മറ്റേത് പ്രോ, ഇത് ലൈറ്റ്, ജിംനിക്ക് പുതിയൊരു പതിപ്പുമായി സുസുക്കി
text_fieldsഇന്ത്യൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് സുസുക്കി ജിംനി. ഇനിയും ഇൗ എസ്.യു.വിയെ ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കാൻ സുസുക്കി തയ്യാറായിട്ടില്ല. ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന വാഹനംകൂടിയാണിത്. അതിനിടെയാണ് ജിംനിയുടെ പുതിയൊരു പതിപ്പ് പുറത്തിറക്കാൻ സുസുക്കി തീരുമാനിച്ചിരിക്കുന്നത്. ജിംനി ലൈറ്റ് എന്നാണ് പുതിയ വാഹനത്തിെൻറ പേര്. ജിംനിയുടെ വിലകുറഞ്ഞ പതിപ്പാണിതെന്ന് പറയാം. വാഹനം ആദ്യം ജപ്പാനിൽ നിർമിച്ച് ഓസ്‌ട്രേലിയയിൽ വിൽക്കാനാണ് നീക്കം നടക്കുന്നത്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് വാഹനം നിരത്തിലെത്തുക.
എന്താണ് വ്യത്യസ്തത?
ആഗോളതലത്തിൽ വിൽക്കുന്ന ജിംനി സിയേറയിൽനിന്ന് ചില സവിശേഷതകളും ആഡംബരങ്ങളും ഒഴിവാക്കിയാണ് ജിംനി ലൈറ്റ് വരുന്നത്. ജിംനി ലൈറ്റിൽ അലോയ് വീലുകളിൽ ലഭ്യമാകില്ല. പകരം കറുത്ത സ്റ്റീൽ വീലുകൾ ലഭിക്കും. സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും ഒഴിവാക്കും. പക്ഷേ മാരുതി സുസുക്കി മിഡ്-സ്പെക്കിൽ കാണുന്നതുപോലെയുള്ള 2-ഡിൻ ഓഡിയോ സിസ്റ്റം ഉൾപ്പെടുത്തും. ഫോഗ് ലാമ്പുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയും ലൈറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെക്കാനിക്കൽ മാറ്റങ്ങളൊന്നും വാഹനത്തിന് ഉണ്ടാകില്ല.
സാധാരണ ജിംനിയിൽ കാണുന്ന 102 എച്ച്പി 1.5 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും ലൈറ്റിനും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഒന്നുതന്നെയാണ്. എസ്‌യുവിയുടെ വിലയേറിയ പതിപ്പുകൾ പോലെ സ്റ്റാൻഡേർഡ് ഫോർ വീൽ ഡ്രൈവ് ഗിയറും ഇതിലുണ്ട്. രണ്ട് ഡോർ വാഹനമായാകും ഇവ നിരത്തിലെത്തുക. ഓസ്‌ട്രേലിയയിൽ ഓഗസ്റ്റിൽ ജിംനി ലൈറ്റ് വിൽപ്പനയ്‌ക്കെത്തും. മാരുതി സുസുക്കി ഇതിനകം തന്നെ ജിംനി സിയേറ ഇന്ത്യയിൽ നിർമിക്കുകയും ഒന്നിലധികം അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ജിംനിയുടെ അഞ്ച് വാതിലുകളുള്ള ഫെയ്സ്ലിഫ്റ്റ് പതിപ്പ് സമീപ ഭാവിയിൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.