ഫോർച്യൂണറിന്‍റെ പുതിയ അവതാരവുമായി ടൊയോട്ട; ഫ്ലക്സ് ഫ്യൂവൽ എഞ്ചിൻ വേരിയന്‍റ് അവതരിപ്പിച്ചു
text_fieldsഇന്ത്യയിലെ ആദ്യ ഫ്ലക്സ് ഫ്യൂവൽ വാഹനം അവതരിപ്പിച്ച നിർമാതാക്കളാണ് ടൊയോട്ട. കൊറോളയാണ് ഇത്തരത്തിൽ ടൊയോട്ട ഇന്ത്യയിൽ എത്തിച്ചത്. ഇപ്പോഴിതാ തങ്ങളുടെ മറ്റൊരു ബെസ്റ്റ് സെല്ലർകൂടി ടൊയോട്ട ഫ്ലക്സ് ഫ്യൂവലിലേക്ക് മാറ്റുകയാണ്. ഫോർച്യൂണർ ആണ് ആ വാഹനം. 2023 ഗൈകിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിലാണ് (GIIAS) ഫോർച്യൂണറിന്റെ ഫ്ലെക്‌സ് ഫ്യുവൽ പതിപ്പിനെ അവതരിപ്പിച്ചത്.
100 ശതമാനം ബയോ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വാഹനമാണിത്. പരിഷ്‌ക്കരിച്ച 2.7 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനോടെയാണ് ഫോർച്യൂണറിന്റെ ഫ്ലെക്‌സ് ഫ്യുവൽ മോഡൽ വരുന്നത്. നാച്ചുറലി ആസ്പിരേറ്റഡ്, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിന്റെ ഇന്ധന സംവിധാനത്തിലും എഞ്ചിൻ കൺട്രോൾ യൂണിറ്റ് (ECU) പ്രോഗ്രാമിംഗിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
ഫ്ലെക്‌സ് ഫ്യുവലിൽ പ്രവർത്തിക്കുമ്പോൾ എസ്‌യുവിക്ക് മതിയായ പവർ ലഭിച്ചേക്കില്ലെന്നുള്ള ചിന്തകൾക്കിടെയാണ് ലക്ഷണമൊത്ത ഒരു എസ്.യു.വി ഫ്ലക്സ് ടെകിലേക്ക് മാറുന്നത്. ബയോ എഥനോളിൽ ഓടുമ്പോൾ ഫോർച്യൂണർ പരമാവധി 163 bhp കരുത്തും പരമാവധി 243 Nm ടോർക്കും പുറത്തെടുക്കും. പെട്രോൾ മോഡലിനെ അപേക്ഷിച്ച് അൽപം കുറവ് പവറും (3bhp) ടോർക്കു (2 Nm)മാണിത്.
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ചാണ് ഫ്ലെക്‌സ് ഫ്യുവൽ ഫോർച്യൂണറും പ്രവർത്തിക്കുന്നത്. കൂടാതെ 4X4 സംവിധാനം ഒഴിവാക്കി റിയർ വീൽ ഡ്രൈവ് വാഹനമായാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ ഡിസൈനും സ്റ്റൈലിംഗും സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്. വെള്ളയും പച്ചയും കലർന്ന കളർ ഓപ്ഷൻ ഉപയോഗിച്ചാണ് ഹരിത ബദലിനെ ടൊയോട്ട ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.