ഇന്ത്യയിലെ മികച്ച ആറ് സി.എൻ.ജി കാറുകൾ, വില 10 ലക്ഷത്തിൽ താഴെ
text_fieldsഇന്ത്യൻ വാഹന വിപണിയിൽ സി.എൻ.ജി വാഹനങ്ങൾക്ക് ജനപ്രീതി ഏറിവരികയാണ്. പെട്രോൾ, ഡീസൽ വിലവർധനവും താങ്ങാവുന്ന വിലയിൽ സി.എൻ.ജി വാഹനങ്ങൾ സ്വന്തമാക്കാമെന്നതുമാണ് ഇതിന് കാരണം. റേഞ്ച് ഉത്കണ്ഠയും ചാർജിങ് സ്റ്റേഷനുകളുടെ അഭാവവും കാരണം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ മടിക്കുന്നവർക്കിടയിലേക്കാണ് സി.എൻ.ജി വാഹനങ്ങൾ ചുവടുവെച്ചത്.
പിന്നീടങ്ങോട്ട് ഇന്ത്യൻ വാഹനവിപണിയിൽ സി.എൻ.ജി കാറുകൾ ശക്തമായ സാന്നിധ്യമായി മാറി. സി.എൻ.ജി തീർന്നാലും പെട്രോൾ ഉപയോഗിച്ച് വാഹനത്തിന് ഓടാനാകുമെന്നതാണ് വലിയ പ്രായോഗികത. 10 ലക്ഷത്തിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച ആറ് സി.എൻ.ജി കാറുകൾ ഏതെല്ലാമാണെന്ന് നോക്കാം.
മാരുതി സുസുക്കി സ്വിഫ്റ്റ്
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണ് സ്വിഫ്റ്റ്. 89 പി.എസ് പരമാവധി കരുത്തും 113 എൻ.എം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ ഫോർ സിലിണ്ടർ ഡ്യുവൽജെറ്റ് എഞ്ചിനാണ് സി.എൻ.ജി പതിപ്പിന് കരുത്തേകുന്നത്.
സി.എൻ.ജിയിൽ പ്രവർത്തിക്കുമ്പോൾ പവർ ഔട്ട്പുട്ട് 77.49 പി.എസ്, 98.5 എൻ.എം എന്നിങ്ങനെകുറയുന്നു. 30.90 കി.മീ/കി.ഗ്രാം ആണ് കമ്പനി അവകാശപ്പെടുന്നത്. മാനുവൽ ഗിയർബോക്‌സ് മാത്രമാണുള്ളത്. VXi, ZXi എന്നീ രണ്ട് വകഭേദങ്ങളിൽ സി.എൻ.ജി പതിപ്പ് ലഭിക്കും. 7.85 ലക്ഷം രൂപ മുതൽ 8.53 ലക്ഷം വരെയാണ് വില (എക്സ്-ഷോറൂം).
ടാറ്റ ടിയാഗോ ഐ.സി.എൻ.ജി
ടാറ്റ കുടുംബത്തിലെ ഏറ്റവും താങ്ങാനാവുന്ന സി.എൻ.ജി വാഹനമാണ് ടിയാഗോ ഐ.സി.എൻ.ജി. 86 പി.എസ് പരമാവധി പവറും 113 എൻ.എം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3സിലിണ്ടർ റെവോട്രോൺ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.
സി.എൻ.ജിയിൽ പ്രവർത്തിക്കുമ്പോൾ പവർ 73 പി.എസ് ആയും ടോർക്ക് ഔട്ട്പുട്ട് 95 എൻ.എം ആയും കുറയുന്നു. 26.49 കി.മീ/കി.ഗ്രാം ആണ് ഇന്ധനക്ഷമത. 5സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണുള്ളത്. നാല് വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാം. 6.30 ലക്ഷം മുതൽ 7.82 ലക്ഷം രൂപ വരെയാണ് വില (എക്സ്-ഷോറൂം).
ഹ്യുണ്ടായ് ഐ10 നിയോസ്
സി.എൻ.ജി കാറുകളിൽ ഫീച്ചറുകളാൽ സമ്പന്നമായ മോഡലാണ് ഐ10 നിയോസ്. 83 പി.എസ് പരമാവധി കരുത്തും 113 എൻ.എം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ 4സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.
സി.എൻ.ജിയിൽ പ്രവർത്തിക്കുമ്പോൾ പവർ ഔട്ട്പുട്ട് 68 ബി.എച്ച്.പിയും ടോർക്ക് 95 എൻ.എമ്മും ആയി കുറയും.5സ്പീഡ് ട്രാൻസ്മിഷനാണുള്ളത്. മാഗ്ന, സ്പോർട്സ്, ആസ്റ്റ എന്നീ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭിക്കും. സ്‌പോർട്‌സിന് 7.70 ലക്ഷം രൂപയും ആസ്റ്റക്ക് 8.45 ലക്ഷവുമാണ് വില (എക്സ് ഷോറൂം).
മാരുതി സുസുക്കി ഡിസയർ
ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ കോംപാക്ട് സെഡാനാണ് ഡിസയർ. ഡിസയറിന്റെ വിൽപ്പനയിൽ സി.എൻ.ജി പതിപ്പിന് വലിയ പങ്കുണ്ട്. സ്വിഫ്റ്റിലെ അതേ ഡ്യുവൽജെറ്റ് എഞ്ചിനാണ് ഡിസയറിന് കരുത്തേകുന്നത്. ഇത് പരമാവധി 89 പി.എസ് പവറും 113 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
സി.എൻ.ജിയിൽ പ്രവർത്തിക്കുമ്പോൾ പവർ ഔട്ട്പുട്ട് 77.49 പി.എസിലേക്കും 98.5 എൻ.എമ്മിലേക്കും കുറയുന്നു. 31.12 കി.മീ/കി.ഗ്രാം ആണ് ഇന്ധനക്ഷമത. VXi, ZXi എന്നീ രണ്ട് വേരിയന്‍റിൽ വാഹനം ലഭ്യമാണ്. 8.23 ലക്ഷം രൂപ മുതൽ 8.91 ലക്ഷം രൂപ വരെയാണ് വില (എക്സ് ഷോറൂം).
ഹ്യുണ്ടായ് ഓറ
ഇന്ത്യയിൽ വിപണിയിലെ മറ്റൊരു സി.എൻ.ജി കോംപാക്റ്റ് സെഡാനാണ് ഹ്യുണ്ടായ് ഓറ. ഗ്രാൻഡ് ഐ10 നിയോസിലെ അതേ എഞ്ചിനാണ് ഓറയിലും. ഇത് പരമാവധി 83 പി.എസ് പവറും 113 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
സി.എൻ.ജിയിൽ പവർ ഔട്ട്പുട്ട് 68 ബി.എച്ച്.പിയും ടോർക്ക് 95 എൻ.എം ആയും കുറയും. രണ്ട് വേരിയന്റുകളിൽ ഓറ സി.എൻ.ജി ലഭിക്കും. 6.09 ലക്ഷം രൂപ മുതൽ 8.57 ലക്ഷം രൂപ വരെയാണ് വില (എക്സ് ഷോറൂം).
ടാറ്റ ടിഗോർ
ടിയാഗോ ഐ.സി.എൻ.ജിയുടെ അതേ എൻജിനാണ് ടിഗോറിനും കരുത്തേകുന്നത്. 1.2ലിറ്റർ എഞ്ചിൻ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 86 പി.എസും പവറും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. സി.എൻ.ജിയിൽ 73 പി.എസും 95 എൻ.എമ്മും ആയി ഇത് കുറയും.
5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. XM, XZ, XZ പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭിക്കും. 7.40 ലക്ഷം മുതൽ 8.59 ലക്ഷം രൂപവരെയാണ് വില (എക്സ് ഷോറൂം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.