ഡോർ ഡെലിവറിയുമായി ടൊയോട്ട; സ്പെയർപാർട്സുകൾ ഇനിമുതൽ വീട്ടിലെത്തും
text_fieldsഉപഭോക്താക്കൾക്കായി ഡോർ ഡെലിവറി സംവിധാനമൊരുക്കി ടൊയോട്ട. യഥാർഥ യന്ത്രഭാഗങ്ങൾ കസ്റ്റമേഴ്സിന് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2015ൽ അവതരിപ്പിച്ച കമ്പനിയുടെ 'ടൊയോട്ട പാർട്സ് കണക്റ്റ്' സേവനത്തിെൻറ വിപുലീകരണമാണ് ഡോർ ഡെലിവറിയിലൂടെ ലക്ഷ്യമിടുന്നത്. ഒാർഡർ ചെയ്യുന്നവർക്ക് രണ്ടുതരത്തിൽ ഉത്പ്പന്നങ്ങൾ കൈപ്പറ്റാം. ഒന്നുകിൽ അടുത്തുള്ള ടൊയോട്ട ഷോറുംവഴിയോ അതല്ലെങ്കിൽ ഹോം ഡെലിവറി വഴിയോ ആയിരിക്കും ഇത്. തുടക്കത്തിൽ 12 നഗരങ്ങളിൽ സേവനം ലഭ്യമാകും. 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ലഭ്യത വർധിപ്പിക്കും
പുതിയ സേവനം അവതരിപ്പിക്കുന്നതിനുപുറമെ, ടൊയോട്ട തങ്ങളുടെ 'ടൊയോട്ട പാർട്സ് കണക്റ്റ്' പ്രോഗ്രാമിൽ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ശ്രേണി വർധിപ്പിച്ചിട്ടുണ്ട്. ബ്രേക്, സസ്പെൻഷൻ എന്നിവ കൂടാതെ കാർ-കെയർ അവശ്യവസ്തുക്കൾ, എഞ്ചിൻ ഓയിൽ, ടയറുകൾ, ബാറ്ററികൾ, എഞ്ചിൻ, ട്രാൻസ്മിഷൻ, എസി, സ്റ്റിയറിങ് സിസ്റ്റം ഘടകങ്ങൾ എന്നിവയും ഉൾപ്പെടുമെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ സീനിയർ വൈസ് പ്രസിഡൻറ് നവീൻ സോണി പറഞ്ഞു.
'ഉപഭോക്താക്കളുടെയും വാഹനങ്ങളുടെയും സുരക്ഷയിൽ യഥാർഥ സ്പെയർ പാർട്സുകൾ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ യഥാർഥ ഭാഗങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിരന്തരമായി ശ്രമിക്കാറുണ്ട്. യഥാർഥ സ്പെയർപാർട്ടുകൾ എത്തിക്കുന്ന കാര്യത്തിൽ ഒരുപടി മുന്നോട്ട് പോകുന്നതിന് ഈ സംരംഭം ഞങ്ങളെ സഹായിക്കും'-നവീൻ സോണി പറഞ്ഞു.
ടൊയോട്ട ഇന്ത്യയ്ക്കായി പുതിയ ലോഞ്ചുകൾ
ടൊയോട്ട ഇന്ത്യയിൽ രണ്ട് പുതിയ മോഡലുകൾ ഉടൻ അവതരിപ്പിക്കും. മിഡ്-സൈസ് സെഡാൻ, എംപിവി എന്നിവയാണവ. മിഡ്-സൈസ് സെഡാൻ മാരുതി സിയാസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടൊയോട്ട ബെൽറ്റയായി പുനർനാമകരണം ചെയ്താകും സിയാസ് നിരത്തിലെത്തുക. അതേസമയം എംപിവി ജനപ്രിയ എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പിക് അപ്പ് മോഡലായ ഹൈലക്സ് വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കാനും ടൊയോട്ട ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.