കോവിഡ് ഭീതി; ചൈനയിലെ കാർ നിർമാണം വെട്ടിക്കുറച്ച് ടെസ്‍ല
text_fieldsചൈനയിൽ വീണ്ടും കോവിഡ് ഭീതി പടർന്നതോടെ കാർ നിർമാണം വെട്ടിക്കുറച്ച് ടെസ്‍ല. ഷാങ്ഹായിലെ ഏറ്റവും വലിയ നിർമാണശാലയിലാണ് ഡിസംബർ അവസാനവാരത്തിൽ അപ്രഖ്യാപിത തൊഴിൽ നിർത്തൽ പ്രഖ്യാപിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 25 മുതൽ ജനുവരി ഒന്നുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അമേരിക്ക കഴിഞ്ഞാൽ ടെസ്‌ലയുടെ രണ്ടാമത്തെ വലിയ മാർക്കറ്റ് ആണ് ചൈന. ഷാങ്ഹായ് പ്ലാന്റിൽ നിർമിക്കുന്ന വാഹനങ്ങൾ ടെസ്‍ല വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ടെസ്‌ലയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായ മോഡൽ വൈ ആണ് ഷാങ്ഹായ് ഫാക്ടറിയിൽ കൂടുതലും നിർമിക്കുന്നത്. ഇതിന്റെ നിർമാണമാണിപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
‘മോഡൽ വൈ’യുടെ നിർമാണം ഏതാണ്ട് പൂർണമായും നിർത്തിയതായാണ് സൂചന. മോർണിങ് ഷിഫ്റ്റ് റദ്ദാക്കുകയും നിർമ്മാണ കേന്ദ്രത്തിലെ തൊഴിലാളികളോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ കമ്പനി പുതിയ നീക്കങ്ങളുടെ കാരണം തൊഴിലാളികളോട് വിശദീകരിച്ചിട്ടില്ല.
ഈ മാസം ആദ്യം ചൈന സീറോ-കോവിഡ് നയം ലഘൂകരിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത്. ഇതിനെ ബിസിനസുകളും പൊതുജനങ്ങളും സ്വാഗതം ചെയ്തിതുന്നു. എന്നാൽ അതിനുശേഷം രാജ്യത്ത് കോവിഡ് അണുബാധ വർധിച്ചിരുന്നു. ഈ തരംഗത്തിന്റെ ഭാഗമായി ടെസ്‌ലയിലെ തൊഴിലാളികളും അതിന്റെ വിതരണക്കാരും രോഗബാധിതരായിട്ടുണ്ടെന്നും ഇത് കഴിഞ്ഞ ആഴ്‌ചയിലെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.