Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിലകുറഞ്ഞ ടൊയോട്ട...

വിലകുറഞ്ഞ ടൊയോട്ട ഹൈബ്രിഡുകൾ ഇനി ഇന്ത്യയിലും; 30 കിലോമീറ്റർ മൈലേജുമായി ഹൈറൈഡർ

text_fields
bookmark_border
Toyota Hyryder SUV breaks cover bookings open
cancel

ഹൈബ്രിഡ് എഞ്ചിനുകളുടെ രാജാവാണ് ടൊയോട്ട. യൂറോപ്പിലും അമേരിക്കയിലുമൈല്ലാം ടൊയോട്ട ഹൈബ്രിഡുകൾ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. ഇന്ത്യയിൽ ടൊയോട്ട ഹൈബ്രിഡ് വിഭാഗത്തിൽ വരുന്ന വാഹനം കാംറി സെഡാനാണ്. 30 ലക്ഷത്തിനുമുകളിൽ വിലവരുന്ന ഈ വാഹനം സാധാരണക്കാർക്ക് പ്രാപ്തമല്ല. എന്നാലിപ്പോൾ തങ്ങളുടെ ഹൈബ്രിഡ് വാഹനങ്ങളിലൊന്ന് ടൊയോട്ട ഇന്ത്യയിലും എത്തിച്ചിരിക്കുന്നു. അർബൻ ക്രൂസർ ഹൈറൈഡർ എന്നാണീ വാഹനത്തിന്റെ പേര്.


സുസുകിയുമായി ചേർന്നാണ് ഹൈറൈഡർ വികസിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഒരു സുസുകി വെർഷനും ഉടൻ രാജ്യത്ത് എത്താൻ സാധ്യതയുണ്ട്. രണ്ടുതരം ഹൈബ്രിഡ് സംവിധാനങ്ങൾ ഹൈറൈഡറിലുണ്ട്. ഒന്ന് മൈൽഡ് ഹൈബ്രിഡ് എന്ന ശക്തികുറഞ്ഞ വകഭേദമാണ്. എന്നാൽ തിളങ്ങി നിൽക്കുക സ്ട്രോങ് ഹൈബ്രിഡ് വിഭാഗത്തിൽപ്പെടുന്ന രണ്ടാമത്തെ വെർഷനാണ്. വാഹനത്തിന്റെ ഫോർവീൽ വേരിയന്റുകളും കമ്പനി പുറത്തിറക്കും. ഓഗസ്റ്റിൽ ഹൈറൈഡർ നിരത്തിലെത്തും. ക്രെറ്റ, സെൽറ്റോസ്, കുഷാക്ക്, ടൈഗൺ എന്നിവരായിരിക്കും പ്രധാന എതിരാളികൾ.

വിദേശത്ത് വിൽക്കുന്ന പുതിയ ടൊയോട്ട എസ്‌യുവികളെ അനുകരിക്കുന്ന രൂപഭംഗിയാണ് അർബൻ ക്രൂസർ ഹൈറൈഡറിന്. പിയാനോ ഫിനിഷിലുള്ള 'ക്രിസ്റ്റൽ അക്രിലിക്' ഗ്രില്ല്, ഫുൾ-എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട ഉയരമുള്ള എയർഡാമോടുകൂടിയ സ്‌പോർട്ടി ഫ്രണ്ട് ബമ്പറുകൾ എന്നിവ എസ്‌യുവിയുടെ സവിശേഷതയാണ്. വശങ്ങളിൽ വിങ് മിററുകൾക്ക് താഴെ ഹൈബ്രിഡ് എന്ന ബാഡ്ജിങ് ലഭിക്കും.


നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഹൈറൈഡറിന് മാരുതി സുസുക്കി പതിപ്പും ഉണ്ടാകും. അത് കുറച്ചു കഴിഞ്ഞ് വിൽപ്പനയ്‌ക്കെത്തും. രണ്ട് മോഡലുകൾക്കും എക്സ്റ്റീരിയറിലും ഇന്റീരിയറിലും പൊതുവായ സ്റ്റൈലിംഗ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിൻഭാഗത്ത്, ടൊയോട്ട ഹൈറൈഡർ എസ്‌യുവിയിൽ സ്ലിം സി ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളാണ്. ക്രോം സ്ട്രിപ്പ് മധ്യഭാഗത്ത് നിന്ന് ടെയിൽ ലാമ്പുകളിലേക്ക് പോയിരിക്കുന്നു. അതിൽ ടൊയോട്ട ലോഗോയും പിടിപ്പിച്ചിട്ടുണ്ട്.

സമീപകാലത്ത് പുറത്തിറങ്ങിയ ബലെനോ, ഗ്ലാൻസ, പുതിയ ബ്രെസ്സ തുടങ്ങിയ മോഡലുകൾക്ക് സമാനമായ ലേഔട്ടാണ് ഹൈറൈഡറിന്റെ ഡാഷ്‌ബോർഡിനുള്ളത്. ഡ്യുവൽ-ടോൺ ഇന്റീരിയർ ഡാഷിൽ പാഡഡ് ലെതർ ലഭിക്കും. കൂടാതെ ചില ക്രോം, സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ ഡോർ പാഡുകളിലും നൽകിയിട്ടുണ്ട്. ജീപ്പ് മെറിഡിയൻ പോലുള്ള എസ്‌യുവികളിൽ കാണുന്നത് പോലെ, ഏറ്റവും പുതിയ ട്രെൻഡിന് അനുസൃതമായി ഇന്റീരിയറിന് തവിട്ട്, കറുപ്പ് തീമാണ്. പൂർണ്ണ ഹൈബ്രിഡ് പതിപ്പുകൾ ടു ടോൺ ഇന്റീരിയർ സജ്ജീകരണത്തോടെയാണ് വരുന്നത്. അതേസമയം മൈൽഡ്-ഹൈബ്രിഡ് ശ്രേണിക്ക് ഓൾ-ബ്ലാക്ക് ഇന്റീരിയറുകൾ ലഭിക്കും.

ടൊയോട്ടയും മാരുതി സുസുകിയും ഒരുമിച്ച് വികസിപ്പിച്ച എസി കൺട്രോളുകൾ, എസി വെന്റുകൾ, കൂടാതെ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ഉൾവശത്തുള്ളത്. ബലെനോ, ഗ്ലാൻസ തുടങ്ങിയവയിൽ കാണുന്ന സ്റ്റിയറിങ് വീലുകളാണ്. കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഹൈറൈഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ഇനി പറയുന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവുംവലിയ സവിശേഷത. യാരിസ് ഹാച്ച്‌ബാക്ക്, യാരിസ് ക്രോസ് എസ്‌യുവി തുടങ്ങിയ അന്താരാഷ്ട്ര ഉൽപ്പന്നങ്ങളിൽ കാണപ്പെടുന്ന ടൊയോട്ടയുടെ ഇ-ഡ്രൈവ് നാലാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഹൈറൈഡറിൽ ഉപയോഗിക്കുന്നത്. ടൊയോട്ടയുടെ 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. എഞ്ചിൻ 92 എച്ച്പിയും 122 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 79 എച്ച്‌പിയും 141 എൻഎം ടോർക്കും നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി എഞ്ചിൻ ഇണക്കിയിരിക്കുന്നു. രണ്ട് സംവിധാനങ്ങളും കൂടി 115 എച്ച്പി സംയുക്തമായി ഉത്പ്പാദിപ്പിക്കും. ടൊയോട്ടയുടെ ഇ-ഡ്രൈവ് ട്രാൻസ്മിഷനാണ് ഗിയർ മാറ്റത്തിന് ഉപയോഗിക്കുക.

ടൊയോട്ട ഹൈറൈഡറിലെ ഹൈബ്രിഡ് സിസ്റ്റം 177.6V ലിഥിയം-അയൺ ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. 25 കിലോമീറ്റർ വരെ ഇലക്ട്രിക് കരുത്തിൽ മാത്രം സഞ്ചരിക്കാനും വാഹനത്തിനാകും. ടെസ്റ്റ് സാഹചര്യങ്ങളിൽ 24-25kpl വരെ ഇന്ധനക്ഷമത ലഭിച്ചുവെന്നും ഇത് 30 കിലോമീറ്റർ വരെ ഉയരുമെന്നുമാണ് ടൊയോട്ട അവകാശപ്പെടുന്നത്.

വാഹനത്തിൽ നിയോ ഡ്രൈവ് എഞ്ചിനും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ഇത് പ്രധാനമായും മാരുതി സുസുക്കിയുടെ 1.5-ലിറ്റർ K15C മൈൽഡ്-ഹൈബ്രിഡ് പവർ പ്ലാന്റ്, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉപയോഗിച്ചാണ് പ്രവർത്തിക്കുക., ഇത് പുതിയ ബ്രെസ്സ, XL6, എർട്ടിഗ തുടങ്ങിയ മാരുതി സുസുക്കി മോഡലുകളിൽ ലഭിക്കുന്ന സംവിധാനമാണ്. 103 എച്ച്പിയും 137 എൻഎം ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കും.


വാഹനത്തിന് ആകെ അഞ്ച് വേരിയന്റുകളാണ് ലഭിക്കുക. - ഇ, എസ്, ജി, വി എന്നിവയാണവ. എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലെ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും. ഡിസ്‌പ്ലേ, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, ഗൂഗിൾ, സിരി എന്നിവയ്‌ക്കൊപ്പം വോയ്‌സ് അസിസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലുകൾ, കൂൾഡ് സീറ്റുകൾ എന്നിവയാണ് അധിക ഫീച്ചറുകൾ

സുരക്ഷക്കായി ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇഎസ്പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, എല്ലാ പിൻ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവ ലഭിക്കുന്നു. AWD പതിപ്പുകൾക്ക് ഡ്രൈവ് മോഡുകളും ലഭിക്കും.

ടൊയോട്ട 3 വർഷം/1,00,000 കിലോമീറ്റർ വാറന്റി വാഹനത്തിന് വാഗ്ദാനം ചെയ്യുന്നുണ്ട്. അത് 5 വർഷം/2,20,000 കിലോമീറ്റർ വരെ നീട്ടാം. ഹൈബ്രിഡ് ബാറ്ററികൾക്ക് 8 വർഷം/1,60,000 കിലോമീറ്റർ വാറന്റിയും നൽകും. ടൊയോട്ട ഹൈറൈഡറിൽ ഏഴ് സിംഗിൾ-ടോൺ, നാല് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പെയിന്റ് ഷേഡുകളുണ്ട്. വില തൽക്കാലം പ്രഖ്യാപിച്ചിട്ടില്ല. 10 മുതൽ 18 ലക്ഷംവരെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 25000 രൂപ നൽകി വാഹനം ഓൺലൈനായും ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ToyotahybridHyryder
News Summary - Toyota Hyryder SUV breaks cover bookings open
Next Story