സൂപ്പർ മൈലേജുമായി രാജ്യത്തെ ആദ്യ സി.എൻ.ജി ഓട്ടോമാറ്റിക് കാറുകൾ അവതരിപ്പിച്ചു
text_fieldsരാജ്യത്തെ ആദ്യ സി.എൻ.ജി ഓട്ടോമാറ്റിക് കാറുകൾ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകളുടെ എ.എം.ടി ട്രാന്‍സ്മിഷന്‍ പതിപ്പുകളാണ് പുറത്തിറക്കിയത്. നിലവിൽ സി.എൻ.ജി കാറുകളുടെ കുത്തക മാരുതിക്കാണെങ്കിലും അവർക്ക് ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയില്ല. ഇത് ടാറ്റക്ക് വിപണിയിൽ മുൻതൂക്കം നൽകും.
പുതിയ സി.എൻ.ജി എ.എം.ടി കാറുകളുടെ ബുക്കിങ് ടാറ്റ മോട്ടോഴ്സ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ടിയാഗോ, ടിഗോർ എന്നിവയുടെ സി.എൻ.ജി എ.എം.ടി മോഡലുകൾ മൂന്ന് വേരിയന്‍റുകളിൽ ലഭ്യമാകും. ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന ഹാച്ച്ബാക്ക് മോഡലിന് 7.90 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് ടിഗോർ സി.എൻ.ജി എ.എം.ടി രണ്ട് വേരിയന്‍റുകളിൽ ലഭിക്കും. വില യഥാക്രമം 8.85 ലക്ഷം, 9.55 ലക്ഷം രൂപയാണ്.
ടിയാഗോ XTA CNG, XZA+ CNG, XZA NRG എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിൽ ലഭിക്കുമ്പോൾ ടിഗോർ സി.എൻ.ജി കോംപാക്‌ട് സെഡാൻ XZA CNG, XZA+ CNG എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ ലഭ്യമാണ്. എ.എം.ടി ഗിയർബോക്‌സ് സി.എൻ.ജി എൻജിനിൽ ഉൾക്കൊള്ളിക്കാൻ ടാറ്റ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് യൂനിറ്റ് തന്നെയാണെന്ന് എൻജിനായി ഉപയോഗിച്ചിരിക്കുന്നത്. പെട്രോളിലും പ്രവർത്തിക്കുന്ന എൻജിന് 86 bhp കരുത്തിൽ പരമാവധി 113 Nm ടോർക് വരെ ഉൽപാദിപ്പിക്കാൻ കഴിയും. അതേസമയം സി.എൻ.ജിയിലേക്ക് മാറുമ്പോൾ പെർഫോമൻസിൽ കാര്യമായ കുറവ് വരുന്നുണ്ട്. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ എഞ്ചിന് 73 bhp പവറിൽ 95 Nm ടോർക് മാത്രമാണ് ഉൽപാദിപ്പിക്കാനാവുക.
ഇനി മുതൽ 5-സ്പീഡ് മാനുവലിമൊപ്പം 5-സ്പീഡ് എ.എം.ടിയും ഗിയർബോക്‌സും ഓപ്ഷനുകളിൽ ഉൾപ്പെടും. ടാറ്റയുടെ അഭിപ്രായത്തിൽ വാഹനം സി.എൻ.ജിയിൽ ഓടുമ്പോൾ മാനുവലിനെ അപേക്ഷിച്ച് എ.എം.ടിയുടെ കാര്യത്തിൽ ഒരു വ്യത്യാസവും ഉണ്ടാകില്ല. എ.എം.ടി ഗിയർബോക്‌സിനൊപ്പം 'ക്രീപ്പ്' ഫങ്ഷനും ഓഫർ ചെയ്യുന്നുണ്ട്. ബ്രേക്കിൽനിന്ന് കാലെടുക്കുമ്പോൾ വാഹനം പതിയെ നീങ്ങുന്ന ഫങ്ഷനാണിത്.
സി.എൻ.ജിയിൽ 28.06 കിലോമീറ്റർ വരെ മൈലേജ് ടാറ്റ അവകാശപ്പെടുന്നു. കൂടാതെ, ടിയാഗോക്ക് പുതിയ ടൊർണാഡോ ബ്ലൂ നിറവും ടിയാഗോ എൻ.ആർ.ജിക്ക് ഗ്രാസ്‌ലാൻഡ് ബീജും ടിഗോറിന് മെറ്റിയർ ബ്രോൺസ് കളർ ഓപ്ഷനുകളും സി.എൻ.ജി എ.എം.ടിയിൽ പ്രത്യേകമായി ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മാസത്തിനിടെ ടാറ്റ 1.30 ലക്ഷം സി.എൻ.ജി വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചിട്ടുണ്ട്. ടിയാഗോയുടെയും ടിഗോറിന്‍റെയും സി.എൻ.ജി വേരിയന്‍റുകൾക്ക് മുൻവർഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ 67.9 ശതമാനം വളർച്ച കൈവരിക്കാനായെന്നും, പുതിയ എ.എം.ടി മോഡലുകളുടെ വരവോടെ വിൽപ്പന ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് ചീഫ് കൊമേഴ്‌ഷ്യൽ ഓഫിസർ അമിത് കാമത് പറഞ്ഞു.
ട്വിൻ-സിലിണ്ടർ സാങ്കേതികവിദ്യ, ഹൈ എൻഡ് ഫീച്ചർ ചോയ്‌സുകൾ, സി.എൻ.ജിയിൽ ഡയറക്ട് സ്റ്റാർട്ട് എന്നിങ്ങനെയുള്ള വൈവിധ്യങ്ങൾ സി.എൻ.ജി വിഭാഗത്തിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സിനായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.