പുതുതലമുറ സ്മാർട് ട്രക്കുമായി ടാറ്റാ മോട്ടോഴ്സ്; ക്രാഷ് ടെസ്റ്റിലും മികച്ച പ്രകടനം
text_fieldsമുംബൈ: തിരക്കേറിയ നഗര നിരത്തുകൾക്കായി പുതുതലമുറ അള്‍ട്രാ സ്ലീക് ടി–സീരീസ് സ്മാർട് ട്രക്കുമായി ടാറ്റാ മോട്ടോഴ്സ്. ടി.6, ടി.7, ടി.9 എന്നീ മൂന്ന് വ്യത്യസ്ത മോഡലുകളില്‍ വാഹനം ലഭ്യമാകും. എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന 1900 എം.എം വീതിയുളള ക്യാബിന്‍, ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം, ആധുനിക ക്യാബിന്‍, മോഡുലാര്‍ പ്ലാറ്റ്ഫോം, വിവിധ നീളത്തിലുളള ഡെക്കുകള്‍, 4/6 ടയര്‍ കോമ്പിനേഷന്‍ എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് വാഹനത്തിനുള്ളത്. ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന പേലോഡ് ശേഷി, ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ അറ്റകുറ്റപ്പണി എന്നിവയും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
നഗരപ്രദേശങ്ങളിലെ ചരക്ക് കടത്തിന് അനുയോജ്യമായ രീതിയിലാണ് വാഹനത്തിന്‍റെ ഡിസൈനും നിർമ്മാണവും. 10 മുതൽ 20 അടി വരെ വലുപ്പമുള്ള ഡെക്കുകളിൽ വാഹനം ഉപഭോക്താക്കളിൽ എത്തുന്നു. 1900 എംഎം വലിപ്പമുള്ള ക്യാബിൻ ഡ്രൈവർക്ക് ഏറെ സൗകര്യപ്രദമാണ്. തിരക്കേറിയ നഗരങ്ങളിൽ അനായാസമായ ഡ്രൈവിങ്ങിന് അനുയോജ്യമായ രീതിയിലാണ് രൂപകൽപന. മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, കണക്റ്റിവിറ്റി, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിങ്ങനെ പ്രത്യേകതകളും വാഹനത്തിനുണ്ട്.
ഇടുങ്ങിയ റോഡുകളിലൂടെയും അനായാസം കടന്നുപോകാൻ വാഹനത്തിനാകും. ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ടിൾട് ആൻഡ് ടെലിസ്കോപിക് പവർ സ്റ്റീയറിംഗ്, ഡാഷ്ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ എന്നിവ സഹിതം ആണ് ക്യാബിൻ. ഇൻബിൽട്ട് മ്യൂസിക് സിസ്റ്റം, യു എസ് ബി ഫാസ്റ്റ് ചാർജിങ് പോർട്ട്, വിശാലമായ സ്റ്റോറേജ് എന്നിവ കൂടുതൽ സൗകര്യം നൽകുന്നു. എയർ ബ്രേക്കുകളും, പരബോളിക് ലീഫ് സസ്പെൻഷനും കൂടുതൽ സുരക്ഷ നൽകുന്നു. ലെൻസ് ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ടെയിൽ ലാംപ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അൾട്രാ സ്ലീക് ടി സീരീസ് നാല് ടയർ, ആറ് ടയർ, വിവിധ വലിപ്പത്തിലുള്ള ഡെക്ക് എന്നീ പതിപ്പുകളിൽ ലഭ്യമാണ്. ഇകോമേഴ്സ് ഉൽപ്പന്നങ്ങൾ, എഫ്എംസിജി, വ്യവസായ ഉൽപ്പന്നങ്ങൾ, എൽപിജി സിലിണ്ടറുകൾ, കോവിഡ് 19 വാക്സിൻ വിതരണത്തിനുള്ള ശീതീകരിച്ച കണ്ടെയ്നറുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് യോജിക്കുന്നതാണ് ഈ മോഡൽ. ഭക്ഷ്യോൽപ്പന്നങ്ങൾ ആയ മുട്ട, പാൽ, കാർഷികോൽപന്നങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനും വാഹനം അനുയോജ്യമാണ്. 100 എച്ച് പി പവറും 300 എൻഎം ടോർക്കും നൽകുന്ന ബി എസ് 6, 4എസ്പിസിആർ എൻജിനാണ് വാഹനത്തിനുള്ളത്.
മൂന്നുവർഷം അല്ലെങ്കിൽ മൂന്നുലക്ഷം കിലോമീറ്റർ എന്ന ആകർഷകമായ വാറന്‍റി ആണ് ടാറ്റ മോട്ടോഴ്സ് നൽകുന്നത്. അൾട്രാ സ്ലീക്ക് ടി 6 ന്, 13,99,000 രൂപ, അൾട്രാ സ്ലീക്ക് ടി 7 ന്, 15,29,000 രൂപ, അൾട്രാ സ്ലീക്ക് ടി 9 ന്, 17,29,000 രൂപ എന്നിങ്ങനെയാണ് വില.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.