ഭാരത് എൻ.സി.എ.പിയിൽ ആദ്യം ടെസ്റ്റ് ചെയ്യുക ടാറ്റ കാറുകൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് മൂന്ന് ഡസൻ വാഹനങ്ങൾ
text_fieldsരാജ്യത്തിന്‍റെ സ്വന്തം ക്രാഷ് ടെസ്റ്റായ ഭാരത് എൻ.സി.എ.പിയിൽ ഡിസംബർ 15 മുതൽ വാഹന പരിശോധന ആരംഭിക്കും. ഇതുവരെ മൂന്ന് ഡസൻ വാഹനങ്ങൾ ക്രാഷ് ടെസ്റ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടാറ്റയാണ് ആദ്യമായി ബി.എൻ.സി.എ.പിയിൽ രജിസ്റ്റർ ചെയ്തത്. അതിനാൽ ടാറ്റയുടെ വാഹനങ്ങളാവും ആദ്യം ക്രാഷ് ടെസ്റ്റിന് വിധേയമാക്കുക.
ഒക്ടോബർ ഒന്നിനാണ് ഭാരത് എൻസിഎപി ഔദ്യോഗികമായി നിലവിൽ വന്നത്. ടാറ്റ ഹാരിയർ, സഫാരി എന്നിവയായിരിക്കും ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന ആദ്യ കാറുകൾ എന്നാണ് സൂചന. ടാറ്റയെക്കൂടാതെ നിരവധി വാഹനനിർമാതാക്കൾ ഇടിക്കൂട്ടിൽ തങ്ങളുടെ വാഹനങ്ങൾ പരീക്ഷിക്കാൻ പേര് നൽകിയിട്ടുണ്ട്. ഇന്ത്യൻ, ജാപ്പനീസ്, കൊറിയൻ നിർമ്മാതാക്കളിൽ നിന്നുള്ള മോഡലുകൾ പട്ടികയിലുണ്ട്. മാരുതി സുസുക്കിയും ഹ്യുണ്ടായിയും മൂന്ന് മോഡലുകളും മഹീന്ദ്ര നാല് കാറുകളും ടെസ്റ്റിന് അയക്കും. ഓരോ മോഡലിന്റെയും അടിസ്ഥാന വേരിയന്റിന്റെ മൂന്ന് യൂനിറ്റുകൾ ടെസ്റ്റ് ഏജൻസികൾ തിരഞ്ഞെടുക്കുകയും ക്രാഷ് ടെസ്റ്റ് നടത്തുകയും ചെയ്യും.
അഡൾട്ട് ഒക്യുപന്റ് പ്രൊട്ടക്ഷൻ (എഒപി), ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ (സിഒപി), സേഫ്റ്റി അസിസ്റ്റ് ടെക്നോളജീസ് (എസ്എടി) എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങൾക്കനുസൃതമായാണ് പ്രോഗ്രാമിൽ വാഹനങ്ങളെ റേറ്റുചെയ്യുന്നത്. വാഹനങ്ങളുടെ റേറ്റിങ് ചട്ടക്കൂട് ഓട്ടോമോട്ടീവ് ഇന്ത്യൻ സ്റ്റാൻഡേർഡ് (എഐഎസ്) പ്രകാരം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
യൂറോപ്യൻ കാർ നിർമ്മാതാക്കളായ റെനോ ഇന്ത്യ, സ്‌കോഡ ഓട്ടോ, ഫോക്‌സ്‌വാഗൺ, സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് എന്നിവ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ല. അവരുടെ വാഹനങ്ങൾക്ക് യൂറോ എൻ.സി.എ.പിയിൽ റേറ്റിങ് ലഭിച്ചിരുന്നു. ഭാരത് എൻ.സി.എ.പി നടപ്പില്‍ വരുന്നതോടെ ക്രാഷ് ടെസ്റ്റില്‍ മികച്ച റേറ്റിംഗ് നേടാന്‍ തങ്ങളുടെ മോഡലുകളില്‍ നൂതന സങ്കേതികവിദ്യകള്‍ കൊണ്ടുവരാന്‍ കാര്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുമെന്നും അതുവഴി ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ സുരക്ഷിതമായ വാഹനങ്ങൾ എത്തുമെന്നുമാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.