പുതിയ കാർ വാങ്ങുന്നുണ്ടോ? ഇതാ വരാനിരിക്കുന്ന അഞ്ച് കിടിലൻ എസ്.യു.വികൾ
text_fieldsഇന്ത്യൻ വാഹനവിപണിയിലെ തുടക്കക്കാരാണ് കോംപാക്ട് അഥവാ മിഡ് സൈസ് എസ്.യു.വികൾ. ഇത്തരമൊരു വാഹനശ്രേണി എത്തിയിട്ട് അധിക കാലമായില്ലെങ്കിലും എസ്.യു.വി സെഗ്‌മെന്റ് ഓരോ വർഷവും രാജ്യത്ത് വളരുകയാണ്. ഇന്ത്യയിലെ മൊത്തം പാസഞ്ചർ വാഹന വിപണിയുടെ ഏകദേശം 43 ശതമാനത്തിലധികം കയ്യടക്കിവെച്ചിരിക്കുന്നത് എസ്.യു.വികളാണ്. വരും മാസങ്ങളിൽ വിവിധ കമ്പനികളുടെ എസ്.യു.വികളാണ് വിപണിയിലെത്താൻ ഒരുങ്ങുന്നത്. അവ ഏതെല്ലാമാണെന്ന് നോക്കാം.
മാരുതി സുസുക്കി ഫ്രോങ്ക്സ്
ഫ്രോങ്ക്സിന്‍റെ ലോഞ്ച് ഏപ്രിൽ രണ്ടാം വാരത്തിൽ ഇന്ത്യയിൽ നടക്കുമെന്നാണ് അറിയുന്നത്. കോംപാക്റ്റ് എസ്.യു.വി സെഗ്‌മെന്റിൽ എതിരാളികൾക്ക് പേടിസ്വപ്നമാവാൻ പുതിയ മോഡലിന് കഴിയുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടൽ. നിലവിൽ ബ്രെസ, ഗ്രാന്‍റ് വിറ്റാര എന്നീ ജനപ്രിയ എസ്.യു.വികളാണ് മാരുതി സുസുക്കി കുടുംബത്തിലുള്ളത്. പ്രീമിയം ഡീലർഷിപ്പായ നെക്സയിലൂടെയാവും ഫ്രോങ്ക്സ് വിൽപനക്കെത്തുക.
15500-ലധികം ബുക്കിങ്ങുകളാണ് ഫ്രോങ്ക്സിന് ഇതിനകം ലഭിച്ചത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സീറ്റ, ആൽഫ എന്നീ വേരിയന്റുകളിൽ വാഹനം ലഭ്യമാവും. 6.75 ലക്ഷം മുതൽ 11 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയായിരിക്കും ഫ്രോങ്ക്സിന്‍റെ വില.
K12N 1.2-ലിറ്റർ ഡുവൽ ജെറ്റ് ഡുവൽ വി.വി.ടി പെട്രോൾ എഞ്ചിനും K10 C 1.0-ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനും ഉണ്ട്. 5-സ്പീഡ് മാനുവൽ എ.എം.ടി ട്രാൻസ്മിഷനുകളാണ് K12N എൻജിനിൽ ഉള്ളത്. 5-സ്പീഡ് മാനുവൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ K10 C എഞ്ചിൻ ലഭിക്കും.
മാരുതി സുസുക്കി ജിംനി
വാഹനപ്രേമികൾ ആകാക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ജിംനി. ഫ്രോങ്‌ക്‌സിന് ശേഷമാവും ജിംനി എത്തുക. നെക്‌സ ഡീലർഷിപ്പുകൾ വഴിയാവും ഇതും വിൽക്കുക. 3500 ലധികം ബുക്കിങ്ങുകളാണ് ജിംനി നേടിയിരിക്കുന്നത്. സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങൾ മാത്രമേ ജിംനിക്ക് ഉണ്ടാകൂ.
ഒമ്പത് ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) വില.103PS പരമാവധി കരുത്തും 134Nm പീക്ക് ടോർക്കും നൽകുന്ന 1.5-ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് ഉള്ളത്. സുസുക്കിയുടെ ഓൾ ഗ്രിപ്പ് പ്രോ 4വീൽ ഡ്രൈവ് സാങ്കേതികവിദ്യ സ്റ്റാൻഡേർഡായി ലഭിക്കും.
കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്
2019 ഓഗസ്റ്റിലാണ് സൗത്ത് കൊറിയൻ കമ്പനിയായ കിയ, സെൽറ്റോസ് എന്ന മോഡൽ ഇന്ത്യയിലെത്തിക്കുന്നത്.ചുരുങ്ങിയ കാലംകൊണ്ടുതന്നെ സെൽറ്റോസ് ജനപ്രിയമായി മാറി. റിപ്പോർട്ടുകൾ പ്രകാരം, കിയ ഇന്ത്യ 2023 അവസാനത്തോടെ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും.
1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ അതേപടി തുടരും എന്നാണ് വിവരം. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് നിലവിലുള്ള 10.89 മുതൽ 19.65 ലക്ഷം രൂപ (എക്സ്-ഷോറൂം) യേക്കാൾ വില കൂടുമെന്നാണ് സൂചന.
ഹോണ്ട എസ്.യു.വി
മാസങ്ങൾക്കകം ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ പുതിയ എസ്.യു.വി ഇന്ത്യയിൽ പുറത്തിറക്കും. ഒരു ആഗോള എസ്.യു.വിയെയായിരിക്കും ഹോണ്ട ഇന്ത്യയിലെത്തിക്കുക എന്നാണ് വിവരം.
ഹോണ്ട സിറ്റിയിലുള്ള അതേ 1.5 ലിറ്റർ പെട്രോൾ, ശക്തമായ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വരുമെന്നാണ് പ്രതീക്ഷ. 10.50 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുണ്ടാകും.
ഹ്യുണ്ടായ് മൈക്രോ എസ്.യു.വി
ടാറ്റ പഞ്ചിന് ശക്തനായ എതിരാളിയുമായി ഹ്യുണ്ടായിയുടെ ഒരു മൈക്രോ എസ്.യു.വി ഇന്ത്യയിലെത്തുമെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച്കാലമായി. ഈ വർഷം തന്നെ മൈക്രോ എസ്.യു.വി വിപണിയിലെത്തിക്കുമെന്നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിൽ നിന്നു ലഭിക്കുന്ന വിവരം.
നിലിവിലുള്ള ചെറു എസ്.യു.വി വെന്യുവിന് താഴെയാവും പുതിയ വാഹനം ഉണ്ടാവുക. ആറ് ലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെയായിരിക്കും (എക്‌സ് ഷോറൂം) വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.