തിരുമ്പിവന്തിട്ടേൻ; ഇന്നോവ ക്രിസ്റ്റ ഡീസൽ പുനരവതരിപ്പിച്ച് ടൊയോട്ട
text_fieldsഇടക്കാലത്ത് വിപണിയിൽ നിന്ന് പിൻവലിച്ച ഇന്നോവ ക്രിസ്റ്റ ഡീസൽ പതിപ്പ് പുനരവതരിപ്പിച്ച് ടൊയോട്ട. രാജ്യത്ത് മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്നാണ് ക്രിസ്റ്റ ഡീസൽ പതിപ്പ് താൽക്കാലികമായി പിൻവലിച്ചത്. വാഹനത്തിന്റെ ബുക്കിങ്ങും നിർത്തിവച്ചിരുന്നു. ഇപ്പോൾ ഇതും പുനരാരംഭിച്ചിട്ടുണ്ട്. 50,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം.
പുതിയ ഹൈക്രോസിനൊപ്പമാകും ക്രിസ്റ്റയും വിൽക്കുക. ഡീസൽ എഞ്ചിൻ പതിപ്പ് മാത്രമേ വാഹനത്തിന് ഉണ്ടായിരിക്കുകയുള്ളൂ. ഓട്ടോമാറ്റിക് ഗിയർബോക്സും ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. ചെറിയ രീതിയിൽ മിനുക്കുപണികളോടെയാണ് പുതിയ ക്രിസ്റ്റ പുനരവതരിപ്പിച്ചിരിക്കുന്നത്.
മാറ്റങ്ങൾ
രണ്ടാം വരവിൽ മുഖഛായ മാറ്റിയാണ് എം.പി.വികളുടെ തമ്പുരാൻ വരുന്നത്. മുൻവശത്താണ് പരിഷ്ക്കാരങ്ങൾ കൂടുതലും. പഴയ മോഡലിനോട് സാമ്യമുള്ള ക്രോം ലൈനുള്ള ഹെഡ്‌ലാമ്പ് നിലനിർത്തിയിട്ടുണ്ട്. എന്നാൽ തിരശ്ചീന സ്ലാറ്റുകളും പുതിയ ഇൻസെർട്ടുകളും ഉള്ള പരിഷ്ക്കരിച്ച ഗ്രിൽ വാഹനത്തിന് പുതുരൂപം സമ്മാനിക്കുന്നു. നവീകരിച്ച ബമ്പറിലേക്ക് ഇറങ്ങിചെല്ലുന്ന രീതിയിലാണ് ഗ്രിൽ ക്രമീകരിച്ചിരിക്കുന്നത്.
ഫോഗ് ലാമ്പ് ഡിസൈനും മാറ്റിയിട്ടുണ്ട്. സ്പോർട്ടിയർ ഫോഗ് ലാമ്പ് ഹൗസിന് ചുറ്റും എൽ ആകൃതിയിലുള്ള ക്രോം അലങ്കാരങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. സൈഡ് പ്രൊഫൈലും അലോയ് വീൽ ഡിസൈനും അതേപടി തുടരും. ഇൻ്റീരിയർ ഡിസൈനിൽ മാറ്റങ്ങളില്ല. എന്നാൽ ഫീച്ചർ നിരയിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ടൊയോട്ട കൊണ്ടുവന്നിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്‌മാർട്ട് പ്ലേകാസ്റ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തെ ശ്രദ്ധേയമാക്കുന്നത്.
എട്ട് തരത്തിൽ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള ഓട്ടോമാറ്റിക് എ.സി, സ്മാർട്ട് എൻട്രി, സീറ്റ് ബാക്ക് ടേബിൾ, ടി.എഫ്.ടി മൾട്ടി-ഇൻഫോർമേഷൻ ഡിസ്പ്ലേ എന്നിവ പ്രത്യേകതകളാണ്. ബ്ലാക്ക്, ക്യാമൽ ടാൻ ലെതർ സീറ്റ് കളർ ഓപ്ഷൻ, വൺ-ടച്ച് ടംബിൾ രണ്ടാം നിര സീറ്റുകൾ മുതലായവയും ഇന്റീരിയറിലെ ഹൈലൈറ്റുകളാണ്.
സുരക്ഷയുടെ കാര്യത്തിലും എംപിവി ഒട്ടും പിന്നോട്ടല്ലെന്ന് ടൊയോട്ട ഉറപ്പു വരുത്തിയിട്ടുണ്ട്. ഏഴ് എയർബാഗുകൾ, മുന്നിലും പിന്നിലും റിവേഴ്സ് പാർക്കിങ് സെൻസറുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (EBD), ബ്രേക്ക് അസിസ്റ്റ് (BA), 3-പോയിന്റ് സീറ്റ്ബെൽറ്റ് എന്നിവയെല്ലാമാണ് ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിൽ ഒരുക്കിയിട്ടുള്ള സേഫ്റ്റി ഫീച്ചറുകൾ.
എഞ്ചിൻ
പുതിയ ക്രിസ്റ്റ പഴയ 2.4 ലിറ്റർ ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാവും എം.പി.വിക്കൊപ്പം ഉണ്ടാവൂ. G, GX, VX, ZX എന്നിങ്ങനെ നാല് വകഭേദങ്ങളിൽ ക്രിസ്റ്റ ലഭ്യമാകും. ZX ഒഴികെയുള്ള എല്ലാ വേരിയന്റുകളും 7,8 സീറ്റർ ലേഔട്ടുകളിൽ തെരഞ്ഞെടുക്കാം. ZX ഏഴ് സീറ്റർ ഓപ്ഷനിലാണ് വരുന്നത്.
2000-ല്‍ അവതരിപ്പിക്കപ്പെട്ട ക്വാളിസിന്റെ പകരക്കാരനായി 2005ലാണ് ടൊയോട്ട ഇന്നോവ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. തുടർന്ന് ആഭ്യന്തര വിപണിയിലെ മൾട്ടി പർപ്പസ് വാഹനങ്ങളുടെ മുഖമായി ഇന്നോവ മാറി. അടുത്തിടെ ഇന്നോവയുടെ പുതുതലമുറ മോഡലാണ് ഹൈക്രോസ് ടൊയോട്ട അവതരിപ്പിച്ചിരുന്നു. പുതിയ ഇന്നോവ എത്തുമ്പോൾ ജനപ്രിയനായ ക്രിസ്റ്റ കളം വിടുമോ എന്ന ആശങ്ക മുന്നോട്ടുവെച്ചവർക്ക് സന്തോഷ വാർത്തയാണ് ഡീസൽ എഞ്ചിനുമായുള്ള ക്രിസ്റ്റയുടെ മടങ്ങിവരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.