ഇന്ത്യയിൽ ലാൻഡ് ക്രൂസർ 300 ഡെലിവറി ആരംഭിച്ച് ടൊയോട്ട
text_fieldsടൊയോട്ടയുടെ ഫ്ലാഗ്ഷിപ്പ് എസ്.യു.വി ലാൻഡ് ക്രൂസറിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പുർ സ്വദേശി പാട്രിക് ജാദവ് താൻ ലാൻഡ് ക്രൂസർ ഡെലിവറി ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പേൾ വൈറ്റ് നിറത്തിലുള്ള വാഹനമാണ് ഇദ്ദേഹം സ്വന്തമാക്കിയത്. തുടർന്ന് ബുക്ക് ചെയ്തവർക്കും വാഹനങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് സൂചന.
ഏറെക്കാലമായി ഇന്ത്യാക്കാർ കാത്തിരിക്കുന്ന മോഡലാണ് ടൊയോട്ടയുടെ പുതുപുത്തൻ ലാൻഡ് ക്രൂസർ 300. 2021ൽ ആഗോള അരങ്ങേറ്റം കുറിച്ച വാഹനം ഓട്ടോ എക്സ്പോയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 2.17 കോടി രൂപ എക്സ് ഷോറൂം വിലയിലാണ് വാഹനം രാജ്യത്ത് എത്തിയത്.
പേൾ വൈറ്റ്, സൂപ്പർ വൈറ്റ്, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ലാൻഡ് ക്രൂസർ ഇന്ത്യയിൽ ലഭ്യമാവുക. ഇതിനു പുറമെ മൂന്ന് വ്യത്യസ്‌ത ഇന്റീരിയർ നിറങ്ങളും ആവശ്യാനുസരണം സ്വന്തമാക്കാനാവും.
അന്താരാഷ്ട്ര വിപണികളിൽ എൽ.സി 300 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാവുന്നത്. അതിൽ 3.5 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V6 പെട്രോളും 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിനുമാണ് ഉൾപ്പെടുന്നത്. പക്ഷെ ഇന്ത്യയിൽ വാഹനം ഒറ്റ എഞ്ചിൻ ഓപ്ഷനിലാണ് ലഭിക്കുക. 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിനാണ് ഇവിടെ വരുന്നത്. ഡീസൽ എഞ്ചിൻ 309 bhp കരുത്തും 700 Nm ടോർക്കും ഉത്പ്പാദിപ്പിക്കും. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്.
വാഹനത്തിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. എഞ്ചിന്റെ കാര്യത്തിൽ മാത്രമല്ല ഫീച്ചറുകളുടെ കാര്യത്തിലായാലും ലാൻഡ് ക്രൂയിസർ 300 എസ്.യു.വി സമ്പന്നനാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെ.ബി.എൽ സൗണ്ട് സിസ്റ്റം, എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ എന്നിവ വാഹനത്തിലുണ്ട്.
ടൊയോട്ടയുടെ TNGA-F പ്ലാറ്റ്‌ഫോമിലാണ് പുത്തൻ ലാൻഡ് ക്രൂയിസർ 300 നിർമിച്ചിരിക്കുന്നത്. ലാഡർ ഫ്രെയിം നിർമണത്തിലൂടെ എസ്.യു.വിയുടെ ഭാരം കുറയ്ക്കാനും റൈഡ് ഗുണനിലവാരം ഉയർത്താനും കമ്പനിക്കായിട്ടുണ്ട്. മുൻതലമുറ ആവർത്തനത്തെ അപേക്ഷിച്ച് ഏകദേശം 200 കിലോഗ്രാം ഭാരമാണ് LC 300 പതിപ്പിൽ കമ്പനി കുറച്ചിരിക്കുന്നത്. കൂടാതെ മെച്ചപ്പെട്ട ഭാര വിതരണവും സസ്പെൻഷൻ കഴിവുകളും ഇതിന് ഉണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. മെച്ചപ്പെട്ട വീൽ ആർട്ടിക്കുലേഷൻ മോഡലിന്റെ ഓഫ്-റോഡ് കഴിവുകളെ കൂടുതൽ മികച്ചതാക്കും.
ഇലക്ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റമാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 230 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 4X4 എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡാണ്. അണ്ടർ ബോഡി ക്യാമറയുള്ള ഈ മോഡലിന് മൾട്ടി ടെറൈൻ മോണിറ്ററിങ് സിസ്റ്റവുമുണ്ട്. എക്‌സ്‌റ്റീരിയർ സ്‌റ്റൈലിംഗ് പഴയ മോഡലിന്റേതിന് ഏതാണ്ട് സമാനമാണ്. ബോക്‌സ് രൂപവും ഭാവവും എല്ലാം ടൊയോട്ട അതേപടി നിലനിർത്തിയിട്ടുണ്ട് എന്നു വേണം പറയാൻ.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ലാൻഡ്ക്രൂസർ ബാച്ചുകളുടെ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. അടുത്ത ബാച്ച് ബുക്കിങ് ഉടൻ ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 10 ലക്ഷം രൂപ നൽകി വാഹനം ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.