പത്ത് വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ ഇനി ഓടിക്കാം; പുതിയ പദ്ധതിയുമായി സർക്കാർ
text_fieldsന്യൂഡൽഹി: പഴയ ഡീസൽ വാഹനങ്ങൾ ഇലക്ട്രിക് കിറ്റുകൾ ഉപയോഗിച്ച് വീണ്ടും ഓടിക്കാമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അറിയിച്ചു. പരമ്പരാഗത ഇേന്റണൽ കംബസ്ഷൻ എഞ്ചിനുകൾ (ഐ.സി.ഇ) ഇലക്‌ട്രിക് കിറ്റുകളിലേക്ക് മാറ്റിയെടുക്കാൻ ഗതാഗത വകുപ്പ് ഇലക്ട്രിക് കിറ്റുകളുടെ നിർമാതാക്കളെ എംപാനൽ ചെയ്യും.
ഇതുപ്രകാരം 10 വർഷത്തിനുശേഷവും പഴയ ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ ഓടാൻ അനുവദിക്കും. രാജ്യതലസ്ഥാനത്തെ 10 വർഷം പഴക്കമുള്ള ഡീസൽ വാഹന ഉടമകൾക്ക് ഇത് ഏറെ ആശ്വാസമാകും.
അനുയോജ്യമായ വാഹനങ്ങളെയാണ് ഇലക്ട്രിക്കിലേക്ക് പരിവർത്തനം ചെയ്യുക. ഇതിന് മുന്നോടിയായി വാഹനം അംഗീകൃത ടെസ്റ്റിംഗ് ഏജൻസികൾ വഴി പരിശോധിക്കും.
2015ൽ ദേശീയ ഹരിത ട്രൈബ്യൂണലും 2018ൽ സുപ്രീം കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഡൽഹിയിൽ ഒാടാൻ അനുവാദമില്ല.
ദേശീയ തലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ വർധിപ്പിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. പ്രവേശനമില്ലാത്ത സമയങ്ങളിൽ ഏകദേശം 250 റോഡുകളിൽ ഇലക്ട്രിക് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും. നോ എൻട്രി, നോ പാർക്കിങ് ബോർഡുകൾ ഇ.വികൾക്ക് ബാധകമാകില്ല. ഇത്തരം നടപടികളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.