കണ്ണൂരിൽ കാർ കത്തിയതിന്റെ കാരണം കണ്ടെത്തി അന്വേഷണ സംഘം; റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകണ്ണൂരിൽ യുവദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം. കണ്ണൂര്‍ ആര്‍.ടി.ഒ.വിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ടില്‍ നൽകിയത്. തീ പിടിക്കാനുള്ള പ്രാഥമിക കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന എയർ ഫ്രെഷ്നറും ആകാമെന്നും റിപ്പോർട്ട് പറയുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേകമായി നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍.ടി.ഒ. ഇ.എസ്.ഉണ്ണികൃഷ്ണനുപുറമെ, എം.വി.ഐ.മാരായ പി.വി.ബിജു, ജഗന്‍ലാല്‍ എന്നിവരാണുണ്ടായിരുന്നത്. സംഘം സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ അപകടത്തിനിടയായ കാര്‍ തിങ്കളാഴ്ച പരിശോധിച്ചിരുന്നു. കാറില്‍നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വാഹനത്തില്‍ തീ പടരാന്‍ കാരണമെന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ ആര്‍.ടി. ഒ. ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍നിന്നാണ് തീ പടര്‍ന്നായിരുന്നു വിലയിരുത്തല്‍. അതേസമയം, ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നിരുന്നില്ല. സ്പീക്കറും ക്യാമറയുമാണ് അഗ്‌നിക്കിരയായ കാറില്‍ അധികമായി ഘടിപ്പിച്ചിരുന്നത്.
കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാവിലെ 11ഓടെയാണ് ദാരുണമായ അപകടം നടന്നത്. കുറ്റിയാട്ടൂർ സ്വദേശികളായ കെ.കെ. റീഷ (26), ഭർത്താവ് ടി.വി. പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. പൂർണ ഗർഭിണിയായിരുന്ന റീഷക്ക് പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം. ജില്ല ആശുപത്രിയിലെത്താൻ മിനിറ്റുകൾ മാത്രം അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.
കാറിലുണ്ടായിരുന്ന നാലു ബന്ധുക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മുൻ സീറ്റിൽ റീഷയും പ്രജിത്തും പിൻ സീറ്റിൽ ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. കാറിന്‍റെ ഡ്രൈവിങ്ങ് സീറ്റിന് സമീപത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. സീറ്റ് ബെൽറ്റഴിച്ച് കാറിൽ നിന്ന് ഇറങ്ങാനുള്ള സാവകാശം കിട്ടുന്നതിനു മുമ്പ് തന്നെ രണ്ട് പേരും അഗ്നിക്കിരയായി. തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഓഫീസിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി തീ അണച്ചെങ്കിലും റീഷയും പ്രജിത്തും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.