'നാനോ ഇ.വി'യുടെ വിലയും റേഞ്ചും ചിത്രവും 'പുറത്ത്'; എന്നാൽ, ടാറ്റ ഇത് വല്ലതും അറിയുന്നുണ്ടോ? Fact Check
text_fieldsടാറ്റയുടെ കുഞ്ഞൻ കാറായ നാനോ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് നാളുകളായി. ഇന്ത്യൻ വാഹനവിപണി ഇലക്ട്രിക് വാഹനങ്ങളെ ഗൗരവത്തിലെടുത്തത് മുതൽ 'നാനോ ഇ.വി' എന്ന പേര് കേട്ടുതുടങ്ങിയതാണ്. നാനോ കാർ വിഭാവനം ചെയ്ത രത്തൻ ടാറ്റയുടെ മരണത്തിന് പിന്നാലെ നാനോയുടെ കഥകൾ വ്യാപകമായി പ്രചരിച്ചു. ഏറ്റവും ഒടുവിൽ, നാനോ കാർ വീണ്ടുമെത്തുന്നു എന്ന തരത്തിലാണ് വാർത്തകൾ. എന്താണ് ഇതിന്‍റെ യാഥാർഥ്യം? നാനോ ഇലക്ട്രിക് രൂപത്തിൽ വീണ്ടും വരുമോ?
സമൂഹമാധ്യമ പേജുകളിൽ നാനോയുടേതെന്ന പേരിൽ നിരവധി ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ ചുവടുപിടിച്ച് നിരവധി ഓൺലൈൻ പോർട്ടലുകൾ നാനോ ഇതാ എത്തിയെന്ന തരത്തിൽ വാർത്തകളും നൽകുന്നുണ്ട്. ഓട്ടോമോട്ടീവ് വാർത്താ പോർട്ടലുകളിൽ പോലും പുതിയ 'ടാറ്റ നാനോ'യുടെ വിശദാംശങ്ങൾ കാണാം.
'ഒറ്റ ചാർജിൽ 300 കി.മീ റേഞ്ച്; സാധാരണക്കാർക്കും ഇനി ഇലക്ട്രിക് വാഹനം സ്വന്തമാക്കാം; നാനോ ഇ.വി വരുന്നു' എന്നാണ് ഒരു വാർത്തയിൽ പറയുന്നത്. ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകൾ കണക്റ്റിവിറ്റി സൗകര്യം ഉറപ്പായും പ്രതീക്ഷിക്കാം. കൂടാതെ എന്റർടെയിൻമെന്റിന് പ്രാധാന്യം നൽകിക്കൊണ്ട് 7 ഇഞ്ച് വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീനും വാഹനത്തിലുണ്ടാകും. 6 സ്പീക്കർ സൗണ്ട് സിസ്റ്റത്തിനൊപ്പം ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യവും നൽകും. ഇതിനെല്ലാം പുറമെ പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, ആന്റി ബ്രേക്കിംഗ് ലോക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് എസി തുടങ്ങിയ സൗകര്യങ്ങളും കാറിൽ ഉണ്ടാകും. സുരക്ഷയ്ക്കായി റിമോട്ട് ലോക്കിംഗ് സൗകര്യവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് വാങ്ങാവുന്ന തരത്തിലാണ് വാഹനത്തിന്റെ വിലയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു വാർത്തയിൽ പറയുന്നത് പെട്രോൾ/ഡീസൽ നാനോയെ കുറിച്ചാണ്. 40 കിലോമീറ്റര്‍ മൈലേജ്, വില 2.50 ലക്ഷം രൂപ മുതലാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് സപ്പോര്‍ട്ട്, 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ തുടങ്ങി നിരവധി മികച്ച ഫീച്ചറുകള്‍ ഇതില്‍ കാണാം. ആന്റിലോഗ് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടാറ്റയുടെ ഈ പുതിയ വാഹനത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് റിപ്പോർട്ടിലെ അവകാശവാദം. നാനോ എസ്.യു.വിയായി പുറത്തിറക്കുമെന്ന മറ്റൊരു വിവരവും പ്രചരിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലാകട്ടെ, 'നാനോ'യുടെ ചിത്രങ്ങൾ കൊണ്ട് നിറയുകയാണ്. ഇലക്ട്രിക് നാനോയെന്നും പരിഷ്കരിച്ച പെട്രോൾ നാനോയെന്നും അവകാശപ്പെട്ട് നിരവധി ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ നാനോ വാർത്തകളിൽ നിറയുന്നതോടെ സാധാരണക്കാരും ആകാംക്ഷയിലാണ്. ഇനി നാനോ വരുമോ? കുറഞ്ഞ വിലയിൽ മെച്ചപ്പെട്ട റേഞ്ചുമായി ഇലക്ട്രിക് നാനോ വരികയാണെങ്കിൽ അത് ഇ.വി വിപണിയിൽ ഗെയിം ചേഞ്ചറാകുമെന്നാണ് പലരും പ്രതീക്ഷ പങ്കുവെക്കുന്നത്.
നാനോ വരുമോ?
നാനോയെ കുറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾക്കൊന്നും ആധികാരികതയില്ലെന്നതാണ് യാഥാർഥ്യം. നാനോയുമായി ബന്ധപ്പെട്ട് ടാറ്റ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളാകട്ടെ, പലതും എ.ഐ നിർമിതവും മറ്റ് ചെറുവാഹനങ്ങൾക്ക് ടാറ്റയുടെ ലോഗോ വെച്ച് പുറത്തിറക്കിയതുമാണ്. നാനോയെന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന് ടൊയോട്ടയുടെ ചെറുകാറായ അയ്ഗോ എക്സ് പൾസ് ആണെന്ന് 'ദ ക്വിന്‍റ്' ഫാക്ട്ചെക്ക് വിഭാഗമായ വെബ്ക്വൂഫ് കണ്ടെത്തിയിരുന്നു. മറ്റ് പല കാറുകളും ഇത്തരത്തിൽ ലോഗോ മാറ്റി നാനോയെന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ട്.
ടാറ്റയുടെ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിലൊന്നുംതന്നെ നാനോ വീണ്ടും വരുന്നതായ ഒരു സൂചനയുമില്ല. നാനോയുടെ യാഥാർഥ്യമറിയാൻ വെബ്ക്വൂഫ് ടാറ്റ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ടാറ്റ നാനോ ലോഞ്ചുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല എന്നാണ് ടാറ്റ വ്യക്തമാക്കിയത്. അപ്പോൾ, സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന 'നാനോയുടെ രണ്ടാംവരവ്' അഭ്യൂഹം മാത്രമാണെന്ന് വ്യക്തം. ഇനിയൊരുപക്ഷേ, വരുംനാളുകളിൽ ടാറ്റ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുമോയെന്നത് വ്യക്തമല്ല.
'നാനോ' കാറിന്‍റെ പിറവിക്ക് പിന്നിലെ കഥ
മനുഷ്യസ്നേഹിയായ വ്യവസായി എന്നറിയപ്പെട്ടിരുന്ന, ഈയിടെ അന്തരിച്ച ടാറ്റയുടെ അമരക്കാരൻ, രത്തൻ ടാറ്റക്ക് സാധാരണക്കാരന്‍റെ ജീവിതത്തെ കുറിച്ചുള്ള ഏറ്റവും വലിയ കരുതലിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണ് ടാറ്റ നാനോ എന്ന കുഞ്ഞൻ കാർ. സാധാരണക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും വാങ്ങാൻ കഴിയുന്ന വിലയിൽ ഒരു കാർ അവതരിപ്പിക്കുകയെന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. അങ്ങനെയാണ് 2008ൽ നാനോ കാർ ഇന്ത്യൻ വിപണിയിലെത്തിയത്.
നാനോ കാർ എന്ന ആശയത്തിലേക്ക് താൻ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് പലപ്പോഴും രത്തൻ ടാറ്റ വിശദീകരിച്ചിട്ടുണ്ട്. ഒരിക്കൽ സമൂഹമാധ്യമങ്ങളിലൂടെയും അദ്ദേഹം ഇത് വെളിപ്പെടുത്തിയിരുന്നു. സ്ഥിരം യാത്രകളിൽ തിരക്കേറിയ റോഡുകളിൽ കണ്ടുമുട്ടുന്ന സാധാരണക്കാരായ കുടുംബത്തിന്‍റെ കാഴ്ചയാണ് നാനോ കാറിലേക്കെത്തിച്ചത്. 'അച്ഛനും അമ്മയും കുട്ടിയും അടങ്ങുന്ന സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന കുടുംബം. എല്ലാ യാത്രകളിലും അച്ഛന്റെയും അമ്മയുടെയും മധ്യത്തില്‍ ആ കുട്ടി ഞെരിഞ്ഞമര്‍ന്നിരിക്കുന്നത് കാണുമായിരുന്നു. മഴയിലും വെയിലിലും എല്ലാ കാലാവസ്ഥയിലും വഴുവഴുപ്പുള്ള റോഡിലുമെല്ലാം അവര്‍ ഇങ്ങനെയാണ് യാത്ര ചെയ്തിരുന്നത്. ഇരുചക്രവാഹനങ്ങളിലെ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിച്ചുതുടങ്ങിയത് അപ്പോഴാണ്. ഇരുചക്ര വാഹനത്തിന് നാല് ചക്രങ്ങളുള്ള ചിത്രങ്ങൾ വരച്ചുതുടങ്ങി. ഇതിൽ നിന്നാണ് നാനോ എന്ന കുഞ്ഞൻ കാറിന്‍റെ പിറവി -രത്തൻ ടാറ്റ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയെത്തിയ നാനോ കാറിന് പക്ഷേ, ഇന്ത്യൻ വിപണി പ്രതീക്ഷിച്ച വരവേൽപ്പല്ല നൽകിയത്. ഒരു ലക്ഷം രൂപയുടെ കാർ എന്ന വിശേഷണവുമായാണ് നാനോ എത്തിയത്. ഇന്ത്യൻ വാഹനരംഗത്ത് നാനോകാർ വിപ്ലവം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാധാരണക്കാരുടെ വിശ്വാസം നേടിയെടുക്കാൻ നാനോയ്ക്ക് സാധിച്ചില്ല. വിലകുറഞ്ഞ കാർ എന്ന നിലയിൽ അവതരിപ്പിച്ചതാണ് നാനോയ്ക്ക് തിരിച്ചടിയായതെന്ന് പിന്നീട് രത്തൻ ടാറ്റാ തന്നെ തുറന്നു പറഞ്ഞിരുന്നു. ഒടുവിൽ 2018ന്‍റെ അവസാനത്തോടെ ടാറ്റ നാനോ കാറിന്‍റെ ഉൽപ്പാദനം അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.