കുട്ടികൾക്ക് വേണ്ടി ഇലക്ട്രിക് ക്വാഡ് ബൈക്കുമായി ടെസ്ല; 'സൈബർക്വാഡ്' വിറ്റു തീർന്നത് ഒരാഴ്ച്ചകൊണ്ട് - വിഡിയോ
text_fieldsഅമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ല കുട്ടികൾക്ക് വേണ്ടി അവതരിപ്പിച്ച ഇലക്ട്രിക് ക്വാഡ് ബൈക്കായ 'സൈബർക്വാഡ്' (Cyberquad) ഇൻറർനെറ്റിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഡിസംബർ തുടക്കത്തിൽ വിൽപ്പനയാരംഭിച്ച് ഒരാഴ്ച്ച കൊണ്ട് ടെസ്‌ലയുടെ വെബ് സൈറ്റിൽ നിന്ന് വിറ്റു തീർന്ന സൈബർക്വാഡ്, ഇപ്പോൾ ഇബേയിൽ (eBay) രണ്ടിരട്ടിയോളം വിലയ്ക്കാണ് ആളുകൾ മറിച്ചു വിൽക്കുന്നത്.
പരമാവധി 16 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന സൈബർക്വാഡ് 1900 ഡോളറിനായിരുന്നു (1.41 ലക്ഷം രൂപ) വിൽപ്പനക്കെത്തിയത്. ഇപ്പോൾ 5000 ഡോളറിലധികം നൽകിയാണ് ഇബേയിൽ നിന്ന് ആളുകൾ ബൈക്ക് വാങ്ങുന്നത്. എട്ട് മുതൽ മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് ടെസ്ല സൈബർക്വാഡ് അവതരിപ്പിച്ചത്.
ടെസ്ല ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സൈബർ ട്രക്കിെൻറ ഡിസൈനിലാണ് സൈബർക്വാഡും ലോഞ്ച് ചെയ്തിരിക്കുന്നത്. അത് തന്നെയാണ് കുട്ടികളെയും മുതിർന്നവരെയും പുതിയ കുട്ടി ബൈക്കിലേക്ക് ആകർഷിക്കുന്നതും. അതേസമയം, മുതിർന്നവർക്ക് വേണ്ടിയുള്ള രണ്ട് സീറ്റുകളുള്ള വലിയ സൈബർക്വാഡ്, സൈബർട്രക്കിനൊപ്പം ടെസ്ല അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്.
ഈ ആഴ്ച്ചയുടെ തുടക്കത്തിൽ തന്നെ, ഒന്നിലധികം യൂട്യൂബർമാർ കുട്ടികൾക്ക് വേണ്ടിയുള്ള സൈബർക്വാഡിെൻറ അൺബോക്സിങ് വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. ബൈക്ക് പാർട്സുകളായി പെട്ടിയിൽ പാക്ക് ചെയ്ത് എത്തുന്ന സൈബർക്വാഡ് ഒരുമിച്ച് ചേർത്തുവെക്കാൻ ഏകദേശം ഏകദേശം രണ്ട് മണിക്കൂർ എടുത്തതായി യൂട്യൂബർമാർ പറയുന്നു.
ടെസ്‌ലയുടെ സൈറ്റിൽ പറയുന്നതനുസരിച്ച്, ക്വാഡ്ബൈക്കിൽ ഒരു ലിഥിയം-അയൺ ബാറ്ററിയാണുള്ളത്. അത് ഏകദേശം 15 മൈൽ വരെ പ്രവർത്തിക്കും, പൂർണ്ണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.