മാജിക് എക്സ്പ്രസ്: ടാറ്റയിൽ നിന്നൊരു കോംപാക്ട് ആബുലൻസ്
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ് ആംബുലൻസ് വിഭാഗത്തിൽ മാജിക് എക്സ്പ്രസ് എന്ന പേരിൽ പുതിയ വാഹനം അവതരിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അതിവേഗത്തിൽ സഞ്ചരിക്കുന്നതിനായി കോംപാക്ട് രൂപഘടനയോടെയാണ് ആംബുലൻസിന്‍റെ നിർമാണം.
ഓട്ടോ ലോഡിങ് സ്ട്രെച്ചർ, മെഡിക്കൽ ക്യാബിനറ്റ്, ഓക്സിജൻ സിലിണ്ടർ, ഡോക്ടർമാർക്കുള്ള സീറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ, ലൈറ്റിങ്, തീപിടുത്തത്തെ പ്രതിരോധിക്കുന്ന ഇന്‍റീരിയർ, അനൗൺസ്മെന്‍റ് സംവിധാനം തുടങ്ങിയവ സഹിതമാണ് മാജിക് എക്സ്പ്രസ് വിപണിയിലെത്തിച്ചിരിക്കുന്നത്. എ ഐ എസ് 125 അംഗീകാരമുള്ള റെട്രോ റിഫ്ലക്റ്റീവ് ഡെക്കൾസ്, സൈറൺ സഹിതമുള്ള ബീക്കൺ ലൈറ്റ് എന്നിവ വാഹനത്തിൽ ഉണ്ട്. ഡ്രൈവറുടെയും രോഗികളുടെയും കമ്പാർട്ട്മെന്‍റുകൾ വേർതിരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത് സഹായിക്കും. 800cc ടി സി ഐ സി എൻജിനാണ് വാഹനത്തിനുള്ളത്. 44 എച്ച് പി കരുത്തും 110 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും.
കുറഞ്ഞ പ്രവർത്തനച്ചെലവിനോടുമൊപ്പം ഉയർന്ന ലാഭക്ഷമത, മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിങ്, കണക്റ്റിവിറ്റി എന്നിവ വാഹനത്തിന്‍റെ പ്രത്യേകതകളാണെന്ന് ടാറ്റ അവകാശപ്പെടുന്നു. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, സർക്കാർ ആരോഗ്യ വകുപ്പുകൾ, എൻജിഒകൾ, ആരോഗ്യ മേഖലയുടെ ഭാഗമായ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ആംബുലൻസ് ആണ് മാജിക് എക്സ്പ്രസ്. രണ്ടുവർഷം അല്ലെങ്കിൽ 72000 കിലോമീറ്റർ ആണ് വാറന്‍റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.