സഫാരി എസ്.യു.വിക്ക് തീപിടിച്ച സംഭവം; കാരണം വെളിപ്പെടുത്തി ടാറ്റ, വിചിത്രമെന്ന് വിമർശനം
text_fieldsദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിലെ ലുധിയാനയിൽ സഫാരി എസ്.യു.വി തീപിടിച്ചതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. കത്തിക്കരിഞ്ഞ ഗ്രേ നിറത്തിലുള്ള സഫാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വാഹനത്തിന്‍റെ മുൻഭാഗമായിരുന്നു അഗ്നിക്കിരയായത്. തീപിടുത്തത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് ആഫ്റ്റർമാർക്കറ്റ് പരിഷ്ക്കരണം.
എന്നാൽ, എസ്.യു.വിക്ക് ഇത്തരം മാറ്റങ്ങളൊന്നും വരുത്തിയിട്ടുണ്ടായിരുന്നില്ല എന്ന് അന്നുതന്നെ ഉടമ വ്യക്തമാക്കിയിരുന്നു. 'ടോപ്പ് എൻഡ് വേരിയന്റ് ടാറ്റ സഫാരി ആയിരുന്നു എന്‍റെ വാഹനം. സർവീസ് കൃത്യമായി ചെയ്യുന്നത് അംഗീകൃത ടാറ്റ ഡീലർഷിപ്പ് മുഖേനയാണ്. അപ്പാർട്മെന്‍റിലെ ഗാരേജിൽ പാർക്ക് ചെയ്തിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്'- സഫാരി ഉടമ കൂട്ടിച്ചേർത്തു.
പാർക്ക് ചെയ്‌ത വാഹനത്തിന് എങ്ങനെ തീപിടിക്കുമെന്ന ചോദ്യവും പിന്നീട് ഉയർന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന്‍റെ കാരണം ടാറ്റ പുറത്തുവിട്ടത്. വാഹനം പാർക്ക് ചെയ്യുമ്പോൾ പരിസരം പരിശോധിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ അന്വേക്ഷണ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നത്.
റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: സുരക്ഷിതമല്ലാത്ത പാർക്കിങ് സാഹചര്യമാണ് തീപിടിത്തത്തിന് കാരണം. പരിശോധനയിൽ, വാഹനത്തിന്‍റെ അടിഭാഗത്ത് ഉണങ്ങിയ ഇലകളുടെയും പേപ്പർ കപ്പുകളുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഓട്ടം കഴിഞ്ഞെത്തിയ കാറിന്‍റെ സൈലൻസർ ഉൾപ്പെടെയുള്ള അടിഭാഗത്ത് ചൂട് ഉണ്ടായിരുന്നു. അണ്ടർബോഡിയിലുണ്ടായിരുന്ന ചൂട് പരിസരത്തുണ്ടായിരുന്ന വസ്തുക്കൾക്ക് തീപിടിക്കാൻ കാരണമായി. ഇത് പിന്നീട് എസ്.യു.വിയിലേക്കും പടർന്നു. അതേസമയം, ടാറ്റയുടെ കണ്ടെത്തലിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിൽ തീപിടിക്കാനുള്ള സാധ്യത ഇല്ലെന്നും കാരണം വിചിത്രമെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.