ടെസ്‍ല കാറുകൾ ഇന്ത്യൻ നിരത്തുകളിലേക്ക്..! ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തിയേക്കും
text_fieldsശതകോടീശ്വരൻ ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല ഒടുവിൽ ഇന്ത്യൻ വിപണിയിലേക്ക്. കുറച്ച് വർഷങ്ങളായി ഇന്ത്യയിലേക്ക് വരാനുള്ള കാത്തിരിപ്പിലായിരുന്നു കമ്പനി. എന്നാൽ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ഇലോൺ മസ്കിന്റെ കമ്പനിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതോടെ, വരവിന് റിവേഴ്സ് ഗിയറിടുകയായിരുന്നു.
ഇപ്പോഴിതാ ഇറക്കുമതി തീരുവയിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ടെസ്‍ലയടക്കമുള്ള ആഗോള ഇവി നിർമ്മാതാക്കളുടെ 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾക്ക് ഇറക്കുമതി തീരുവ കുറക്കാൻ കേന്ദ്രം തയ്യാറായെന്നും പിന്നാലെ ടെസ്‍ല ഇന്ത്യൻ വിപണിയിൽ കാലെടുത്തുവെക്കാൻ പോവുകയാണെന്നുമാണ് ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട്.
അതേസമയം, കുറഞ്ഞ ഇറക്കുമതി തീരുവകൾ വാഗ്ദാനം ചെയ്യുന്നത് താൽക്കാലിക കാലയളവിലേക്ക് മാത്രമായിരിക്കും. ടെസ്‌ലയ്ക്ക് 2-3 വർഷത്തേക്ക് ഇറക്കുമതി നികുതി കുറയ്ക്കുന്നതിനുള്ള ഒരു പോളിസിയിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഭാവിയിൽ പ്രാദേശികമായി നിർമ്മാണം ആരംഭിക്കുമെന്നും ബാങ്ക് ഗ്യാരൻ്റി നൽകാമെന്നുമുള്ള ടെസ്‌ലയുടെ വാഗ്ദാനത്തിന് പകരമായിട്ടാണ് ആഡംബര കാറുകൾക്ക് നിലവിൽ ചുമത്തിയിരിക്കുന്ന ഉയർന്ന ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തുന്നത്.
40,000 അമേരിക്കൻ ഡോളറിലധികം (33 ലക്ഷം രൂപ) വിലയുള്ള കാറുകൾക്ക് 100 ശതമാനത്തോളമാണ് ഇന്ത്യയിലെ ഇറക്കുമതി തീരുവ. അതിന് താഴെ വില വരുന്ന കാറുകളുടെ തീരുവ 60 ശതമാനവുമാണ്. വില ഇത്തരത്തിൽ ഇരട്ടിയാകുന്നത് കൊണ്ടാണ് ടെസ്‍ല ഇന്ത്യയിൽ ഇത്രയും കാലം വരവറിയിക്കാതിരുന്നത്. എന്തായാലും ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്‌ലയുടെ കടന്നുവരവിനെക്കുറിച്ച് വർഷങ്ങളായി പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്ക് ഇതോടെ വിരാമമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.