ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന ഇ.വി കാറുകൾ ഇവയാണ്; ജൂണിലെ വിൽപ്പന കണക്കുകൾ ഇങ്ങിനെ
text_fieldsഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന ഇ.വികൾ നാലെണ്ണമാണെന്ന് കണക്കുകൾ. ജൂണിൽ രാജ്യത്തെ ഇലക്ട്രിക് പാസഞ്ചർ കാർ വിഭാഗത്തിലെ വിൽപ്പനയിൽ ടാറ്റ മോട്ടോഴ്സ് ഒന്നാമതെത്തി. കഴിഞ്ഞ മാസം 650ലധികം ഇ.വികളാണ് ടാറ്റ വിറ്റഴിച്ചത്. നെക്‌സൺ ഇ.വിയാണ് ടാറ്റക്കായി ഒന്നാം സ്ഥാനംനേടിയത്.
നെക്‌സൺ ഇ.വി, നെക്‌സൺ ഇ.വി മാക്സ്, സബ്-കോംപാക്ട് സെഡാൻ ടിഗോർ ഇ.വി എന്നിവയുടെ വിൽപ്പന കണക്കുകൂട്ടിയാൽ ഇലക്ട്രിക് ഫോർ വീലർ വാഹന വിഭാഗത്തിലെ വിപണി വിഹിതത്തിന്റെ 70 ശതമാനത്തിലധികം ടാറ്റ മോട്ടോഴ്സിനാണ്. 27 ശതമാനം വിപണി വിഹിതവുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എംജി മോട്ടോഴ്സിനേക്കാൾ ഏറെ മുന്നിലാണ് ടാറ്റ. ടാറ്റ അടുത്തിടെ നെക്‌സോൺ ഇവി മാക്‌സ് എന്ന ഇലക്ട്രിക് എസ്‌യുവിയുടെ കൂടുതൽ ശക്തമായ പതിപ്പും അവതരിപ്പിച്ചിരുന്നു.
ഇന്ത്യൻ വിപണിയിലുള്ള എംജി മോട്ടോഴ്സിന്റെ ഏക ഇവി ഇസഡ് എസ് ഇ.വിയാണ്. നിലവിൽ രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന മികച്ച ഇലക്ട്രിക് കാറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് എം.ജി. കഴിഞ്ഞ മാസം 250 ഇസഡ് എസ് ഇ.വികൾ വിറ്റു. എം.ജി ഇവികളുടെ വിൽപ്പനയുടെ കാര്യത്തിൽ 145 ശതമാനം വർധന കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ 102 യൂനിറ്റ് ഇലക്ട്രിക് എസ്‌യുവി മാത്രമാണ് എംജി വിറ്റത്. 21.99 ലക്ഷം എക്സ്-ഷോറൂം) പ്രാരംഭ വില വരുന്ന വാഹനമാണ് ഇസഡ് എസ് ഇ.വി. ടാറ്റ നെക്‌സൺ ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലുതും നീളമുള്ളതും വീൽബേസ് കൂടിയ വാഹനമാണിത്. ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വാഹനം 50.3 kWh ബാറ്ററി പാക്കിൽ നിന്ന് പവർ എടുക്കുന്നു. 176 പിഎസ് ആണ് കരുത്ത്. വാഹനത്തിന് 8.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
വിൽപ്പനയിൽ മൂന്നാമതുള്ളത് ടാറ്റയുടെതെന്ന ടിഗോർ ഇ.വിയാണ്. നെക്‌സൺ എസ്‌യുവിയുടെ ഇവി പതിപ്പിനോളം വിജയിച്ചിട്ടില്ല ടിഗോർ. ടാറ്റ മോട്ടോഴ്‌സിന് ജൂണിൽ എട്ട് ടിഗോർ ഇ.വി സെഡാൻ മാത്രമേ വിൽക്കാനായുള്ളു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 13 യൂനിറ്റുകൾ വിറ്റിരുന്നു.
ജൂണിൽ നാലാമതെത്തിയത് ഹ്യൂണ്ടായുടെ ഏക ഇലക്ട്രിക് വാഹനമായ കോന എസ്‌യുവിയാണ്. ഈ വർഷം അവസാനം ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ പോകുന്ന കൊറിയൻ കാർ നിർമ്മാതാവ്, ജൂണിൽ കോന ഇലക്ട്രിക് എസ്‌യുവിയുടെ ഏഴ് യൂനിറ്റുകൾ മാത്രമാണ് വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.