സ്വർണത്തിളക്കത്തിൽ സഫാരി ഗോൾഡ് എഡിഷൻ; വൈറ്റ് ഗോൾഡ്, ബ്ലാക് ഗോൾഡ് പതിപ്പുകൾ വാങ്ങാം
text_fieldsസഫാരി വാഹന നിരയിലേക്ക് ഗോൾഡ് എഡിഷൻ കൂട്ടിച്ചേർത്ത് ടാറ്റ. മാനുവൽ പതിപ്പിന് 21.89 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 23.18 ലക്ഷം രൂപയുമാണ് ഗോൾഡ് എഡിഷെൻറ വില (എക്സ്-ഷോറൂം, ഇന്ത്യ). ദുബായിൽ നടക്കുന്ന ഐപിഎൽ 2021ൽ വാഹനം അരങ്ങേറ്റം കുറിക്കും. ഗോൾഡ് എഡിഷന് പുതിയ കളർ ഓപ്ഷനുകളും ലഭിക്കും. അതേസമയം എഞ്ചിനിൽ മാറ്റമില്ല. 170hp, 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ തുടരും.
മാറ്റങ്ങൾ
സഫാരി ഗോൾഡ് എഡിഷനിൽ എക്സ്റ്റീരിയറിലും ഇൻറീരിയറിലും പലതരം സൗന്ദര്യവർധക മാറ്റങ്ങൾ ലഭിച്ചിട്ടുണ്ട്. വാഹനം രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ഫ്രോസ്റ്റ് വൈറ്റ് ബോഡി കളർ കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫിനൊപ്പം വരുന്ന 'വൈറ്റ് ഗോൾഡ്', കറുപ്പിൽ സ്വർണ്ണ നിറമുള്ള 'ബ്ലാക്ക് ഗോൾഡ്' എന്നിവയാണത്. ഈ രണ്ട് പതിപ്പുകൾക്കും ഗ്രിൽ, ഹെഡ്‌ലൈറ്റ്, ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, ബാഡ്ജിങ് എന്നിവയിൽ സൂക്ഷ്മമായ ഗോൾഡ് ആക്സൻറുകൾ നൽകിയിട്ടുണ്ട്. സഫാരി അഡ്വഞ്ചർ മോഡലിൽ കാണുന്നതുപോലെയുള്ള 18 ഇഞ്ച് ചാർക്കോൾ ബ്ലാക് അലോയ് വീലുകളാണ് മെറ്റാരു പ്രത്യേകത.
സഫാരി വൈറ്റ് ഗോൾഡ് ഡാഷ്‌ബോർഡിന് സവിശേഷമായ വെള്ള സ്വർണ്ണ മാർബിൾ ഫിനിഷ് ലഭിക്കുന്നു. അതിനൊപ്പം മറ്റ് ഗോൾഡ് ഇൻസർട്ടുകളും ഉണ്ട്. സഫാരി ബ്ലാക്ക് ഗോൾഡിന് ഡാഷ്‌ബോർഡിൽ കറുപ്പും ഗോൾഡും നിറമുള്ള മാർബിൾ ഫിനിഷ് ലഭിക്കും. ഇതിനുപുറമെ, രണ്ട് പതിപ്പുകൾക്കും ബാഡ്ജുകൾ, എസി വെൻറുകൾ, ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഡോർ ഹാൻഡിലുകൾ എന്നിവയിൽ സ്വർണ്ണ ആക്സൻറുകളും ലഭിക്കും.
നിലവിലെ ടോപ്പ്-സ്പെക് വേരിയൻറായ എക്സ് ഇസഡ് എ പ്ലസിൽ ലഭ്യമായതിനേക്കാൾ കൂടുതൽ സവിശേഷതകൾ വാഹനത്തിനുണ്ട്. ഒന്നും രണ്ടും നിരകളിൽ വെൻറിലേറ്റഡ് ലെതർ സീറ്റുകൾ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിന്നീടുള്ള മൂന്ന് സവിശേഷതകളും സഫാരി അഡ്വഞ്ചർ എഡിഷനിൽ വാഗ്ദാനം ചെയ്യുന്നതാണ്.
ഐപിഎല്ലിൽ ടാറ്റ 'സഫാരി ഗോൾഡ് ഹിറ്റ് ചലഞ്ച്' നടത്തുന്നുണ്ട്. ബാറ്റ്സ്മാൻ സിക്സറടിച്ച പന്ത് കാറിലോ, ഡിസ്പ്ലേ പോഡിയത്തിലോ സഫാരി ഗോൾഡ് പരസ്യ ബോർഡിലോ പതിക്കുമ്പോൾ കോവിഡ്-19 ദുരിതാശ്വാസത്തിനായി അക്ഷയപാത്ര ഫൗണ്ടേഷന് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് ടാറ്റ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.