_fieldsസുസുക്കിയുടെ കൊടുങ്കാറ്റെന്ന് അറിയപ്പെടുന്ന ഹയാബുസ പരിഷ്കരിച്ച് നിരത്തിലെത്തിച്ചു. കരുത്തനായ ഈ ബൈക്കിന്‍റെ ഇന്ത്യയിലെ വില 16.4 ലക്ഷം രൂപയാണ്. 2021 ഹയാബൂസയുടെ ഭാരം രണ്ട് കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. 1,340 സിസി, നാല് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. കഴിഞ്ഞ തലമുറ വാഹനത്തിൽ കാണപ്പെട്ടിരുന്ന എഞ്ചിൻ തന്നെയാണിത്. എന്നാൽ നിരവധി മാറ്റങ്ങൾ എഞ്ചിനിൽ സുസുക്കി വരുത്തിയിട്ടുണ്ട്.
ഭാരം കുറഞ്ഞ പിസ്റ്റണുകൾ, പുതിയ കണക്റ്റിങ് റോഡുകൾ, ഫ്യൂവൽ ഇൻജക്ടറുകൾ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. കണക്കുകളിൽ പവർ, ടോർക്ക് എന്നിവ കുറഞ്ഞിട്ടുണ്ട്. നേരത്തേ 197 എച്ച്പിയായിരുന്നു കരുത്ത്. ഇത് 190 എച്ച്പി ആയി കുറഞ്ഞു. 150 എൻഎം ടോർക്കും ലേശം കുറഞ്ഞിട്ടുണ്ട്. എങ്കിലും ടോർക്ക് ഡെലിവറി കൂടുതൽ ശക്തമാണെന്നും എക്കാലത്തെയും മികച്ച ഹയാബൂസയാണ് നിലവിലത്തേതെന്നുമാണ് സുസുക്കിയുടെ അവകാശവാദം.
ഇരട്ട-സ്പാർ അലുമിനിയം ഫ്രെയിം ആണ് പുതിയ ഹയാബുസ ഉപയോഗിക്കുന്നത്. പഴയ മോഡലിന് സമാനമായ വീൽബേസ് (1,480 മിമി) നിലനിർത്തിയിട്ടുണ്ട്. പുത്തൻ എക്‌സ്‌ഹോസ്റ്റ് സംവിധാനം കാരണം വാഹന ഭാരം രണ്ട് കിലോ കുറഞ്ഞ് 264 കിലോഗ്രാമിലെത്തി. പരിഷ്കരിച്ച ഷോവ യൂനിറ്റുകളാണ് സസ്പെൻഷൻ ജോലികൾ നിർവഹിക്കുന്നത്. പ്രധാനപ്പെട്ടതും വാഹനപ്രേമികൾ ആവശ്യെപ്പടുന്നതുമായ മാറ്റം ബ്രേക്കിങ് ഡിപ്പാർട്ട്‌മെന്റിലാണ്. ബ്രെംബോയുടെ ഏറെ പ്രശംസ നേടിയ സ്റ്റൈലമ കാലിപ്പറുകളാണ് മുന്നിലെ ബ്രേക്കിങ് ഡ്യൂട്ടികൾ നിർവഹിക്കുന്നത്. ശ്രദ്ധേയമായ ബ്രിഡ്‌ജ്‌സ്റ്റോൺ ബാറ്റ്‌ലക്‌സ് എസ് 22 ടയറുകളും മികച്ചതാണ്.
ബുസയുടെ ഇലക്ട്രോണിക്സും പരിഷ്കരിച്ചിട്ടുണ്ട്. പുതിയ ആറ്-ആക്സിസ് ഐഎംയു ഉപയോഗിച്ച് 2021 മോഡലിന് 10 ലെവൽ ട്രാക്ഷൻ കൺട്രോൾ, 10 ലെവൽ ആന്‍റി വീലി കൺട്രോൾ, മൂന്ന് ലെവൽ എഞ്ചിൻ ബ്രേക്ക് കൺട്രോൾ, മൂന്ന് പവർ മോഡുകൾ, ലോഞ്ച് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കോർണറിങ് എബിഎസ്, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ ലഭിക്കുന്നു. എൽഇഡി ഹെഡ്ലൈറ്റുകളാണ്. വലിയ ഡാഷ്‌ബോർഡിന്റെ അനലോഗ് നിലനിൽക്കുമ്പോൾ തന്നെ, ഒന്നിലധികം മെനുകൾ നാവിഗേറ്റുചെയ്യുന്നതിന് റൈഡറിന് മധ്യത്തിൽ ഒരു പുതിയ ടിഎഫ്ടി ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.