കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കനത്ത നഷ്ടമെന്ന് വാഹനനിർമാതാവ്; തിരിച്ചടിക്ക് കാരണം ഇതാണ്
text_fieldsമുംബൈ: രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റമോട്ടോഴ്സ് കനത്ത നഷ്ടത്തിൽ. തുടർച്ചയായ നാലാം ത്രൈമാസത്തിലും കമ്പനിക്ക് നഷ്ടക്കണക്കുകളാണ് പറയാനുള്ളത്. 2021 അവസാന പാദത്തിൽ 1520 കോടി രൂപയാണ് കമ്പനിയുടെ സഞ്ചിത നഷ്ടം. 2020 ൽ ഇതേ കാലഘട്ടത്തിൽ 2910 കോടിയുടെ ലാഭമാണ് ടാറ്റക്ക് ലഭിച്ചത്. ജാഗ്വാർ, ലാൻഡ് റോവർ പോലുള്ള ലക്ഷ്വറി ബ്രാൻഡുകളുടെ ഉടമകൾകൂടിയായ ടാറ്റക്കുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണം ചിപ്പ് ക്ഷാമമാണ്. ഇതോടൊപ്പം നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും പ്രതിസന്ധിയായയി.
കാർ നിർമ്മാണത്തിൽ മൈക്രോചിപ്പുകൾ പ്രധാന ഘടകമാണ്. കോവിഡ് കാലത്ത് അർധചാലക ഉൽപ്പാദനം വെട്ടിക്കുറച്ചതും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ഇവ വൻതോതിൽ ആവശ്യമായി വന്നതുമാണ് ലോകമെമ്പാടുമുള്ള വാഹന നിർമ്മാതാക്കൾക്ക് സപ്ലൈ തടസ്സപ്പെടാൻ കാരണം.
അർധചാലക ക്ഷാമം ഉത്പ്പാദനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും, മിക്ക സെഗ്‌മെന്റുകളിലും വർധിച്ചുവരുന്ന ഡിമാൻഡിന് വാഹന വ്യവസായം സാക്ഷ്യം വഹിച്ചതായി ടാറ്റ മോട്ടോഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു. വരുംകാലത്ത് ചിപ്പ് വിതരണം ക്രമേണ മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ കമ്പനിയുടെ മൊത്തം വരുമാനത്തിലും 4.5 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. 2021ലെ ടാറ്റ മോട്ടോഴ്സിന്റെ വരുമാനം 9.7 ബില്യൺ ഡോളറാണ്. ടാറ്റയുടെ ഉപസ്ഥാപനവും ബ്രിട്ടനിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളുമായ ജാഗ്വാർ ലാൻഡ് റോവറിന്റെ റീട്ടെയിൽ വിൽപ്പനയും 37.6 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ടാറ്റയുടെ ഇലക്ട്രിക് കാർ വിഭാഗത്തിൽ മികച്ച വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അവസാന ത്രൈമാസത്തിൽ 5,592 ഇ.വികൾ ടാറ്റ വിറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.