ഇന്ത്യയിൽ ആദ്യമായി ഈ വാഹനം സ്വന്തമാക്കുന്നത് ടൊവിനോ; ഗരാജിലേക്ക് പുതിയ കരുത്തനെ വരവേറ്റ് താരം
text_fieldsനടൻ ടൊവിനോ തോമസ് പുതിയൊരു ആഡംബര വാഹനംകൂടി സ്വന്തമാക്കി. ലാൻഡ്റോവറിന്റെ റേഞ്ച് റോവർ സ്പോർട്ട് എസ്.യു.വി ആണ് നടൻ ഗരാജിലെത്തിച്ചത്. റേഞ്ച് റോവർ സ്പോർട്ട് എസ്.യു.വിയുടെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവാണ് ടൊവിനോ.
നടൻ എസ്.യു.വി ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ലാൻഡ് റോവറർ റേഞ്ച് റോവർ സ്പോർട്ട് ഡൈനാമിക് എസ്.എച്ച്.ഇ വേരിയന്റാണ് ടൊവിനോ തെരഞ്ഞെടുത്തത്. 1.71 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. റേഞ്ച് റോവർ സ്‌പോർട്ടിന്റെ സാന്റോറിനി ബ്ലാക്ക് കളർ ഓപ്ഷനാണ് നടൻ തെരഞ്ഞെടുത്തിരിക്കുന്നത്.
റേഞ്ച് റോവർ സ്പോർട്ട്
കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് (CBU) റേഞ്ച് റോവർ സ്പോർട്ട് ഇന്ത്യയിൽ വിൽക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് വാഹനം വരുന്നത്. 350 bhp പവറിൽ പരമാവധി 700 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ ആറ് സിലിണ്ടർ D350 ഡീസൽ എഞ്ചിനാണ് ഇതിൽ ആദ്യത്തേത്.
രണ്ടാമത്തെ P400 പെട്രോൾ എഞ്ചിന് 400 bhp കരുത്തിൽ 550 Nm torque വരെ ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ വലിപ്പമുള്ള സിലിണ്ടർ എഞ്ചിൻ കൂടിയാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് റോവർ സ്‌പോർട്ടിൽ 4WD, എയർ സസ്‌പെൻഷൻ എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറാണ്.
റേഞ്ച് റോവർ വെലാറിന് സമാനമായ ഡാഷ്‌ബോർഡ് ഡിസൈനിലാണ് പുത്തൻ റേഞ്ച് റോവർ സ്പോർട്ടും വരുന്നത്. ഡാഷ് ബോർഡിൽ ലെതർ പാഡുകൾ, ഡോർ പാഡുകൾ, മൾട്ടി-ഫംഗ്ഷൻ ത്രീ-സ്‌പോക്ക് സ്റ്റിയറിങ് വീൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൺട്രോളറുകൾക്കുള്ള ഡിജിറ്റൽ ഡയൽ സ്‌ക്രീൻ, മസാജർ ഫംഗ്‌ഷനുള്ള വെൻഷ്യൽ സീറ്റുകൾ, ലെതർ സീറ്റ് കവറുകൾ തുടങ്ങിയവയെല്ലാമാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകൾ.
യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് മുന്നിലും പിന്നിലും ഉള്ള സീറ്റുകൾ വൈദ്യുതപരമായി ക്രമീകരിക്കാം. ഉടമയ്ക്ക് വേണമെങ്കിൽ ലെതർ ഫ്രീ ഇന്റീരിയറും റേഞ്ച് റോവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ലെതർ അപ്‌ഹോൾസ്റ്ററിക്ക് പകരമായി ക്വാഡ്രാറ്റ് അൾട്രാഫാബ്രിക്ക് ഈ കാർ നൽകും. മെറിഡിയനിൽ നിന്നുള്ള 19 സ്പീക്കർ പ്രീമിയം 800W ഓഡിയോ സിസ്റ്റം കൂടാതെ മറ്റു പലതും എസ്‌യുവി വാഗ്ദാനം ചെയ്യുന്നതും ആഡംബരം കൂട്ടുന്നുണ്ട്. പിന്നിലെ യാത്രക്കാർക്ക് മാനുവൽ വിൻഡോ ബ്ലൈന്റുകൾ പോലെയുള്ള നിരവധി ഓപ്ഷണൽ എക്സ്ട്രാകളും ലഭിക്കും.
ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും മികച്ച ശേഖരമാണ് ടൊവിനോയുടെ വാഹന ശേധരത്തിലുള്ളത്. നാലാം തലമുറ ഹോണ്ട സിറ്റി, ഔഡി Q7, ബിഎംഡബ്ല്യു 7 സീരീസ്, മിനി കൂപ്പർ സൈഡ്‌വാക്ക് എഡിഷൻ, ബിഎംഡബ്ല്യു G310 GS ബൈക്ക് എന്നിവയാണ് ടൊവിയുടെ കളക്ഷനിലുള്ള മറ്റു വാഹനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.