ആറു മാസത്തേക്ക് ചാർജിങ് ഫ്രീ, വമ്പൻ ഓഫറിട്ട് ടാറ്റ; ഓഫർ ഡിസംബർ 31 വരെ മാത്രം
text_fieldsന്യൂഡൽഹി: ടാറ്റയുടെ ഇലക്ട്രിക് വാഹനമായ നെക്സോൺ ഇ.വി, കർവ്വ് ഇ.വി എന്നിവ വാങ്ങുന്നവർക്ക് വമ്പൻ ഓഫറിട്ട് കമ്പനി. ഡിസംബർ ഒൻപതിനും 31 നും ഇടയിൽ വാഹനം വാങ്ങുന്നവർക്ക് ടാറ്റ മോട്ടോർസ് സൗജന്യ ചാർജിങ് വാഗ്ദാനം ചെയ്തു. ടാറ്റ പവർ ഇസെഡിന്റെ രാജ്യത്തുടനീളമുള്ള 5,500-ലധികം ചാർജിംഗ് സ്റ്റേഷനുകളിൽ മാത്രമേ ഈ ഓഫർ ലഭ്യമാകൂ.
ടാറ്റ പവർ ഇസെഡ് ചാർജിന്റെ ഫോൺ ആപ്പിൽ ഉപഭോക്താക്കൾ വാഹനം രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, രണ്ട് ദിവസത്തിനുള്ളിൽ സേവനം ലഭിക്കും. ഈ ആപ്പിൽ രജിസ്റ്റർ ചെയ്ത വാഹനം സ്വകാര്യമായി രജിസ്റ്റർ ചെയ്യുകയും ഡീലർഷിപ്പിൽ നിന്ന് വാങ്ങുകയും വേണം. അതിനാൽ ആദ്യ ഉടമകൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ.
ഈ ഓഫർ 1,000 യൂനിറ്റ് വൈദ്യുതി അല്ലെങ്കിൽ എസ്.യു.വി വാങ്ങിയ തീയതി മുതൽ ആറ് മാസത്തേക്കായിരിക്കും ലഭിക്കുക. അതിനുശേഷം സ്റ്റാൻഡേർഡ് താരിഫ് ഈടാക്കും.
വർഷാവസാനത്തിന് മുമ്പ് നെക്സോൺ ഇ.വി, കർവ്വ് ഇ.വി എന്നിവയുടെ വിൽപന വർധിപ്പിക്കുന്നതിനാണ് സൗജന്യ ചാർജിംഗ് സേവനം വാഗ്ദാനം ചെയ്യുന്നത്. നെക്സോൺ ഇ.വിയുടെ വില 12.49 ലക്ഷം രൂപയിൽ തുടങ്ങി 17.19 ലക്ഷം രൂപ വരെയാണ്. കർവ്വ് ഇ.വി കൂപ്പെ-എസ്‌യുവിക്ക് 17.49 ലക്ഷം മുതൽ 21.99 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) വില.
30kWh, 40.5kWh ബാറ്ററി പായ്ക്കുകൾ ഉൾക്കൊള്ളുന്ന MR (മീഡിയം റേഞ്ച്), LR (ലോംഗ് റേഞ്ച്) എന്നീ രണ്ട് വേരിയന്റുകളിലാണ് നെക്‌സോൺ ഇവി വരുന്നത്. 7.2kW എസി ചാർജറാണ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നത്.
ടാറ്റ കർവ്വ് ഇവി - 45kWh, 55kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവ യഥാക്രമം 502 കിലോമീറ്ററും 585 കിലോമീറ്ററും (MIDC) റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.