റേഞ്ച് കൂട്ടി പൈസ കുറച്ച് എം.ജി കോമറ്റ് ഇവി ഏപ്രില്‍ 19ന് എത്തും
text_fieldsഎം.ജി. മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റ് ഏപ്രില്‍ 19ന് അവതരിപ്പിക്കും. എന്നാൽ കോമറ്റിന്റെ വില്‍പ്പന മേയ് മാസത്തോടെയാവും ആരംഭിക്കുകയെന്നാണ് എം.ജി നൽകുന്ന സൂചന. വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് എം.ജി കോമറ്റ് നിർമിച്ചിരിക്കുന്നത്. കാറിന്റെ ചിത്രങ്ങൾ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു.
എം.ജി എയർ ഇ.വിയെന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനത്തിന് കോമെറ്റ് എന്നാണ് എം.ജി പേര് സമ്മാനിച്ചത്. ഇംഗ്ലണ്ട് ഓസ്ട്രേലിയ മെക്റോബർട്സൺ എയർ റെയ്സിൽ പങ്കെടുത്ത 1934 മോഡൽ ബ്രിട്ടീഷ് വിമാനത്തിൽ നിന്നാണ് പുതിയ വാഹനത്തിന്റെ പേര് കണ്ടെത്തിയത് എന്നാണ് എം.ജി പറയുന്നത്.
ഇന്തൊനീഷ്യയിൽ വിൽക്കുന്ന വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2.9 മീറ്റർ നീളമുള്ള മൂന്നു ഡോർ കാറിൽ നാലുപേർക്ക് സഞ്ചരിക്കാനാകും. 2010 മില്ലീമീറ്റർ ആണ് വീൽബേസ്. മാരുതി സുസുകി ഓൾട്ടോയെക്കാളും ടാറ്റ നാനോയെക്കാളും വലുപ്പം കുറഞ്ഞ വാഹനമായിരിക്കും എം.ജിയുടെ ഇലക്ട്രിക് കാർ.
നീളം കുറവും ബോക്‌സി സ്റ്റൈലിങും താരതമ്യേന നീളമുള്ള വീൽബേസും എം.ജി എയർ ഇ.വിക്ക് ഓമനത്വം തുളുമ്പുന്ന ഡിസൈൻ സമ്മാനിക്കും. ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാനും പ്രാപ്‌തമായിരിക്കും. ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറും ക്രോം സ്ട്രിപ്പുകളും പ്രീമിയം ഫീലാണ് വാഹനത്തിലേക്ക് കൊണ്ടുവരിക. ഡ്യുവൽ-ടയർ ഹെഡ്‌ലൈറ്റുകൾ, ബ്ലാക്ക് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഷോൾഡർ ലൈനുകൾ എന്നിവയും ഡിസൈനിനോട് നീതി പുലർത്തുന്നവയാണ്.
പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ഇന്റീരിയർ, കണക്റ്റഡ് കാർ ടെക്ക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയുണ്ട്. എം.ജി സിഎസിനെപ്പോലെ മുൻലോഗോക്കു പിന്നിലാണ് ചാർജിങ് പോർട്ട്.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, 2-സ്‌പോക്ക് സ്റ്റിയറിങ് വീൽ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിങ് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നീ സവിശേഷതകളാൽ എംജിയുടെ കോമെറ്റ് സമ്പുഷ്‌ടമായിരിക്കും. ഒന്നിലധികം ബാറ്ററി പായ്ക്കുകളിൽ വാഹനം ലഭ്യമാവുമെങ്കിലും ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
20 kWh മുതൽ 25 kWh വരെ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും വാഹനത്തിന്. ടാറ്റ ഓട്ടോകോമ്പിൽ നിന്നായിരിക്കും ബാറ്ററി. 200 കിലോമീറ്റർ മുതൽ 300 കിലോമീറ്റരർ വരെ റേഞ്ച് ലഭിക്കും എന്നാണ് കരുതുന്നത്. 68 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും ഉപയോഗിക്കുക. ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും. കാറിന്റെ അടിസ്ഥാന വില ഏകദേശം 10 ലക്ഷം രൂപയിൽ താഴെ ആയിരുക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.