ടെസ്‍ലയെ നേരിടാനാകുമോ ?; എക്സിലെ ചോദ്യത്തിന് മറുപടി നൽകി ആനന്ദ് മഹീന്ദ്ര
text_fieldsന്യൂഡൽഹി: ടെസ്‍ലയുടെ വരവിനെ നേരിടാനാകുമോയെന്ന എക്സ് യൂസറുടെ ചോദ്യത്തിന് മറുപടി നൽകി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ടെസ്‍ല വൈകാതെ ഇന്ത്യയിലെത്തുമെന്നും മുംബൈയിലും ഡൽഹിയിലും ഷോറൂമുകൾ തുടങ്ങുമെന്നുമുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടയിലാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 1991ൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് മുതൽ ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. നിങ്ങൾ ടാറ്റയോടും മാരുതിയോടും മറ്റ് കമ്പനികളോടും എങ്ങനെ മത്സരിക്കുമെന്നായിരുന്നു അന്ന് ഉയർന്ന ചോദ്യം. എന്നാൽ, ഇപ്പോഴും ഞങ്ങൾ ഇന്ത്യയിലുണ്ട്.
ഒരു നൂറ്റാണ്ട് കഴിഞ്ഞാലും പ്രസക്തരായിരിക്കാൻ ഭ്രാന്തമായി ഞങ്ങൾ പ്രവർത്തിക്കും. നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ അത് യാഥാർഥ്യമാക്കാൻ സാധിക്കുമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.
നേരത്തെ ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായി ടെസ്‍ല ജോലിക്കായി അപേക്ഷ തേടിയിരുന്നു. ഡല്‍ഹിയിലും മുംബൈയിലുമായി 13 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സര്‍വീസ് മാനേജര്‍, ടെക്നിഷ്യന്‍, സെയില്‍സ് അഡ്വൈസര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് അഡ്വൈസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ആളുകളെ തേടുന്നത്. ആദ്യഘട്ടത്തില്‍ വില്‍പന, സര്‍വീസ് കേന്ദ്രങ്ങളാകും ഉണ്ടാവുക. ഭാവിയില്‍ നിര്‍മാണ പ്ലാന്റും തുടങ്ങിയേക്കും. ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയുടെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ടെസ്ല കാല്‍വയ്ക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.