എന്നും അപകടം; ടെസ്‍ലക്കെതിരേ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ച് അന്വേഷണ ഏജൻസികൾ
text_fieldsലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ലക്കെതിരേ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ അന്വേഷണ ഏജൻസികൾ. ഓട്ടോ പൈലറ്റ് സംവിധാനം സംബന്ധിച്ച് ടെസ്‍ല നടത്തുന്ന അവകാശവാദങ്ങളാണ് അന്വേഷിക്കുക. ഡ്രൈവറുടെ സഹായമില്ലാതെ വാഹനമോടുന്ന സംവിധാനമാണ് ഓട്ടോ പൈലറ്റ്. ടെസ്‍ല വാഹനങ്ങളിൽ ഓട്ടോ പൈലറ്റ് മോഡിൽ വാഹനാപകടങ്ങൾ വർധിച്ചതോടെയാണ് കാര്യങ്ങൾ ഗൗരവമായി എടുക്കാനും അന്വേഷണം നടത്താനും അമേരിക്കയുടെ നീതിന്യായ വകുപ്പ് തീരുമാനിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഉയര്‍ന്ന റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ എന്നതിലുപരി ടെസ്‍ലയുടെ മുഖമുദ്രയായിരുന്നു ഓട്ടോ പൈലറ്റ് സാങ്കേതികവിദ്യ. ടെസ്‌ലയുടെ കാറുകളിൽ ഉപയോക്താക്കളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഫീച്ചറുകളിലൊന്നാണിത്. ഓട്ടോ പൈലറ്റ് സംവിധാനം ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിലുണ്ടായ 16 അപകടങ്ങളാണ് നാഷണല്‍ ഹൈവേ ട്രാഫിക് അഡ്മിനിസ്‌ട്രേഷന്റെ അന്വേഷണത്തില്‍ ഇരിക്കുന്നത്.
ഇതിനുപുറമെ, ഉപയോക്താക്കളെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരിലും ഏതാനും കേസുകള്‍ ടെസ്‌ല നേരിടുന്നുണ്ട്. തന്റെ വാഹനത്തിന്റെ പ്രചരണത്തിനായി ഉപയോക്താക്കളെ തെറ്റിധരിപ്പിച്ചെന്ന ആരോപണമാണ് ടെസ്‌ലയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് പലപ്പോഴായി നേരിട്ടിട്ടുള്ളത്.
ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനത്തില്‍ ഉപയോക്താക്കളില്‍ തെറ്റിധാരണയുണ്ടാക്കാന്‍ ടെസ്‌ല ശ്രമിച്ചിട്ടുണ്ടോയെന്നായിരിക്കും പ്രധാനമായും അന്വേഷിക്കുന്നത്. ആരോപണം തെളിഞ്ഞാല്‍ കമ്പനി അധികൃതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
എന്നാല്‍, ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ ഉപയോഗത്തിലും വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഡ്രൈവര്‍ ഒരുക്കമായിരക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. പരസ്യങ്ങളിൽ വെറുതേ ഇരിക്കാൻ പറയുകയും ബ്രോഷറിൽ രഹസ്യമായി സൂക്ഷിക്കണം എന്ന് പറയുകയും ചെയ്യുന്നതാണ് ടെസ്‍ലയുടെ രീതിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.