യാരിസ് സെഡാൻ ഇന്ത്യയിൽ ഇനി വിൽക്കുന്നില്ലെന്ന് ടൊയോട്ട; കാരണം ഇതാണ്
text_fieldsഒട്ടും ജനപ്രിയമല്ലാത്ത യാരിസ് സെഡാനെ ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിച്ച് ടൊയോട്ട. അത്രയൊന്നും അപ്രതീക്ഷിതമല്ലാത്ത നീക്കത്തിലൂടെയാണ് ടൊയോട്ട തങ്ങൾക്ക് ബാധ്യതയായി മാറിയ മോഡലിനെ വാഹനനിരയിൽ നിന്ന് ഒഴിവാക്കുന്നത്. വിപണിയിൽ അവതരിപ്പിച്ച് വെറും മൂന്ന് വർഷത്തിനുള്ളിലാണ് യാരിസ്, ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് വണ്ടികയറിയത്. യാരിസിെൻറ മടക്കം സംബന്ധിച്ച് നേരത്തേതന്നെ വാഹനലോകത്ത് മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. ഇതോടെ ടൊയോട്ടയുടെ മിഡ്സൈസ് സെഡാൻ വിഭാഗം അനാഥമാകും. അതുമാത്രമല്ല 10 ലക്ഷത്തിൽ താഴെ വിലയിൽ ടൊയോട്ടയുടെ തനത് വാഹനങ്ങളൊന്നും ഇന്ത്യയിൽ ലഭ്യമാകില്ല എന്നതും എടുത്തുപറയേണ്ടതാണ്. സുസുകി നിർമിച്ച് ടൊയോട്ട ഉടുപ്പിട്ടുവരുന്ന അർബൻ ക്രൂസറും ഗ്ലാൻസയും ആയിരിക്കും ടൊയോട്ടയുടെ ഇന്ത്യയിലെ ചെറുകാറുകൾ. ഇവർക്ക് കൂട്ടായും യാരിസിന് പകരമായും സുസുകി സിയാസിെൻറ ടൊയോട്ട വെർഷൻ ഉടൻ വിപണിയിലെത്തുകയും ചെയ്യും.
2018 ലാണ് ടൊയോട്ട, യാരിസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മുന്നുവർഷംകൊണ്ട് 19,784 യൂനിറ്റ് മാത്രമാണ് വിറ്റുപോയത്. ചില വേരിയൻറുകളിൽ ഏഴ് എയർബാഗുകൾ ഉൾക്കൊള്ളുന്ന, നീണ്ട ഫീച്ചർ ലിസ്റ്റും സുരക്ഷാ കിറ്റും ഉള്ള മികച്ച വാഹനമായിരുന്നു യാരിസ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിട്ടുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമാണ് യാരിസിൽ ടൊയോട്ട വാഗ്ദാനം ചെയ്തത്. ഡീസൽ എഞ്ചിൻ ഇല്ല എന്നതിൽ തുടങ്ങുന്നു യാരിസിെൻറ പരാജയ കാരണം. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർന, മാരുതി സുസുകി സിയാസ് തുടങ്ങിയ ഘടാഘടിയന്മാരായ എതിരാളികൾ ഉൾപ്പെടുന്ന വിഭാഗത്തിൽ തുടക്കംമുതൽ തന്നെ കിതച്ചു യാരിസ്. മൂല്യവർധിത ഉത്പന്നമല്ല എന്നതാണ് യാരിസിൽ ഉപഭോക്താക്കൾ കണ്ടെത്തിയ പ്രശ്നം.
10 ലക്ഷം രൂപവരെ വിലവരുന്ന വാഹന ഉപവിഭാഗത്തിൽ സുസുകിയിൽ നിന്നുവാങ്ങുന്ന മോഡലുകൾ മതിയെന്ന ടൊയോട്ടയുടെ പദ്ധതിയും യാരിസിെൻറ മടക്കം വേഗത്തിലാക്കി. യാരിസിെൻറ സ്പെയർ പാർട്ട് ലഭ്യത കുറഞ്ഞത് 10 വർഷമെങ്കിലും ഉറപ്പാക്കുമെന്നും നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും സർവ്വീസ് ലഭ്യമാക്കുമെന്നും ടൊയോട്ട ഉറപ്പ് നൽകിയിട്ടുണ്ട്. ടൊയോട്ടയുടെ ഇന്ത്യ ലൈനപ്പ് അനുസരിച്ച്, കമ്പനി അടുത്ത മാസം ആദ്യം അപ്ഡേറ്റ് ചെയ്ത ഫോർച്യൂണർ വേരിയൻറുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫോർച്യൂണർ ലെജൻഡറിെൻറ ഫോർവീൽ വേരിയൻറും ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.