ടെസ്ലക്കായി ആദ്യം നിരത്തിലെത്തുക നാല് മോഡലുകൾ; അംഗീകാരം ലഭിച്ചു
text_fieldsഅമേരിക്കൻ വൈദ്യുത കാർ നിർമാതാവായ ടെസ്‌ല ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്ന് സി.ഇ.ഒ ഇലോൺ മസ്ക് പ്രഖ്യാപിച്ചതുമുതൽ ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കർണാടകയിലെ ബംഗളൂരുവിൽ ടെസ്‌ല കമ്പനി രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. ടെസ്‌ലയുടെ മോഡൽ 3, മോഡൽ വൈ വാഹനങ്ങൾ ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുറത്തുവരുന്ന വിവരമനുസരിച്ച് രാജ്യത്ത് നാല് ടെസ്‌ല മോഡലുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
മോഡൽ 3, മോഡൽ വൈ എന്നിവയുടെ രണ്ട് വേരിയൻറുകളായിരിക്കും ആദ്യം രാജ്യത്തെത്തുക എന്നാണ് പ്രതീക്ഷ. എന്നാൽ ഇൗ വിവരം ഒൗദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മോഡലുകളും ടെസ്‌ലയിൽ നിന്നുള്ള എൻട്രി ലെവൽ വാഹനങ്ങളാണ്. മോഡൽ എസ്, മോഡൽ എക്സ് പോലുള്ള ഉയർന്ന മോഡലുകൾ പിന്നീടാകും ഇന്ത്യയിലെത്തുക. ടെസ്‌ല വാഹനങ്ങൾ സിബിയു അല്ലെങ്കിൽ പൂർണമായും നിർമിച്ച യൂനിറ്റുകളായി കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാരണത്താൽ, വില ഗണ്യമായി ഉയരാനുള്ള സാധ്യതയുണ്ട്. മോഡൽ 3ക്കും മോഡൽ വൈയ്ക്കും 60 ലക്ഷത്തിന് മുകളിൽ വില പ്രതീക്ഷിക്കുന്നുണ്ട്. മെട്രോപൊളിറ്റൻ നഗരങ്ങളിലാവും ടെസ്‌ല തങ്ങളുടെ ആദ്യ ഡീലർഷിപ്പുകൾ സ്ഥാപിക്കുക. പ്രാദേശികമായി ഭാഗങ്ങൾ നിർമ്മിക്കാൻ ടെസ്‌ല തയ്യാറായാൽ വില ഗണ്യമായി കുറയും. ഇത് ഉടൻ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
'ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനി നേരത്തേ ടെസ്‌ല രജിസ്റ്റർ ചെയ്തിരുന്നു. വൈദ്യുത വാഹന നിർമാതാക്കളിലെ വഴികാട്ടിയെന്നറിയപ്പെടുന്ന കമ്പനിയാണ് ടെസ്‌ല. ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിർമാതാക്കളെന്നാണ് ഈ അേമരിക്കൻ കമ്പനി അറിയപ്പെടുന്നത്. ടെസ്‌ല ഇന്ത്യയിൽ നിർമാണ പ്ലാന്‍റ് സ്ഥാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ അതേപറ്റിയുള്ള സൂചനകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കയിലേത്പോലെ ഇന്ത്യയിൽ ടെസ്‌ല അതിന്‍റെ നേരിട്ടുള്ള വിൽപ്പന മാതൃക പിന്തുടരുമെന്നാണ്സൂചന. കമ്പനി സ്വന്തം സെയിൽസ് ചാനലുകൾ നിയന്ത്രിക്കുകയും, ഷോറൂമുകളും സ്വന്തമായി കേന്ദ്രങ്ങൾ വഴിയും കാറുകൾ വിറ്റഴിക്കുകയും ചെയ്യും. ഈ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് ടെസ്‌ലയുടെ സ്വന്തം ജീവനക്കാരാണ്. സർവീസിലും മാറ്റം പ്രകടമായിരിക്കും. ഉപഭോക്താവിന്‍റെ സേവന അഭ്യർഥനകളിൽ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് മോഡൽ സർവീസ് ടെക്നീഷ്യൻമാരുടെ ടീമാണ്. ഇവരും ടെസ്ലയിലെ മുഴുവൻ സമയ ജോലിക്കാരാണ്.
വാഹനങ്ങളുടെ തകരാറുകൾ വീട്ടിലെത്തി പരിഹരിക്കുന്നതിനും ടെസ്ലക്ക് വിപുലമായ സംവിധാനമുണ്ട്. ബംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിലാകും വിൽപ്പന തുടങ്ങുക. തുടർന്ന് ഹൈദരാബാദ്, ചെന്നൈ, പുനെ നഗരങ്ങളിലും വ്യാപിപ്പിക്കും. ആംസ്റ്റർഡാം, സിഡ്നി, തായ്‌വാൻ എന്നിവിടങ്ങളിലെ പ്രാദേശിക ഓഫീസുകളിൽ നിന്ന് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ് സാധ്യത. ബ്രാൻഡിന്‍റെ വളരെയധികം പ്രചാരമുള്ള സൂപ്പർചാർജർ ശൃംഖല ഇന്ത്യയിലും കാണുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. യുഎസിലെയും യൂറോപ്പിലെയും ബ്രാൻഡിന്‍റെ വിജയത്തിന് ഈ സൗകര്യം അനിവാര്യമായിരുന്നു. ഇന്ത്യയിൽ ഇവ സ്ഥാപിക്കുക ചെലവേറിയ ജോലിയാണ്.
ടെസ്‌ല നേരിട്ട് ഇൻസ്റ്റാൾ ചെയ്യുന്ന ഹോം / ഓഫീസ് ബോക്സ് ചാർജറുകളാവും ഇന്ത്യയിൽ നൽകുക. ഇന്ത്യയ്‌ക്കായുള്ള ആദ്യത്തെ ടെസ്‌ല ഓഫർ എൻട്രി ലെവൽ വാഹനമായ മോഡൽ 3 ആയിരിക്കും. മോഡൽ 3 ലോംഗ് റേഞ്ചിന് 560 കിലോമീറ്റർ വരെ ഒറ്റചാർജിൽ സഞ്ചരിക്കാനാകും. 4.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. തീരെ വിലകുറഞ്ഞ വാഹനങ്ങളല്ല ടെസ്ലയുടേത്. മോഡൽ 3 എന്ന ഏറ്റവും കുറഞ്ഞമോഡൽ മെഴ്‌സിഡസ് സി ക്ലാസ് അല്ലെങ്കിൽ ബിഎംഡബ്ല്യു 3-സീരീസിന് തുല്യമാണ്.55-60 ലക്ഷം രൂപ വരെ ഇവക്ക് വിലയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.