ബസാൾട്ടോ കർവോ; ഒടുവിൽ ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ച് ടാറ്റ
text_fieldsഎതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ടാറ്റ മോട്ടോര്‍സ് കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു. ഓഗസ്റ്റില്‍ കര്‍വ് ഇ.വി പുറത്തിറക്കിയതിനൊപ്പം തന്നെ പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കര്‍വ് ഐ.സി.ഇ പതിപ്പിനെ പരിചയപ്പെടുത്തിയിരുന്നെങ്കിലും അന്ന് വാഹനത്തിന്റെ വില വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ വിപണിയില്‍ ഈ വിഭാഗത്തിലെ എതിരാളികളായിരുന്ന സിട്രണ്‍ ബസാള്‍ട്ട് ഈ അവസരം മുതലെടുത്ത് ഒരു പടി മുന്നേ എറിഞ്ഞു. ഇലക്ട്രിക് എസ്.യു.വി വിഭാഗത്തിലെ ആദ്യ മോഡലായി കര്‍വ് ഇ.വി മാറിയെങ്കിലും ഐ.സി.ഇ വിഭാഗത്തില്‍ ആ പട്ടം സിട്രണ്‍ ബസാള്‍ട്ട് നേടിയെടുത്തു. ടാറ്റ കര്‍വ് ഐ.സി.ഇ പതിപ്പുകളുടെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത് 9.99 ലക്ഷം മുതലാണ്. ടോപ് സ്പെക് വേരിയന്റിന്റെ വില 17.69 ലക്ഷം രൂപയാണ്.
സ്മാര്‍ട്ട്, പ്യുവര്‍ പ്ലസ്, പ്യുവര്‍ പ്ലസ് എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, ക്രിയേറ്റീവ് പ്ലസ് എസ്, അക്കംപ്ലീഷ്ഡ് എസ്, അക്കംപ്ലീഷ്ഡ് പ്ലസ് എ എന്നിങ്ങനെ 8 വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ടാറ്റ കര്‍വിന് 4,308 എം.എം നീളവും 1,810 എം.എം വീതിയും 1,630 എം.എം ഉയരവുമുണ്ട്. 2,560 എം.എം ആണ് ടാറ്റ കര്‍വിന്റെ വീല്‍ബേസിന്റെ അളവ്. ടാറ്റ എസ്.യു.വി കൂപ്പെയുടെ ബൂട്ട് കപ്പാസിറ്റി 500 ലിറ്ററാണ്. 18 ഇഞ്ച് വീലുകളില്‍ ഓടുന്ന ഈ കാറിന് 44 ലിറ്റര്‍ കപാസിറ്റിയുള്ള ഇന്ധന ടാങ്കാണുള്ളത്. ടാറ്റ കര്‍വിന് സിട്രണ്‍ ബസാള്‍ട്ടിനേക്കാള്‍ 45 മില്ലീമീറ്ററും വീതിയും 37 മില്ലീമീറ്ററും ഉയരവും ഉണ്ട്. അതേസമയം ബസാള്‍ട്ടിന് 44 എം.എം നീളവും 91 എം.എം വീല്‍ബേസും കൂടുതലുണ്ട്. രണ്ട് എസ്.യു.വികളുടെയും ഫ്യുവല്‍ ടാങ്ക് ശേഷി ഏകദേശം സമാനമാണ്. എന്നിരുന്നാലും, ടാറ്റ മോഡല്‍ കൂടുതല്‍ ബൂട്ട് സ്പെയ്സും വലിയ വീലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
രണ്ട് പെട്രോളും ഒരു ഡീസലുമടക്കം മൂന്ന് എൻജിന്‍ ഓപ്ഷനുകളില്‍ ടാറ്റ കര്‍വ് ലഭ്യമാണ്. 118 ബി.എച്ച് പവറും 170 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണാണ് ആദ്യത്തെ പെട്രോള്‍ എൻജിന്‍ ഓപ്ഷന്‍. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡി.സി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ക്കൊപ്പം ഈ എന്‍ജിന്‍ ജോടിയാക്കിയിരിക്കുന്നു. രണ്ടാമത്തെ പെട്രോള്‍ ഓപ്ഷന്‍ 123 ബി.എച്ച് പവറും 225 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ എൻജിന്‍ ആണ്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡി.സി.ടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഈ എൻജിനോടൊപ്പം വരുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എൻജിനും ഇതേ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് എത്തുന്നത്.
എന്നാല്‍ 7.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സിട്രണ്‍ ബസാള്‍ട്ട് പുറത്തിറങ്ങിയിരിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 13.62 ലക്ഷം വരെയാണ് വില. വിലയില്‍ കേമന്‍ ബസാൾട്ടാണെങ്കില്‍ എൻജിനുകളുടെ വിശാലമായ ശ്രേണി, എല്ലാ വേരിയന്റുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുടെ ലഭ്യത എന്നിവ കാരണം ഈ വിഭാഗത്തില്‍ ടാറ്റ കര്‍വിനാണ് മുന്‍തൂക്കം. വിലയുടെ കാര്യത്തില്‍ സിട്രണ്‍ മോഡല്‍ ടാറ്റ മോഡലിനേക്കാള്‍ താങ്ങാനാകുന്നതാണെങ്കിലും മറ്റ് പല വശങ്ങളിലും കര്‍വ് മുന്നിട്ടു നില്‍ക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ടാറ്റ കര്‍വും സിട്രണ്‍ ബസാൾട്ടും ഇന്ത്യയിലെ മാസ്-മാര്‍ക്കറ്റ് കൂപ്പെ എസ്.യു.വി സെഗ്മെന്റില്‍ കനത്ത മത്സരം സൃഷ്ടിക്കുമെന്നു സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.