അലറിപ്പായാൻ ആൾട്രോസ് റേസർ
text_fieldsഒരു ദിവസം ഉച്ചക്ക് മുമ്പ് മൂന്നു കല്ല്യാണം കൂടേണ്ടിവന്നാൽ ഏതു വണ്ടിക്കുപോകും. പണ്ടാണെങ്കിൽ ഫോക്സ് വാഗൺ പോളോ മതിയാകുമായിരുന്നു. അതിന്‍റെ കച്ചോടം നിർത്തിയതോടെ അത്യാവശ്യക്കാർ ബുദ്ധിമുട്ടിലായി. ആഴ്ചയിൽ മൂന്നെണ്ണമാണെങ്കിൽ പോകാൻ ഇഷ്ടംപോലെ വണ്ടികളുണ്ടെന്ന് അറിയാമല്ലോ. അതിവേഗം ബഹുദൂരമെത്താൻ മധ്യവർഗ കാർപ്രേമികൾക്ക് ഇപ്പോൾ ആകെയുളള ആശ്വാസം ഹ്യുണ്ടായി ഐ ട്വന്‍റി എൻ ലൈനാണ്. പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഒറ്റക്കുകിടന്ന് അർമാദിക്കുകയാണ് ഐ ട്വന്‍റി. ഈ വിഭാഗത്തിൽ ഇറക്കാൻ പറ്റിയ മുതലൊന്നും സ്വന്തം അലമാരയിലില്ലെന്ന് ടാറ്റ മോട്ടോഴ്സ് ഇൗയിടെയാണ് അറിഞ്ഞത്.
ഐ ട്വന്‍റിക്ക് എന്നും ഭീഷണിയാണ് ആൾട്രോസ്. അതിന്‍റെ പെർഫോമൻസ് പതിപ്പ് ഇറക്കി ഐ ട്വന്‍റിയെ പൂട്ടുകയെന്നത് ടാറ്റക്ക് പൂ പറിക്കുന്നതുപോലെ ഇൗസിയായ കാര്യമാണ്. ഇതോടെ, ഡ്രൈവിങ് ഇഷ്‌ടപ്പെടുന്നവരും കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരും മറ്റു കാറുകളോട് ടാറ്റ പറയുമെന്നാണ് ടാറ്റയുടെ വിചാരം. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന കാർ 2024 ജൂൺ രണ്ടാം വാരം ജനസമക്ഷം എത്തും. ടാറ്റ ആള്‍ട്രോസ് റേസർ എന്നാണ് പേര്.
1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ആറു സ്പീഡ് മാനുവൽ ഗിയർബോക്സുമായി ചേർത്താണ് ഘടിപ്പിച്ചിരിക്കുന്നത്. കിടിലൻ പെർഫോമൻസ് ഇത് നൽകുമെന്നാണ് സങ്കൽപം. 118 ബി.എച്ച്.പി കരുത്തിൽ പരമാവധി 170 എൻ.എം ടോർക്കാണ് ശേഷി. ഐ ട്വന്‍റി എൻ ലൈനിലെ ഒരു ലിറ്റർ ടർബോ എഞ്ചിനു തുല്യമാണിത്. കാറിന്‍റെ ആദ്യ ടീസർ ചിത്രം കാണുമ്പോൾ തന്നെ മനസ് നിറയുന്നുണ്ട്.
ഡിസൈനിൽ വലിയ മാറ്റങ്ങളൊന്നും കാണാനില്ലെങ്കിലും സന്തോഷത്തിനായി വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് ഡിസ്‌പ്ലേ, ഏഴ് ഇഞ്ച് ടി.എഫ്.ടി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ഹെഡ്‌സ് അപ് ഡിസ്പ്ലേ, 360 ഡിഗ്രി കാമറ സിസ്റ്റം, വോയ്‌സ് ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ് എന്നിവയും സുരക്ഷക്കായി ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഉള്ള ആന്‍റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ആറ് എയർബാഗ് എന്നിവയുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുമ വേണ്ടവർക്ക് ബോണറ്റിലും റൂഫിലും ഡ്യുവൽ വൈറ്റ് റേസിങ് സ്ട്രിപ്പുകളും പുതിയൊരു ഓറഞ്ച് കളർ ഓപ്ഷനും ടാറ്റ ഒരുക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.