രാജ്യത്തെ ആദ്യ വൈദ്യുത ഡബിൾ ഡക്കര്‍ ബസ് സർവ്വീസ് ആരംഭിച്ചു
text_fieldsവൈദ്യുത ഡബിള്‍ ഡക്കര്‍ ബസ് മുംബൈയിൽ സർവ്വീസ് ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ ഇ-ഡബിൾ ഡക്കര്‍ ബസ് സർവ്വീസെന്ന പ്രത്യേകതയോടെയാണ് ഓട്ടം തുടങ്ങിയത്. ചലോ ആപ്പ്, ചലോ സ്മാര്‍ട്ട് കാര്‍ഡ് ഇവയിൽ ഏതെങ്കിലും വഴി ഡിജിറ്റല്‍ ടിക്കറ്റ് എടുത്ത് മാത്രമേ യാത്ര ചെയ്യാനാവൂ.
യാത്ര ചെയ്യേണ്ട സ്ഥലം ആപ്പില്‍ തെരഞ്ഞെടുത്ത ശേഷം ബസിന്റെ മുന്‍ഭാഗത്തുള്ള വാതിലിന് സമീപം പ്രത്യേകം ക്രമീകരിച്ച യന്ത്രത്തിൽ മൊബൈല്‍ഫോണ്‍ കാണിക്കണം. യാത്ര ലക്ഷ്യസ്ഥാനത്ത് എത്തി ബസില്‍നിന്ന് ഇറങ്ങുമ്പോള്‍ പിന്‍വശത്തെ വാതിലിലുള്ള മറ്റൊരു യന്ത്രത്തിൽ മൊബൈല്‍ കാണിക്കണം.
ഇതോടെ ടിക്കറ്റ് നിരക്ക് അക്കൗണ്ടിൽ നിന്ന് പോകും. രാവിലെ 8.45 മുതല്‍ അരമണിക്കൂർ ഇടവേളകളിലാണ് സർവ്വീസ്. 78 പേര്‍ക്ക് ഒരേ സമയം യാത്രചെയ്യാം. ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്(ബെസ്റ്റ്) ബസിന്‍റെ റൂട്ട് ക്രമീകരിച്ചത്. ഛത്രപതി ശിവജി ടെര്‍മിനസില്‍നിന്ന് ചര്‍ച്ച്ഗേറ്റ് വഴി നരിമാന്‍ പോയന്റിലെ എന്‍.സി.പി.എയിലേക്കും തിരിച്ചുമാണ് സർവ്വീസ്. എന്‍.സി.പി.എ.യില്‍ നിന്ന് രാത്രി ഒന്‍പതു മണിയോടെയാണ് അവസാന ട്രിപ്പ്.
തിങ്കൾ മുതല്‍ വെള്ളി വരെയാണ് ഈ റൂട്ടിലുള്ള സര്‍വീസ്. വിനോദസഞ്ചാരികള്‍ക്കായി ദക്ഷിണ മുംബൈയിലെ പ്രധാനസ്ഥലങ്ങളിലേക്ക് ശനിയാഴ്ചയും ഞായറാഴ്ചയും ബസ് ഓടും. ഛത്രപതി ശിവജി ടെര്‍മിനസില്‍ (സി.എസ്.ടി.) നിന്ന് നരിമാന്‍ പോയന്റിലേക്കുള്ള അഞ്ചു കിലോ മീറ്റര്‍ ദൂരത്തിന് ആറു രൂപയാണ് ചാർജ്ജ്. വിനോദസഞ്ചാരികള്‍ക്കായുള്ള പ്രത്യേക യാത്രക്ക് മുകള്‍നിലയില്‍ 150 രൂപയും താഴത്തെ നിലയില്‍ 75 രൂപയും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.