ടീച്ചർ ഫ്രം ഓഫ് റോഡ് ട്രാക്ക്
text_fieldsമലപ്പുറം മങ്കടയിൽ നടന്ന എക്സ്ട്രീം ഓഫ്റോഡ് ചലഞ്ച്-2022ലാണ് നസ്റീന താരമായി മാറിയത്. പ്രഫഷനൽ ഡ്രൈവർമാർ മത്സരിക്കുന്ന ട്രാക്കിലൂടെയാണ് വാഹനം ഓടിക്കേണ്ടത്. ടീച്ചറുടെ മുന്നിൽ മഹീന്ദ്ര ഥാർ അച്ചടക്കമുള്ള കുട്ടിയായി മാറി. ചളിയിൽ പൂണ്ട ടയറുകളെ കാലിലെ മാന്ത്രികതകൊണ്ട് മറികടന്ന നിമിഷങ്ങൾ. എട്ടു മിനിറ്റുകൊണ്ട് മത്സരം ഫിനിഷ് ചെയ്തു
കോരിച്ചൊരിയുന്ന മഴ. വെള്ളം കെട്ടിനിൽക്കുന്ന കുഴികൾ. കല്ലും ചളിയും നിറഞ്ഞ മൺപാത. അതിലൂടെയൊരു കറുത്ത മഹീന്ദ്ര ഥാർ ചടുലതയോടെ കടന്നുവരുന്നു. ആ വാഹനത്തിന്‍റെ ഡ്രൈവിങ് സീറ്റിലിരിക്കുന്നത് നസ്റീന എന്ന അധ്യാപികയാണ്. ആദ്യമായി ഓഫ്റോഡ് ട്രാക്കിൽ മത്സരത്തിനിറങ്ങി ചങ്കൂറ്റത്തോടെ വാഹനമോടിച്ച് കൈയടി നേടിയവർ.
മലപ്പുറം ജില്ലയിലെ മങ്കടയിൽ നടന്ന എക്സ്ട്രീം ഓഫ്റോഡ് ചലഞ്ച്-2022ലാണ് ഇവർ താരമായി മാറിയത്. നസ്റീന മത്സരത്തിനെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. സുഹൃത്ത് സുഹൈൽ മക്കരപ്പറമ്പാണ് മത്സരവിവരം അറിയിക്കുന്നത്. അതുവരെ ഓഫ്റോഡിൽ നസ്റീന വാഹനം ഓടിച്ചിട്ടില്ല. എന്നാൽ, സ്ഥിരമായി ഓഫ്റോഡ് റേസുകളുടെ വിഡിയോ കാണാറുണ്ട്. സുഹൈലിന്‍റെ വിളിവന്നതോടെ ആ രംഗങ്ങളെല്ലാം മനസ്സിലൂടെ മിന്നിമറഞ്ഞു. ഭർത്താവും വീട്ടുകാരും സമ്മതം മൂളിയതോടെ മത്സരസ്ഥലത്തേക്ക് പാഞ്ഞെത്തി.
എനർജി ഓഫ് ട്രാക്ക്
പക്ഷേ, ട്രാക്ക് കണ്ടതോടെ ആവേശമെല്ലാം കെട്ടടങ്ങി, ഭയം മനസ്സിനെ കീഴടക്കി. പ്രഫഷനൽ ഡ്രൈവർമാർ മത്സരിക്കുന്ന ട്രാക്കിലൂടെയാണ് വാഹനം ഓടിക്കേണ്ടത്. മടങ്ങിപ്പോകാൻ തീരുമാനിച്ചെങ്കിലും സുഹൃത്തിന്‍റെ നിർബന്ധത്തിന് വഴങ്ങി വാഹനത്തിൽ കയറി.
നാട്ടുകാരും തന്നെയറിയുന്ന വിദ്യാർഥികളുമെല്ലാം അവിടെ കാഴ്ചക്കാരായുണ്ട്. ആൾക്കൂട്ടത്തിനിടയിൽനിന്ന് 'ടീച്ചറേ' എന്ന വിളികൾ കേൾക്കാമായിരുന്നു. അതെല്ലാം ഊർജമായി. ഓട്ടോമാറ്റിക് വാഹനമാണ് ഓടിക്കാൻ ലഭിച്ചത്. തൊട്ടടുത്ത സീറ്റിൽ സഹായിയായി ഒരാളും. ആദ്യമായിട്ടാണ് ഥാർ ഓടിക്കുന്നത്. മനസ്സിനെ കൂളാക്കി നിർത്തി ധൈര്യം സംഭരിച്ചു. ഫോർവീൽ മോഡിലേക്കു മാറ്റി വണ്ടിയെ ഹോട്ടാക്കി. എൻജിന്‍റെ ഇരമ്പൽ കേട്ടതോടെ നാഡികളിലൂടെ അഡ്രിനാലിൻ പ്രവഹിച്ചു.
വാഹനം ട്രാക്കിലേക്കിറങ്ങി. കുഴികൾ താണ്ടി മുന്നോട്ട്. ഭയം കുറഞ്ഞു, ത്രില്ല് വർധിച്ചു. ഇനി മുന്നിൽ കുത്തനെയുള്ള ഇറക്കമാണ്. വീണ്ടും പേടി തോന്നിയ നിമിഷം. എന്നാൽ, ടീച്ചറുടെ മുന്നിൽ മഹീന്ദ്ര ഥാർ അച്ചടക്കമുള്ള കുട്ടിയായി മാറി. ആക്സിലറേറ്ററും ബ്രേക്കും സ്റ്റിയറിങ്ങുമെല്ലാം ക്ലാസ്മുറിയിലെ പഠനോപകരണങ്ങൾപോലെ ലളിതം. ചളിയിൽ പൂണ്ട ടയറുകളെ കാലിലെ മാന്ത്രികതകൊണ്ട് മറികടന്ന നിമിഷങ്ങൾ.
വൈറൽ റേസ്
എട്ടു മിനിറ്റുകൊണ്ട് മത്സരം ഫിനിഷ് ചെയ്തു. ചെറിയൊരു ഫൗളല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും സംഭവിച്ചില്ല. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് അത് വലിയൊരു നേട്ടംതന്നെ. മത്സരം പൂർത്തിയായശേഷമാണ് ട്രാക്ക് പുറത്തുനിന്ന് ശരിക്കും കാണുന്നത്. അതുകണ്ട് അത്ഭുതപ്പെട്ടു. ഇതിലൂടെയാണോ വാഹനമോടിച്ചതെന്ന് ഓർത്ത് അഭിമാനംകൊണ്ടു. മത്സരം കാണാനെത്തിയവരെല്ലാം ടീച്ചറെ അഭിനന്ദനങ്ങൾകൊണ്ട് മൂടി.
ഇവർ വാഹനം ഓടിക്കുന്നതിന്‍റെ ഫോട്ടോയും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിലും വൈറലായി. സമീപപ്രദേശങ്ങളിൽ ഇത്തരം അവസരങ്ങൾ ലഭിച്ചാൽ വീണ്ടും പങ്കെടുക്കാൻതന്നെയാണ് നസ്റീനയുടെ തീരുമാനം. അതേസമയം, മത്സരത്തിന്‍റെ വിഡിയോ കണ്ടപ്പോൾ മാതാപിതാക്കളടക്കമുള്ളവർ ഒന്നുപേടിച്ചു. അവർ സ്നേഹരൂപേണ ശാസിച്ചു. വല്ല അപകടവും സംഭവിക്കുമോ എന്ന ആധിയായിരുന്നു അവർക്ക്.
ബുള്ളറ്റ് ഗേൾ
പത്താം ക്ലാസിൽ പഠിക്കുന്ന കാലംതൊട്ട് നസ്റീന കാർ ഓടിക്കുന്നുണ്ട്. കൂടപ്പിറപ്പുകളാണ് ഡ്രൈവിങ് സീറ്റിലിരിക്കാൻ ധൈര്യം നൽകിയതും ഓടിക്കാൻ പഠിപ്പിച്ചതുമെല്ലാം. കൂടാതെ, ബൈക്കും ഓടിക്കാറുണ്ട്. ബുള്ളറ്റാണ് ഇഷ്ടവാഹനം. മുക്കിൽ ചേരിയം എം.എം.എ.എൽ.പി സ്കൂളിലെ അധ്യാപികയാണ് നസ്റീന. ജോലിയിൽ പ്രവേശിച്ചിട്ട് നാലു വർഷം കഴിഞ്ഞു. വേരുംപിലാക്കൽ സ്വദേശിയായ ഭർത്താവ് നൗഷാദ് വെട്ടത്തൂർ എ.എം.യു.പി.എസ് അധ്യാപകനാണ്. നഷ, നിഷ്ദാൻ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.