ഇന്ധനക്ഷമതയിൽ വിദേശ ആധിപത്യം; മാരുതിയെ പിൻതള്ളി ഹ്യൂണ്ടായ്, ഹോണ്ട, ഫോർഡ്
text_fieldsമാരുതി സുസുക്കിയെ ഇന്ത്യയിൽ ജനപ്രിയമാക്കിയ ഘടകങ്ങളിൽ സുപ്രധാനമായ ഒന്ന് മൈലേജ് അഥവാ ഇന്ധനക്ഷമതയായിരുന്നു. ഫിയറ്റ് മൾട്ടിജെറ്റ് ഡീസൽ എഞ്ചിെൻറ വരവോടെയാണ് മാരുതി മൈലേജിൽ മുൻപനായത്. മാരുതിയോട് കുറച്ചെങ്കിലും പിടിച്ചുനിന്നത് ഹ്യുണ്ടായ് സി.ആർ.ഡി.െഎ ഡീസൽ എഞ്ചിനായിരുന്നു.
മാരുതി തങ്ങളുടെ വാഹനങ്ങളിൽ നിന്ന് ഡീസൽ എഞ്ചിൻ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചത് അടുത്തിടെയായിരുന്നു. ഇൗ നീക്കത്തോടെ ഇന്ധനക്ഷമതയിലെ ആധിപത്യം കമ്പനിക്ക് നഷ്ടമായിട്ടുണ്ട്. വിദേശ കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ മൈലേജിെൻറ കാര്യത്തിൽ മുൻനിരയിലുള്ളത്. ഇവരോട് കുറച്ചെങ്കിലും പിടിച്ചുനിൽക്കുന്നത് നമ്മുടെ സ്വന്തം ടാറ്റയാണ്.
ടാറ്റ ആൾട്രോസ്, 1.5ലിറ്റർ എന്ന സാമാന്യം വലുപ്പമുള്ള എഞ്ചിനിലും 25 ലിറ്ററെന്ന മികച്ച ഇന്ധനക്ഷമത നൽകുന്നുണ്ട്. ഇന്ത്യയിൽ ഇന്ന് ലഭ്യമായ മികച്ച മൈലേജുള്ള ഏഴ് വാഹനങ്ങളെ പരിചയപ്പെടാം.
ഹ്യൂണ്ടായ് ഒാറ എ.എം.ടി
കോംപാക്റ്റ് സെഡാൻ വിഭാഗത്തിൽ ഏറ്റവും പുതിയ എൻട്രിയാണ് ഹ്യുണ്ടായ് ഒാറ എ.എം.ടി. ഈ വർഷം ജനുവരിയിൽ വിപണിയിലെത്തി, ഒാേട്ടാമാറ്റിക് വിഭാഗത്തിൽ പുതിയ ഭാവുകത്വം നിർമിച്ച വാഹനമാണിത്. ഡീസൽ എഞ്ചിനുള്ള ഒാറ മികച്ച മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന് എ.ആർ.എ.െഎ റേറ്റുചെയ്ത മൈലേജ് 25.4 കിലോമീറ്ററാണ്.
ടാറ്റ ആൾട്രോസ്
പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ടാറ്റ മോട്ടോറിന്റെ ഏറ്റവും പുതിയ വാഗ്ദാനമാണ് ്ആൾട്രോസ്. ഡീസലിൽ പ്രവർത്തിക്കുന്ന ആൽട്രോസ് 25.1 കിലോമീറ്റർ മൈലേജുമായി രണ്ടാമതാണ്. 1.5 ലിറ്റർ യൂണിറ്റ് 75 ബി.എച്ച്.പിയും 190 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. വാഹന മേഘലയിൽ സുവർണ മാനദണ്ഡങ്ങൾ സ്ഥാപിച്ച വാഹനമാണ് ആൾട്രോസെന്നാണ് ടാറ്റയുടെ അവകാശവാദം.
ഹ്യൂണ്ടായ് ഗ്രാൻഡ് െഎ 10 നിയോസ്
രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ ഐ 10 നിർമിക്കുന്നത് ഹ്യൂണ്ടായ് ആണ്. ഇതിന് പിൻഗാമിയായി 2019ലാണ് നിയോസ് എത്തുന്നത്. പെട്രോൾ, ഡീസൽ, സി.എൻ.ജി കരുത്തിൽ വാഹനം ലഭിക്കും. ഇതിൽ ഡീസൽ മോഡൽ ഇന്ധനക്ഷമതയിൽ മികച്ചുനിൽക്കുന്നു. എ.ആർ.എ.െഎ റേറ്റുചെയ്ത മൈലേജ് 25.1 കിലോമീറ്ററാണ്. 1.2 ലിറ്റർ യു 2 സി.ആർ.ഡി.െഎ യൂണിറ്റ് 75 ബി.എച്ച്.പി കരുത്തും 190 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
ഹ്യൂണ്ടായ് വെർന ഡീസൽ
ബിഎസ് നാല് യുഗത്തിൽ നിന്ന് ബിഎസ് 6 കാലഘട്ടത്തിലേക്ക് വിജയകരമായി പരിവർത്തനം ചെയ്തതിന് ശേഷം അടുത്തിടെ വെർനയെ ഹ്യൂണ്ടായ് പരിഷ്കരിച്ചിരുന്നു. ഡീസൽ, പെട്രോൾ ഓപ്ഷനുകളുള്ള വാഹനമാണിത്. 1.5 ലിറ്റർ സി.ആർ.ഡി.െഎ ഡീസൽ യൂണിറ്റ് 25.0 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
ഹോണ്ട അമേസ്
ഹോണ്ടയിൽ നിന്നുള്ള കോംപാക്റ്റ് സെഡാനാണ് അമേസ്. വാഹനത്തിലെ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 100 ബി.എച്ച്.പി കരുത്തും 200 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ സി.വി.ടി എന്നിവയുമായാണ് അമേസ് വരുന്നത്. അമേസ് ബിഎസ് 6 മാനുവൽ ട്രാൻസ്മിഷന് എ.ആർ.എ.െഎ റേറ്റുചെയ്തത് 24.7 കിലോമീറ്റർ മൈലേജാണ്.
ഫോർഡ് ആസ്പയറും ഫിഗോയും
ഫോർഡിെൻറ എൻട്രി ലെവൽ ഹാച്ച്ബാക്ക് ഫിഗോയും കോംപാക്റ്റ് സെഡാൻ ആസ്പയറും ഒരേ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് പങ്കുവയ്ക്കുന്നത്. 24.4 കിലോമീറ്റർ (ARAI) ഇന്ധനക്ഷമതയാണ് വാഹനങ്ങൾക്കുള്ളത്. 100 ബിഎച്ച്പി കരുത്തും 215 എൻ.എം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും.
മാരുതി സുസുക്കി ഡിസയർ
ഇൗ പട്ടികയിലെ ഒരേയൊരു പെട്രോൾ കാറും മാരുതി വാഹനവും ഡിസയറാണ്. 1.2 ലിറ്റർ ബിഎസ് 6 കെ-സീരീസ് പെട്രോൾ എഞ്ചിനാണ് ഡിസയറിന്. 89 ബി.എച്ച്.പി കരുത്തും 113 എൻ.എം ടോർക്കുമാണ് വാഹനം ഉദ്പാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം വാഹനം മാരുതി പരിഷ്കരിച്ചിരുന്നു. കുറച്ച് കാലമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് സെഡാനാണ് ഡിസയർ. എ.ആർ.എ.െഎ റേറ്റുചെയ്ത ഇന്ധനക്ഷമത 24.12 കിലോമീറ്റർ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.