ടൊയോട്ട വാഹനം വാങ്ങാൻ ഇനി ഡീലർഷിപ്പിൽ പോകണ്ട; വീൽസ് ഓൺ വെബ്ബുമായി ജാപ്പനീസ് വാഹന ഭീമൻ
text_fieldsകാലത്തിനൊപ്പം ചുവടുമാറ്റി ജാപ്പനീസ് വാഹന നിർമാതാവ് ടൊയോട്ട.‘വീല്‍സ് ഓണ്‍ വെബ്’ (WOW) എന്ന പേരില്‍ ഒരു പുതിയ ഓണ്‍ലൈന്‍ റീട്ടെയില്‍ സെയില്‍സ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ടൊയോട്ട മോഡലുകള്‍ വീട്ടിലിരുന്ന് ബുക്ക് ചെയ്യാനും വാങ്ങാനും ഡെലിവറി ചെയ്യാനും വീല്‍സ് ഓണ്‍ വെബിലൂടെ കഴിയുമെന്ന് ടൊയോട്ട അറിയിച്ചു.
ആദ്യഘട്ടത്തില്‍ കര്‍ണാടകയിലെ ബെംഗളൂരുവിലെ ഉപഭോക്താക്കള്‍ക്കായിരിക്കും ടൊയോട്ട വൗ സേവനം ലഭിക്കുക. തത്സമയ ബുക്കിങ് സ്റ്റാറ്റസ് ലഭ്യമായതിനാല്‍ വൗ സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് നല്‍കും. വാഹനം വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് കാറിന്റെ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍, കളര്‍ ഓപ്ഷനുകള്‍, വേരിയന്റുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ കണ്ടറിയാന്‍ സാധിക്കും. ഒപ്പം തന്നെ ആക്‌സസറികള്‍, സര്‍വീസ് പാക്കേജുകള്‍, വിപുലീകൃത വാറണ്ടി എന്നിവ പോലുള്ള മൂല്യവര്‍ധിത സേവനങ്ങളും തിരഞ്ഞെടുക്കാം.
ഓണ്‍ലൈനായും ഓഫ്‌ലൈനായും മൂല്യനിര്‍ണയം നടത്തി നിലവിലുള്ള കാറുകള്‍ വില്‍ക്കാനുള്ള ഓപ്ഷനുമുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒന്നിലധികം ഫിനാന്‍സ് ഓപ്ഷനുകളും ലഭ്യമാണ്. പേയ്മെന്റ് ഗേറ്റ്വേ വഴി വാഹനം വാങ്ങിയാല്‍ ഇടപാടുകള്‍ സുരക്ഷിതമായി നടത്താമെന്ന മെച്ചമുണ്ട്. ബുക്കിംഗ് തുക, ഫുള്‍ പേയ്മെന്റ്, ഡൗണ്‍ പേയ്മെന്റുകള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി നടത്താം.
ബുക്കിങ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് വഴിയും ഇ-മെയില്‍ വഴിയും ടൊയോട്ടയുമായി ബന്ധപ്പെടാം. വ്യക്തിഗത ലോഗ്-ഇന്‍/അക്കൗണ്ട് ആക്‌സസ് വഴി ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിക്കാം. സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ സുഗമമാക്കുന്നതിനും സൗകര്യപ്രദമായി കാര്‍ വാങ്ങുന്നതിനായുള്ള പ്രക്രിയ പ്രാപ്തമാക്കുന്നതിനും മൂല്യവര്‍ധിത സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.