ലെജൻഡ്സ് ആർ ബാക്ക്; പുതുവർഷ പ്രതീക്ഷയായി ഫോർച്യൂണറും ലെജൻഡറും
text_fieldsടൊയോട്ടയുടെ അഭിമാന മോഡലുകളിലൊന്നായ ഫോർച്യുണറിന്‍റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. ഇതോടൊപ്പം ഫോർച്യൂണർ ലെജൻഡർ എന്ന ഉയർന്ന വകഭേദവും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഫോർച്യൂണറിന്‍റെ കൂടുതൽ സ്പോർട്ടിയും സ്റ്റൈലിഷുമായ വെർഷനാണ് ലെജൻഡർ. ഫോർച്യൂണറിന് വില 29.98 ലക്ഷത്തിൽ ആരംഭിക്കുേമ്പാൾ ലെജൻഡർ ഗ്യാരേജിലെത്തിക്കാൻ 37.58 ലക്ഷം മുടക്കണം. 2016 ലാണ് പുതിയ തലമുറ ഫോർച്യൂണർ രാജ്യത്ത് എത്തിയത്. അതിനുശേഷമുള്ള പ്രധാന പരിഷ്കരണമാണ് പുതുവർഷത്തിൽ സംഭവിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക്ക് മോഡലിൽ ശക്തമായ ഡീസൽ എഞ്ചിൻ ഉൾപ്പെടുത്തിയത് ഇത്തവണത്തെ പ്രത്യേകതയാണ്. ലെജൻഡർ രണ്ട് വീൽ ഡ്രൈവിൽ മാത്രമാണ് ലഭ്യമാണെന്നതും എടുത്തുപറയേണ്ടതാണ്.
പുതിയ ഫോർച്യൂണർ
എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ, വലിയ മെഷ്-പാറ്റേൺ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത മുൻ ബമ്പർ, 18 ഇഞ്ച് പുതിയ അലോയ് വീലുകൾ എന്നിവ പുതിയ ഫോർച്യൂണറിന്‍റെ പ്രത്യേകതകളാണ്. എൽഇഡി ഹെഡ്ലൈറ്റുകൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. പിന്നിൽ മെലിഞ്ഞ രൂപത്തിലുള്ള എൽഇഡി ടെയിൽ-ലൈറ്റുകൾ ചേർത്തതാണ് പ്രധാന മാറ്റം. ഇന്‍റീരിയറിൽ പഴയ മോഡലിൽ നിന്ന് ഡിസൈനിന്‍റെ കാര്യത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം ഉൾപ്പെടുത്തിയത് മാറ്റമാണ്. ടൊയോട്ട കണക്റ്റഡ് കാർ ടെകും നൽകിയിട്ടുണ്ട്. അപ്‌ഡേറ്റുചെയ്‌ത ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, എട്ടുരീതിയിൽ ക്രമീകരിക്കാവുന്നതും വായുസഞ്ചാരമുള്ളതുമായ ഡ്രൈവർ, കോ-ഡ്രൈവർ സീറ്റുകൾ, 11-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ എന്നിവയും പ്രത്യേകതയാണ്. രണ്ട് ഇന്‍റീരിയർ കളർ സ്കീമുകളും ലഭ്യമാണ്.
ഫോർച്യൂണർ ലെജൻഡർ
ഫോർച്യൂണർ ലൈനപ്പിന്‍റെ ഏറ്റവും ഉയർന്ന വകഭേദമാണ് ലെജൻഡർ. സ്പ്ലിറ്റ് ഗ്രില്ലിനൊപ്പം വ്യത്യസ്തമായ മുഖഭാവമാണ് ലെജൻഡറിന്. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ ഉൾക്കൊള്ളുന്ന വ്യത്യസ്ത ഫ്രണ്ട് ബമ്പർ, എൽഇഡി ഡിആർഎലുകൾക്ക് സവിശേഷമായ പാറ്റേൺ ഉള്ള എൽഇഡി പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, ക്രോം അലങ്കാരങ്ങൾക്ക് പകരം ഗ്ലോസ്സി ബ്ലാക്ക് ഫിനിഷ്, വ്യത്യസ്ത അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. വിദേശത്ത് നിരവധി കളർ കോമ്പിനേഷനുകളിൽ വാഹനം ലഭ്യമാണെങ്കിലും പേൾ വൈറ്റിൽ കോൺട്രാസ്റ്റ് ബ്ലാക്ക് മേൽക്കൂരയുള്ള പതിപ്പ് മാത്രമേ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നുള്ളൂ. കറുപ്പും മെറൂണും ചേർന്നതാണ് ഇന്‍റീരിയർ കളർ. ഹാൻഡ്‌സ് ഫ്രീ ടെയിൽ ഗേറ്റ് ഓപ്പണിങ് ഫംഗ്ഷനും ലെജൻഡറിന് ലഭിക്കുന്നു.
എഞ്ചിൻ, ഗിയർബോക്‌സ്
പുറത്തുപോകുന്ന മോഡലിനെപ്പോലെ പുതിയ ഫോർച്യൂണറിനും 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമാണ്. 166 എച്ച്പി കരുത്തും 245 എൻഎം ടോർകും ഉത്പാദിപ്പിക്കുന്ന പെട്രോൾ എഞ്ചിന് മാറ്റമില്ല. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്‌സ്. അതേസമയം, വലിയ മാറ്റം ഡീസൽ എഞ്ചിനിലാണ്. 2.8 ലിറ്റർ യൂനിറ്റ് ഇപ്പോൾ 204 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിൽ മുമ്പത്തെപ്പോലെ 420 എൻഎം ടോർക്കാണ് എഞ്ചിൻ പുറപ്പെടുവിക്കുന്നത്. എന്നാൽ ആറ് സ്പീഡ് ടോർക് കൺവെർട്ടർ യൂനിറ്റുമായി ചേരുേമ്പാൾ 500 എൻഎം ടോർകിലേക്ക് എഞ്ചിൻ കരുത്ത് വർധിക്കും. പെട്രോൾ മോഡൽ രണ്ടുവീൽ ഡ്രൈവ് രൂപത്തിൽ മാത്രമേ ലഭ്യമാകൂ. ഡീസലിന് നാല് വീൽ ഡ്രൈവ് സംവിധാനവും ലഭിക്കും. ഫോർച്യൂണർ ലെജൻഡറിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണുള്ളത്. രണ്ടുവീൽ ഡ്രൈവ് രൂപത്തിൽ മാത്രമേ ലെജൻഡർ ലഭ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.