10 ലക്ഷം ബുക്കിങ്, നാല് വർഷത്തെ കാത്തിരിപ്പ്; സൈബർ ട്രക് ഡെലിവറി ഡേറ്റ് പുറത്തുവിട്ട് ടെസ്‌ല
text_fieldsവാഹനം അവതരിപ്പിച്ച് നാല് വർഷം, 10 ലക്ഷത്തിന്‍റെ ബുക്കിങ്, വാഹന ചരിത്രത്തിൽ സമാനതകളില്ലാത്ത പരസ്യ പ്രചരണങ്ങൾക്കുശേഷം സൈബർ ട്രക് ഡെലിവറി ഡേറ്റ് പുറത്തുവിട്ട് ടെസ്‌ല. 2023 നവംബർ 30ന് ഇലക്ട്രിക് പിക്കപ്പ് ആയ സൈബർട്രക്കിന്റെ ഡെലിവറി ആരംഭിക്കുമെന്ന് അമേരിക്കൻ ഇ.വി കമ്പനിയായ ടെസ്‌ല ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയിലെ ടെക്സാസിലുള്ള ഗിഗ ഫാക്ടറിയിൽ നിന്നാകും സൈബർ ട്രക്കുകൾ ആദ്യം പുറത്തിറങ്ങുക. ടെക്‌സാസ് പ്ലാന്റിലെ ഫിനാൻഷ്യൽ പ്രെസന്റേഷന് മുന്നോടിയായിട്ടാണ് ഏറ്റവും പുതിയ സമയപരിധി മസ്ക് പ്രഖ്യാപിച്ചത്.
സൈബർട്രക്കിന് ഇതിനകം 10 ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് തന്നെയാണ് പറയുന്നത്. 100 യു.എസ് ഡോളർ റീഫണ്ടബിൾ ടോക്കൺ തുകയ്ക്കാണ് കമ്പനി ബുക്കിങ് സ്വീകരിച്ചിരിക്കുന്നത്. നിലവിലെ മുൻകൂർ ബുക്കിങുകൾ ഡെലിവറി ചെയ്ത് തീരാൻ നാലോ അഞ്ചോ വർഷത്തിലധികം എടുത്തേക്കാമെന്നാണ് വിലയിരുത്തൽ. പ്രതിവർഷം 1.25 ലക്ഷം യൂനിറ്റ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഉത്പാദിപ്പിക്കാനാണ് ടെസ്‌ല ഉദ്ദേശിക്കുന്നത്. പിന്നീട് ഇത് 2.50 ലക്ഷം യൂനിറ്റായി ഉയർത്തും.
ടെസ്‌ല സൈബർട്രക്ക് 2019 നവംബറിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. രണ്ട് വർഷത്തിനുശേഷം വാഹനം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിർമ്മാതാക്കൾ അന്ന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ പിടിച്ചുകുലുക്കിയ കോവിഡ് പ്രതിസന്ധി ഉൾപ്പെടെ നിരവധി തടസ്സങ്ങൾ ഇതിന് നേരിട്ടു. ഈ വർഷം മൂന്നാം പാദത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നിരുന്നില്ല.
വാഹനത്തിന്‍റെ എൻട്രി ലെവൽ വിലകൾ നാല് വർഷം മുമ്പ് പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലായിരിക്കും (40,000 ഡോളറിനടുത്ത്). ഡെലിവറിയ്ക്ക് മുന്നോടിയായി മാത്രമേ കൃത്യമായ വിലയും മറ്റ് വിവരങ്ങളും ബ്രാൻഡ് പുറത്ത് വിടുകയുളളു. ടെസ്‌ല സൈബർട്രക്ക് ബുക്കിംഗ് ട്രാക്കർ നൽകുന്ന കണക്കനുസരിച്ച്, 48 ശതമാനം ബുക്കിംഗുകളും മിഡ് ലെവൽ ഡ്യുവൽ മോട്ടോർ വേരിയന്റിനും 44.5 ശതമാനം ട്രൈ-മോട്ടോർ വേരിയന്റിനും ബാക്കി 7.5 ശതമാനം എൻട്രി ലെവൽ സിംഗിൾ-മോട്ടോർ പതിപ്പിനുമാണ്. മാത്രമല്ല ഇവയിൽ, 74.3 ശതമാനം ബുക്കിംഗുകളിൽ ഫുൾ സെൽഫ് ഡ്രൈവിങ് ഓപ്ഷനുകളും ഉപഭോക്താക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹെവി-ഡ്യൂട്ടി സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി ഘടനയുള്ള വാഹനമാണ് സൈബർ ട്രക്ക്. കാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് പേർക്ക് വാഹനത്തിൽ സഞ്ചരിക്കാനാവും. വെറും 2.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് പിക്ക് അപ്പിന് കഴിയും. സിംഗിൾ ചാർജിൽ 800 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ ലഭിക്കുന്നതിനാൽ കൂടുതൽ സുഖപ്രദമായ ഡ്രൈവും വാഹനം വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.