ഹൈബ്രിഡ് രാജാവ്, ടൊയോട്ട ഹൈറൈഡർ
text_fieldsഹൈബ്രിഡ് എൻജിനുകളുടെ രാജാവാണ് ടൊയോട്ട. യൂറോപ്പിലും അമേരിക്കയിലുമെല്ലാം ടൊയോട്ട ഹൈബ്രിഡുകൾ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. ഇന്ത്യയിൽ ടൊയോട്ട ഹൈബ്രിഡ് വിഭാഗത്തിൽ വരുന്ന വാഹനം കാംറി സെഡാനാണ്. 30 ലക്ഷത്തിനുമുകളിൽ വിലവരുന്ന ഈ വാഹനം സാധാരണക്കാർക്ക് പ്രാപ്തമല്ല. എന്നാലിപ്പോൾ തങ്ങളുടെ ഹൈബ്രിഡ് വാഹനങ്ങളിലൊന്ന് ടൊയോട്ട ഇന്ത്യയിലും എത്തിച്ചിരിക്കുന്നു. അർബൻ ക്രൂസർ ഹൈറൈഡർ എന്നാണീ വാഹനത്തിന്റെ പേര്.
സുസുകിയുമായി ചേർന്നാണ് ഹൈറൈഡർ വികസിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഒരു സുസുകി വെർഷനും ഗ്രാൻഡ് വിറ്റാര എന്ന പേരിൽ എത്തിയിട്ടുണ്ട്. രണ്ടുതരം ഹൈബ്രിഡ് സംവിധാനങ്ങൾ ഹൈറൈഡറിലുണ്ട്. ഒന്ന്, മൈൽഡ് ഹൈബ്രിഡ് എന്ന ശക്തികുറഞ്ഞ വകഭേദമാണ്. എന്നാൽ, തിളങ്ങി നിൽക്കുക സ്ട്രോങ് ഹൈബ്രിഡ് വിഭാഗത്തിൽപ്പെടുന്ന രണ്ടാമത്തെ വെർഷനാണ്. വാഹനത്തിന്റെ ഫോർവീൽ വേരിയന്റുകളും കമ്പനി പുറത്തിറക്കും. ആഗസ്റ്റിൽ ഹൈറൈഡർ നിരത്തിലെത്തും. ക്രെറ്റ, സെൽറ്റോസ്, കുഷാക്ക്, ടൈഗൺ എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
യാരിസ് ഹാച്ച്‌ബാക്ക്, യാരിസ് ക്രോസ് എസ്.യു.വി തുടങ്ങിയ അന്താരാഷ്ട്ര ഉൽപന്നങ്ങളിൽ കാണപ്പെടുന്ന ടൊയോട്ടയുടെ ഇ-ഡ്രൈവ് നാലാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഹൈറൈഡറിൽ ഉപയോഗിക്കുന്നത്. ടൊയോട്ടയുടെ 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എൻജിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. എൻജിൻ 92 എച്ച്.പിയും 122 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. 79 എച്ച്.പിയും 141 എൻ.എം ടോർക്കും നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി എൻജിൻ ഇണക്കിയിരിക്കുന്നു. രണ്ട് സംവിധാനങ്ങളുംകൂടി 115 എച്ച്.പി സംയുക്തമായി ഉൽപാദിപ്പിക്കും. ടൊയോട്ടയുടെ ഇ-ഡ്രൈവ് ട്രാൻസ്മിഷനാണ് ഗിയർ മാറ്റത്തിന് ഉപയോഗിക്കുക.
ടൊയോട്ട ഹൈറൈഡറിലെ ഹൈബ്രിഡ് സിസ്റ്റം 177.6V ലിഥിയം-അയൺ ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. 25 കിലോമീറ്റർ വരെ ഇലക്ട്രിക് കരുത്തിൽ മാത്രം സഞ്ചരിക്കാനും വാഹനത്തിനാകും. ടെസ്റ്റ് സാഹചര്യങ്ങളിൽ 24-25kpl വരെ ഇന്ധനക്ഷമത ലഭിച്ചുവെന്നും ഇത് 29 കിലോമീറ്റർ വരെ ഉയരുമെന്നുമാണ് ടൊയോട്ട അവകാശപ്പെടുന്നത്.10 മുതൽ 18 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കപ്പെടുന്നത്. 25,000 രൂപ നൽകി വാഹനം ഓൺലൈനായും ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.