നെക്സോൺ ഇ.വിയിൽ ഇനിമുതൽ ഇൗ ഫീച്ചറുകളും; ഫിസിക്കൽ ബട്ടനുകൾ ഒഴിവാക്കുന്നത് കുരുക്കാകുമോ?
text_fieldsടാറ്റയുടെ ഇലക്ട്രിക് വാഹനമായ നെക്സോൺ ഇ.വിയിൽ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്ത് ടാറ്റ. കൂടുതലും സൗന്ദര്യാത്മകമായ മാറ്റങ്ങളാണ് വാഹനത്തിൽ വരുത്തിയിരിക്കുന്നത്. നേരത്തേ പെട്രോൾ ഡീസൽ നെക്സോണുകൾക്കും, ആൾട്രോസിലും വരുത്തിയിരിക്കുന്ന മാറ്റമാണ് ഇപ്പോൾ ഇ.വിയിലേക്കും കൊണ്ടുവന്നത്. പുറത്തെ മാറ്റങ്ങളിൽ പ്രധാനം പുത്തൻ ഡിസൈനിലുള്ള അലോയ് വീലുകളാണ്.
ഡ്യൂവൽ ടോൺ, ഫൈവ് സ്‌പോക് അലോയ് വീലുകൾ വിരിഞ്ഞ പൂവിനെ ഒാർമിപ്പിക്കുന്നതാണ്. ഉള്ളിൽ ഡാഷ്ബോർഡിലാണ് പ്രധാനമായും മാറ്റംവരുത്തിയിരിക്കുന്നത്. ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സ്ക്രീനിെൻറ നിരവധി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഫിസിക്കൽ ബട്ടണുകളും നോബുകളും എടുത്തുകളഞ്ഞിട്ടുണ്ട്. മുമ്പ്, ആറ് ബട്ടണുകളും രണ്ട് റോട്ടറി നോബുകളും എസി വെൻറുകൾക്ക് താഴെ സ്ഥാപിച്ചിരുന്നു. ഇവയാണ് നീക്കം ചെയ്തിരിക്കുന്നത്. ബട്ടണുകൾക്കും നോബുകൾക്കും പകരം ക്രോമിൽ 'നെക്‌സൺ' എന്ന എഴുത്താണ് ഇവിടെ ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഹോം, ഫേവറിറ്റ്, പ്രീവിയസ്, നെക്സ്റ്റ്, സ്മാർട്ട്ഫോൺ, ബാക്ക് ഫംഗ്ഷനുകൾ എന്നിവ നിയന്ത്രിക്കുന്നതിന് ബട്ടണുകളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. വോളിയവും റേഡിയോ ട്യൂണറും നിയന്ത്രിക്കാൻ നോബുകളും വേണമായിരുന്നു. പുതിയ മോഡലിൽ ടച്ച്‌സ്‌ക്രീനിൽ തന്നെയാണ് ഈ പ്രവർത്തനങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. ബട്ടണുകളും നോബും ഒഴിവാക്കിയത് ക്ലീനായ ഒരു ഡിസൈനിലേക്ക് നെക്സോണിനെ എത്തിച്ചിട്ടുണ്ട്. എന്നാൽ ഫിസിക്കൽ ബട്ടണുകൾ നൽകുന്ന സ്വാതന്ത്ര്യവും സൗകര്യവും ഡ്രൈവർക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പുതിയ ടച്ച്സ്ക്രീൻ പ്രവർത്തനവുമായി പൊരുത്തപ്പെടാൻ ഡ്രൈവർമാർക്ക് കുറച്ച് സമയമെടുക്കുകയും ചെയ്യും. ഡ്യുവൽ-ടോൺ, അഞ്ച്-സ്‌പോക് അലോയ് വീലുകൾ ഉൾപ്പെടുത്തിയെങ്കിലും ടയർ വലുപ്പം 215/60 R16 ൽ തുടരും.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് പാസഞ്ചർ വാഹനമാണ് ടാറ്റയുടെ നെക്‌സൺ ഇ.വി. 2021 ഏപ്രിലിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവിയുടെ മൊത്തം 4,000ലധികം യൂനിറ്റുകൾ വിൽക്കാൻ ടാറ്റയ്ക്ക് ആയിരുന്നു. അടുത്ത കുറച്ച് മാസങ്ങളിൽ നെക്സോൺ ഇവിയുടെ ഡാർക് എഡിഷൻ പതിപ്പും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.