ടൊയോട്ട ഹയസ്, 55 ലക്ഷം വിലവരുന്ന വേറിട്ടൊരു ടൊയോട്ട
text_fieldsഎം.പി.വികളിലെ അതികായനായ ടൊയോട്ട ഹയസിന് ഇന്ത്യയിൽ വില പ്രഖ്യാപിച്ചു. 55 ലക്ഷം രൂപയാണ് എക്സ് ഷോറൂം വിലയിട്ടിരിക്കുന്നത്. അഞ്ചാം തലമുറ വാഹനമാണിത്. ഏറ്റവും പുതിയ ഹയസിനെയല്ല ടൊയോട്ട ഇന്ത്യയിൽ എത്തിക്കുന്നത്. നിലവിൽ ചില അന്താരാഷ്ട്ര വിപണികളിൽ പുത്തൻ ഹയസ് എത്തുന്നുണ്ടെങ്കിലും ആ വാഹനം തൽക്കാലം ഇവിടെയെത്തില്ല.
പൂർണമായും ഇറക്കുമതി ചെയ്ത വാഹനമായിരിക്കും ഇന്ത്യയിൽ വിൽപ്പനക്കെത്തുക. പ്രാരംഭ ബാച്ചിലെ 50 യൂനിറ്റുകൾ ഇതിനകം രാജ്യത്ത് എത്തിയിട്ടുണ്ട്. നിലവിൽ വൈറ്റ്, സിൽവർ നിറങ്ങളിൽ മാത്രമേ ലഭ്യമാകൂ. 151 എച്ച്പി, 2.8 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്. 14 സീറ്റുകളുള്ള മോഡലാണ് രാജ്യത്ത് അവതരിപ്പിക്കുക.
ഇന്‍റീരിയറുകളും മറ്റ് സവിശേഷതകളും
ഡ്രൈവർ, കോ-ഡ്രൈവർ, 12 യാത്രക്കാർ എന്നിങ്ങനെ 14 സീറ്റുകളുള്ള കോൺഫിഗറേഷനുമായി ജിഎൽ ട്രിം ലെവലിൽ ഹയസ് ലഭ്യമാണ്. അധിക ബൂട്ട് ശേഷി നൽകുന്നതിന് അവസാന വരി സീറ്റുകൾ മടക്കാനാവുംവിധമാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഇന്‍റീരിയർ ഡിസൈൻ ലളിതവും ഉപയോഗപ്രദവുമാണ്. ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളോ ആധുനിക സ്റ്റൈലിംഗോ ഹയാസ് അവതരിപ്പിക്കുന്നില്ല. പകരം റഫ് ആൻഡ് ടഫ് ആയും പ്രായോഗികമായുമാണ് വാഹനം നിർമിച്ചിരിക്കുന്നത്.
ക്യാബിനുചുറ്റും ധാരാളം സംഭരണ ഇടങ്ങളുമുണ്ട്. സിഡി, യുഎസ്‌ബി, ഓക്സ് പിന്തുണയുള്ള 2-ഡിൻ ഓഡിയോ സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, റിയർ ഡിഫോഗർ, ഓരോ വരിയിലും എസി വെന്‍റുകൾ, സെമി-റിക്ലൈനിംഗ് സീറ്റുകൾ, പവർ സ്ലൈഡിംഗ് പിൻ വാതിലുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.