മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാറിന് അപരനുമായി ടൊയോട്ട; ആരാദ്യം കളത്തിലിറങ്ങും..?
text_fieldsരാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ആദ്യമായി പുറത്തിറക്കാൻ പോകുന്ന ഇലക്ട്രിക് കാറിന് അപരനെ കളത്തിലിറക്കി ജപ്പാനീസ് ഓട്ടോ ഭീമൻമാരായ ടൊയോട്ട.
2025ൽ അവതരിപ്പിക്കാൻ പോകുന്ന ഇ വിറ്റാരയെ അടിസ്ഥാമാക്കി ടൊയോട്ടയുടെ അർബൻ ക്രൂയിസർ ഇവിയാണ് അണിയറിയിൽ ഒരുങ്ങുന്നത്. 2025ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ മാരുതി സുസുക്കിയും ടൊയോട്ടയും തങ്ങളുടെ ഇലക്ട്രിക് എസ്‌യുവികൾ പ്രദർശിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ അർബൻ ക്രൂയിസർ ഇവി യൂറോപ്യൻ വിപണിയിലാണ് അവതരിപ്പിച്ചത്.
ഇ വിറ്റാരയെ പോലുള്ള ബാറ്ററി പാക്കും ഡ്രൈവ്ട്രെയിനുമായിരിക്കും അർബൻ ക്രൂയിസറിലുമുണ്ടാകുക. ഒരേ പ്ലാറ്റ് ഫോമിനെ അടിസ്ഥാനമായി പിറവിയെടുക്കുന്നതാണെങ്കിലും അർബൻ ക്രൂയിസറിനേക്കാൾ അൽപം വലിപ്പ കുറവുണ്ട് ഇ വിറ്റാരക്ക്. രണ്ടു കമ്പനികളും അവരുടെ തനതായ സ്റ്റൈലിങ് നിലനിർത്തിക്കൊണ്ടു തന്നെയാണ് പുറത്തിറക്കുന്നതെങ്കിലും വലിയ സമാനത തന്നെയാണുള്ളത്.
ടൊയോട്ടയുടെ ഹാമർഹെഡ് ഫ്രണ്ട് ഫെയ്സ്, ഗ്ലോസിയായ എൽ.ഇ.ഡി ഹെഡ് ലൈറ്റുകളും ഡി.ആർ.എൽ യൂനിറ്റുകളും, മസ്കുലർ ബംപറുള്ള അടച്ച ഗ്രില്ലുമായാണ് അർബൻ ക്രൂയിസർ ഇവി എത്തുന്നത്. ഗ്രില്ലിനും ബംപറിനും ചുറ്റും കൂടുതൽ പേശികളുള്ള ബോൾഡ് ഫ്രണ്ട് ഫെയ്സുമായി തന്നെയാണ് ഇ വിറ്റാരയും വരുന്നത്.
എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളുടെയും ഡി.ആർ.എല്ലുകളുടെയും നിർമാണം അർബൻ ക്രൂയിസർ ഇവിയിൽ നിന്ന് വ്യത്യസ്തമാണ്. വലിയ വീൽ ആർച്ചുകൾക്ക് കീഴിൽ സ്ഥാപിച്ചിട്ടുള്ള 18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളാണ് രണ്ട് ഇവികളും വാഗ്ദാനം ചെയ്യുന്നത്. രണ്ടിനും പിൻവശത്തെ ഡോർ ഹാൻഡിലുകളാണ് സി പില്ലറുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഇവിക്കും ഇൻറീരിയറും ഡാഷ്‌ബോർഡ് ലേഔട്ടും സമാനമാണ്.
ഇതുവരെ പ്രദർശിപ്പിച്ച ഈ വിറ്റാരയ്ക്ക് കറുപ്പും ചാരനിറത്തിലുള്ള ഇൻറീരിയർ തീം ലഭിക്കുമ്പോൾ, അർബൻ ക്രൂയിസറിന് ഡ്യുവൽ-ടോൺ അപ്‌ഹോൾസ്റ്ററി ലഭിക്കുന്നു. രണ്ട്-ടോൺ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സ്‌ക്രീൻ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എ.സി വെന്റ്, സെൻറർ കൺസോൾ ലെഔട്ട് എന്നിവ രണ്ട് ഇവിയിലും സമാനമാണ്.
സുരക്ഷയുടെ കാര്യത്തിൽ, അർബൻ ക്രൂയിസർ ഇവിയും ഇ വിറ്റാരയും ADAS, 360 ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ഇലക്‌ട്രിക് എസ്.യു.വികളും ബാറ്ററിയിൽ രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 49 kWh, 61 kWh ബാറ്ററികളാണ്. ഇവികളുടെ ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് വേരിയൻറുകളും ഉണ്ടായിരിക്കും. ഒറ്റ ചാർജിൽ വിറ്റാരയുടെ റേഞ്ച് ഏകദേശം 500 കിലോമീറ്ററായിരിക്കുമെന്ന് മാരുതി അവകാശപ്പെടുന്നുണ്ട്. എന്നാൽ, അർബൻ ക്രൂയിസർ ഇവയുടെ വിശദാംശങ്ങൾ ടൊയോട്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മാരുതി സുസുക്കിക്കും ടൊയോട്ട മോട്ടോർസിനും ഇതിനകം പോർട്ട്ഫോളിയോയിൽ നിന്ന് പരസ്പരം റീ ബ്രാൻഡ് ചെയ്ത നിരവധി മോഡലുകളുണ്ട്. മാരുതിയുടെ ബലേനൊ, ഫോങ്ക്സ്,എർട്ടിഗ എന്നീ മോഡലുകൾ ഗ്ലാൻസ, അർബൻ ക്രൂയിസർ ടൈസർ, റൂമിയോൺ എന്നിവയായി ടൊയോട്ട രൂപാന്തരപ്പെടുത്തിയപ്പോൾ ഇന്നോവയുടെ ഹൈക്രോസ് മാരുതി ഇൻവിറ്റോയാക്കി റീബ്രാൻഡ് ചെയ്തിരുന്നു. ഇരുവരും സംയുക്തമായി അർബൻ ക്രൂയിസർ ഹൈറൈഡർ, ഗ്രാൻഡ് വിറ്റാര എസ്.യു.വികൾ വികസിപ്പിച്ചെടുത്തു. രണ്ടു കാർ നിർമാതാക്കളും ആഗോള വിപണിയിൽ പങ്കിടുന്ന ആദ്യത്തെ ഇലക്ട്രിക് കാറാണ് ഇ വിറ്റാരയും അർബൻ ക്രൂയിസർ ഇവിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.