റെക്കോഡ് നേട്ടത്തിൽ ടാറ്റ കർവ് ഇ.വി; കാശ്മീരിൽ നിന്ന് കന്യാകുമാരിയിലെത്തിയത് നിസ്സാര സമയം കൊണ്ട്
text_fieldsഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ വൈദ്യുത വാഹനമായ കർവ് ഇ.വി, 20തിൽ അധികം ദേശിയ റെക്കോഡുകളാണ് കരസ്ഥമാക്കിയിരിക്കുന്നത്. കാശ്മീരിൽ നിന്നും കന്യാകുമാരി വരെ കർവ് എത്താനെടുത്ത സമയത്തിനാണ് റെക്കോർഡ് സൃഷ്ട്ടിച്ചത്.
3,823 കി.മി സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്താനായി കർവ് എടുത്തത് 76 മണിക്കൂറും 35 മിനുറ്റുമാണ്. ഇത് ടാറ്റായുടെ തന്നെ എസ്.യു.വിയായ നെക്‌സോണിന്റെ റെക്കോഡിനെയാണ് തകർത്തത്. നെക്‌സോൺ ഇ.വിയെക്കാൾ 19 മണിക്കൂർ കുറവ് സമയമെടുത്താണ് കർവ് ഇ.വി ലക്ഷ്യസ്ഥാനത്ത് എത്തിയത്.
ഈയൊരു നേട്ടത്തിലേക്ക് കർവിന് എത്താനായി 16 തവണ മാത്രമാണ് വാഹനം ചാർജ് ചെയ്തത്. ഇത് ശരാശരി ചാർജിങ് സമയം 28 മണിക്കൂറിൽ നിന്നും 17 മണിക്കൂറായി കുറച്ചു. ബാറ്ററി സാങ്കേതികവിദ്യയിലെ പുരോഗതിയും, ഇന്ത്യയിലെ ഹൈവേയിലെ വിപുലമായ പൊതു ചാർജിങിന്റെ വേഗതയുമാണ് നിസ്സാര സമയം കൊണ്ട് റെക്കോർഡ് നേടാൻ സഹായിച്ചത്. 2025 ഫെബ്രുവരി 25ന്, കാശ്മീരിൽ നിന്നും പുലർച്ചെ 4 മണിക്ക് യാത്ര ആരംഭിച്ച ഇ.വി ഫെബ്രുവരി 28 ന് രാവിലെ 8:35 ന് കന്യാകുമാരിയിലെത്തി.
ടാറ്റ കർവ് ഇ.വി
ഇന്ത്യയിൽ വൈദ്യുത വാഹനം അവതരിപ്പിച്ചത് ടാറ്റ മോട്ടോഴ്‌സാണ്. അവരുടെ തന്നെ പുതിയ വാഹനമായ കർവ്, ഇതിനോടകം വിൽപ്പനയിലും നേട്ടം കൈവരിച്ചിരുന്നു. കർവ് ഇ.വിക്ക് ആകർഷകമായ ബാഹ്യ രൂപകൽപ്പനയുണ്ട്. സ്ലീക്ക് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും എൽ.ഇ.ഡി ഡി.ആർ.എല്ലുകളുമാണ് മുൻവശം. ഏറ്റവും പുതിയ ഇൻഫോടെയ്ൻമെൻറ് സിസ്റ്റയും നിരവധി കണക്റ്റിവിറ്റി സവിശേഷതകളും ഇതിനുണ്ട്.
വോയിസ് അസിസ്റ്റന്റ് പനോരാമിക് സൺറൂഫ്, ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ്, ടച്ച് ആൻഡ് ടോഗിൾ ക്ലൈമറ്റ് കൺട്രോൾ പാനൽ, 4 സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഹാർമാന്റെ 12.3 ഇഞ്ച് ഫ്ലോട്ടിംഗ് സിനിമാറ്റിക് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ യൂനിറ്റ് തുടങ്ങിയ നിരവധി ഫീച്ചറുകളാണ് കർവ് ഇ.വിയിൽ സജ്ജീകരിച്ചിരിക്കുന്നത്. 17 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വില വരുന്ന വാഹനത്തിന്റെ ഏറ്റവും ടോപ് വേരിയന്റിന് 22 ലക്ഷം രൂപയാണ് വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.